കനവ് കേൾക്കുമ്പോൾ നൊസ്റ്റാൾജിക്കായ ഓർമ്മകൾ ഉണരുന്ന പേര്. അത്തരം ഓർമ്മകളെ ഒന്ന് തൊട്ടുണർത്താനും അതിലൂടെ പുതുതലമുറയ്ക്ക് ഒരു സന്ദേശം പകരുകയെന്നുള്ളതുമാണ് ഈ വീടിൻറെ ലക്ഷ്യം.
ന്യൂജെൻ കാലത്തിന് മുൻപ്
ഇന്നത്തെ 40 കളിലും 50 കളിലും ജീവിതം നയിക്കുന്നവർ ഇവിടെ ജീവിച്ച ഒരു ജീവിതം ഉണ്ട്. അവരുടെ ഒരു കുട്ടിക്കാലമുണ്ട്. സാങ്കേതിവിദ്യകളുടെ കുതിച്ചുചാട്ടത്തിന് മുൻപ്. മൊബൈൽ വരുന്നതിനു മുൻപ്. ഷോപ്പിങ് മാളുകൾ മൾട്ടിപ്ലക്സ് , മെട്രോ, ജനറേഷൻ ഗ്യാപ്പ് തുടങ്ങിയ ന്യൂജൻ വാക്കുകൾ ഒക്കെ വരുന്നതിനു മുൻപ്.
മുറ്റത്തും പറമ്പിലും ഓടിക്കളിച്ചു മരത്തിൽ കയറി പുഴയിൽ ചാടി കളിച്ചും കുളിച്ചും തിമിർത്തു ബാല്യവും സൈക്കിൾ ചവിട്ടിയ കൗമാരവും. ഇല്ലായ്മകൾക്കും വല്ലായ്മകൾക്കും ഇടയിൽ തെങ്ങിൻറെ മടല് വെട്ടി ബാറ്റ് ഉണ്ടാക്കി കൊയ്തൊഴിഞ്ഞ പാടത്തും പറമ്പിലും ക്രിക്കറ്റ് കളിച്ച് ജയിച്ച ഒരു കാലം.ഇത്തരം ഒരുപിടി നൊസ്റ്റാൾജിക്കായ ഓർമ്മകൾ ചേർത്തുപിടിക്കുന്ന ഇടം കൂടിയാകുന്നു കനവ്.
കാരണം കനവിൻറെ ഉടമയും ഇന്റീരിയർ ഡിസൈനറുമായ ഷിന്റോ വർഗീസ് കാവുങ്കൽ കനവിലൂടെ പകർന്നു തരുന്നത്പഴമയെ ചേർത്ത് പിടിച്ചുകൊണ്ട് നമ്മുടെ ലോക്കൽ ആയ അവസ്ഥയിൽ നിന്നുകൊണ്ട് എങ്ങനെ ആഗോളതലത്തിൽ ഇടം പിടിക്കാം അതുവഴി നമ്മുടെ നാടിനെ എങ്ങനെ പുരോഗതിയിലേക്ക് എന്നുകൂടിയാണ്.
തറവാട് ഹോംസ്റ്റേ ആയപ്പോൾ
പഴയ വീടുകൾ പൊളിച്ചു കളയുന്നതാണ്ഇന്നത്തെ ട്രെൻഡ്. അതുമല്ലെങ്കിൽ രൂപം മാറ്റുകയോ പുതുക്കി പണിയുകയോ ചെയ്യുക. ഇവിടെ ഡിസൈനർ ആയ ഷിന്റൊ തൻറെ ബാല്യത്തിൻറെ ഓർമ്മകൾ പേറുന്ന തറവാടിനെ തിരികെ പിടിച്ച് ഒരു ഹോംസ്റ്റേ ആക്കി സംരക്ഷിച്ചു നിലനിർത്തിയിരിക്കുന്നു. കനവ് ഇന്ന് ഒരു പ്രീമിയം ഹോം സ്റ്റേ ആണ്.
ഒരുകാലത്തെ ഗൃഹവാസ്തുകലയുടെ നേർക്കാഴ്ചയാണ്കൂടിയാണ്. ഒരു ഹോംസ്റ്റേ എന്നതിതിലുപരി പുതുതലമുറയ്ക്ക് ജനറേഷൻ ഗ്യാപ്പിനപ്പുറമുള്ള ഒരു സന്ദേശം കൂടി നൽകുന്നു.
“തറവാടുകൾ സംരക്ഷിക്കപ്പെടേണ്ടവയാണ്. അതിനെ തിരികെ പിടിക്കുക,സംരക്ഷിക്കുക, പുതുക്കിപ്പണിയുക.ഹോംസ്റ്റേ ആക്കുമ്പോൾ അതിൽനിന്നും കിട്ടുന്ന പണമല്ല മറിച്ച് അതിൻറെ പിന്നിലെ സന്ദേശമാണ് വലുത് എന്നുകൂടിയാണ് ഇതിൽ നിന്നും ബോധ്യമാകുന്നത്”.
കനവിന് അധികം ഏരിയകൾ ഒന്നുമില്ല. ഒരു ചെറിയ വീടാണ്. അതിനെ കാലത്തിനൊത്ത വിധം സൗകര്യങ്ങൾ ചേർത്ത് ഒന്ന് പുതുക്കി എടുത്തു. ഹോം സ്റ്റേ ആക്കി മാറ്റുക എന്നതിലൂടെ സ്വന്തം നാട്ടിലെ ഒരു വിഭാഗത്തിന് തൊഴിൽ നൽകുന്ന ഇടം കൂടിയാണിന്ന് കനവ്.
കനവിൻറെ ഏതാനും കിലോമീറ്ററുകൾ ഉള്ളിൽ വില്ലേജ് ടൂറിസത്തെ അടുത്തറിയാനും കേൾക്കാനും കഴിയുന്ന ധാരാളം സ്ഥലങ്ങൾ ഉണ്ട്. എയർപോർട്ട് ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും തദ്ദേശീയമായ നാടൻ ഭക്ഷണ ശാലകളും ഉണ്ട്. കനവിലിരുന്ന് വെറുതെ കിനാവുകാണാം,പുസ്തകം വായിക്കാം ,വെറുതെ മുറ്റത്തൊക്കെ ഇറങ്ങി നടക്കാം.
കനവിലിരുന്ന് വെറുതെ കിനാവുകാണാം,പുസ്തകം വായിക്കാം ,വെറുതെ മുറ്റത്തൊക്കെ ഇറങ്ങി നടക്കാം.
തൃശ്ശൂരിലെ ‘ഹൃദയം’ എന്ന ഈ ‘ഇക്കോഫ്രണ്ട്‌ലി’ വീട്സബിതയുടെയും ശ്രീറാമിന്റെയും ചിന്തകളുടെയും ആഗ്രഹത്തിന്റെയും പൂർത്തീകരണമാണ്.കേരളത്തിന് പുറത്തുള്ള നിരവധി വർഷത്തെ ജീവിതത്തിന് വിരാമമിട്ട് ഇവർ വയ്ക്കാൻ തിരഞ്ഞെടുത്തത് സബിതയുടെ നാടായ തൃശ്ശൂര് തന്നെയാണ്. സുഖകരമായ ജീവിതാവസ്ഥ കൊണ്ട് വീട്ടുകാരുടെ മാത്രമല്ല കാണുന്നവരുടെയും കണ്ണിനെയും മനസിനെയും കുളിർപ്പിക്കുന്ന ‘ഹൃദയം’ എന്നു പേരിട്ടിരിക്കുന്ന ഈ’ഇക്കോഫ്രണ്ട്‌ലി’ വീട്ടിലേക്ക് സ്നേഹപൂർവ്വം നമുക്കും ഒന്ന് കടന്നു ചെല്ലാം.
ചൂട് ഏറുകയാണ് മരങ്ങൾ പോലും ഉണങ്ങി തുടങ്ങിയിരിക്കുന്നു. അപ്പോൾ വീടിനുള്ളിലെയും മറ്റു കെട്ടിടങ്ങൾക്ക് ഉള്ളിലെയും അവസ്ഥ എന്തായിരിക്കും . ചൂടുകൂടുന്നതിനനുസരിച്ച് എസിയുടെ എണ്ണം കൂട്ടാതെ സ്വാഭാവികമായും ചൂടു കുറയ്ക്കുന്ന നിർമ്മാണ രീതികളും മെറ്റീരിയലുകളും നമുക്ക് ചുറ്റിനും ഉണ്ട്. അതിലേക്ക് കൂടി ശ്രദ്ധ തിരിയേണ്ട സമയമാണ്. ‘ഹൃദയം’ അത്തരത്തിലൊരു വീടാണ്. സുസ്‌ഥിര വാസ്തുകലയെ പ്രോത്സാഹിപ്പിക്കുന്ന ഇക്കോഫ്രണ്ട്‌ലി അഥവാ പരിസ്ഥിതി സൗഹൃദ വീട് .
കാലാവസ്ഥയ്ക്ക് അനുസരിച്ച് വീട് മാറാൻ പറ്റില്ലല്ലോ അപ്പൊ പിന്നെ കാലാവസ്ഥയ്ക്ക് അനുസരിച്ച് വീട് പണിയാം . ഏതു കാലാവസ്ഥയിലും സുഖകരമായി ജീവിക്കാൻ കഴിയുന്ന തരത്തിലുള്ള നിർമ്മാണ രീതികളും മാർഗങ്ങളും ഇന്നുണ്ട്.കെട്ടിടനിർമ്മാണത്തിലെ സുസ്ഥിരവാസ്തുകലയെ ചേർത്തുപിടിക്കേണ്ട സമയമായിരിക്കുന്നു.
ചുമരിന് കോബ് രീതി
മണ്ണ് കുഴച്ചു ഉരുളകളാക്കി കോബ് രീതിയനുസരിച്ചു പണിതിരിക്കുന്ന ചുമരിന് മണ്ണിൻറെ തന്നെ പ്ലാസ്റ്ററിങ് നൽകിയിരിക്കുന്നു. തറയിൽ മുഖം നോക്കാൻ പാകത്തിനുള്ള ഗ്ലോസി ഫിനിഷ്ഡ് ടൈലുകൾ ഒഴിവാക്കി; പകരം പല നിറങ്ങളിൽ ഓക്സൈഡ് വിരിച്ചിരിക്കുന്നു.ഉള്ളിലെ ചൂട് വായുവിനെ പുറംതള്ളാൻ മുകൾഭാഗം തുറന്ന നടുമുറ്റവുമുണ്ട്.
കൂടാതെ മണ്ണിന്റെ ചുമരുകൾ ഉള്ളിലെ താപനില നിയന്ത്രിക്കുന്നതിൽ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകളെല്ലാം തന്നെ സുസ്ഥിര വാസ്തുകലയെ മുൻനിറുത്തിയുള്ളതാകയാൽ ഇവയെല്ലാം ചേർന്ന് വീട്ടകത്തെ തണുപ്പിക്കുന്നു.
ഓക്‌സൈഡ് ഫ്ളോറിങ്
മണ്ണിൻറെ മാത്രമല്ല വിവിധ നിറങ്ങളിലുള്ള ഓക്സൈഡിൻറെ നിറവിന്യാസങ്ങളാണ് ഇന്റീരിയർ ആകർഷകമാക്കുന്നത്. മാത്രമല്ല ടെറാകോട്ടയിൽ തീർത്ത വെന്റിലേഷൻ. പൂമുഖത്തെ സീറ്റിങ് സംവിധാനം, തൂണുകൾ. ചിത്ര ശലഭത്തിൻറെയും ചിരാതിന്റെയും ഡിസൈനുകളിൽ ചുമരിൽ ചെയ്തിരിക്കുന്ന അലങ്കാരങ്ങൾ. ഇവയെല്ലാം ഒന്നിനൊന്ന് മികച്ചത് മാത്രമല്ല ഹൃദയമെന്ന വീടിൻറെ പൾസറിഞ്ഞു ചെയ്തവ തന്നെ.
“ഞങ്ങൾക്ക് സ്വസ്ഥമായിരിക്കാൻ ഞങ്ങളുടേതായ ഒരു സ്ഥലവും വീടും വേണമായിരുന്നു.ജോലിത്തിരക്ക് ഒരുപാട് യാത്രകൾ എല്ലാം ഒന്ന് ഒതുക്കി ഞങ്ങൾ ഞങ്ങളുടെ ഇഷ്ടത്തിന് ഒരു വീട് വച്ചു .
ഞങ്ങളുടെ വീട് ഞങ്ങളുടെ പട്ടികുട്ടികൾക്ക് കൂടിയുള്ളതാണ്. മനസിൽ വിചാരിച്ചപ്പോലെ ഈ വീട് യാഥാർഥ്യമാക്കി തന്നത് വാസ്‌തുകം ആണ് .കുറെയധികം അന്വേഷണം നടത്തിയാണ്ഞങ്ങൾ എഞ്ചിനീയർ ശ്രിനിവാസനേ കണ്ടെത്തുന്നത്.ഞങ്ങളുടെ തിരഞ്ഞെടുപ്പ് വെറുതെയായില്ല “സബിതയും ശ്രീറാമും പറഞ്ഞു.
എല്ലാ വീടുകളിലെയും പോലെ ലിവിങ്, ഡൈനിങ്, കിച്ചൻ, ബെഡ്റൂമുകൾ എന്നിവയ്ക്ക് പുറമേ വീട്ടുകാരുടെ പ്രിയപ്പെട്ട നായ്ക്കൾക്ക് കൂടി ഒരിടമുണ്ട് ഈ വീട്ടിൽ. മണ്ണ് മാത്രമല്ല ചെങ്കല്ലും ബ്രിക്കും കോൺക്രീറ്റും കല്ലും പഴയ ഓടുമൊക്കെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ള ഈ വീടിൻറെ ഡിസൈനിന് പിന്നിൽ തൃശ്ശൂർ വാസ്തു ഓർഗാനിക് ആർക്കിടെക്ചർ ആണ്.
ബ്രിക്കും പഴയ ഓടുകളും കൊണ്ട് തീർത്തിരിക്കുന്ന ചുറ്റുമതിൽ നമ്മുടെ ഹൃദയത്തെയും ആകർഷിക്കും. ഒപ്പം കുളിർമയും സ്വാഭാവികമായ അലങ്കാരങ്ങളും.ഹൃദയം എന്ന നെയിം ബോർഡ് കാണുന്നവരുടെ ഹൃദയത്തെയും സ്പർശിക്കും. കാലാവസ്ഥയ്ക്ക് അനുയോജ്യമായ റൂഫിംഗ് രീതിയും.വീടിൻറെ കാഴ്ച മറയാത്ത വിധം ഒരുക്കിയിട്ടുള്ള കാർപോർച്ചും . ‘ഹൃദയത്തെ’ ആ വീട്ടുകാർക്ക് മാത്രമല്ല ; കാണുന്നവരുടെ ഹൃദയത്തിലും ഇടംപിടിക്കുന്നതാക്കിയിരിക്കുന്നു.
ചെറുതുരുത്തി:അന്തർദേശീയ പുഴ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ഭാരതപ്പുഴയുടെ തീരം വൃത്തിയാക്കി മാനവ ഭിത്തി നിർമിച്ചു.പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജ് ദ്രവ്യഗുണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽകോളേജ് വിദ്യാർത്ഥികളും, നേച്ചർ ക്ലബ് അംഗങ്ങളും ശുചീകരണ പ്രവർത്തനം നടത്തി.
കോളേജ് ഡയറക്ടർ സന്ധ്യാ മന്നത്ത് പ്രിൻസിപ്പൽ ഡോ.ജിജി മാത്യു എന്നിവർ നേതൃത്വം നൽകി. വൈസ് പ്രിൻസിപ്പൽ ഡോ എം. അർജുൻ, ദ്രവ്യഗുണ വിഭാഗം മേധാവി ഡോ.ജി. പ്രജ്ഞ, ഡോ. പി.കെ. ജിതോയ്
ഡോ. എ. എഫ്. വർഗീസ്, കോളേജ് യൂണിയൻ ചെയർപേഴ്സൺ അർച്ചന എസ് പിള്ള, ഗൗരിലക്ഷ്മി, അപർണ ഗോപാൽ എന്നിവരും ഈ പ്രവർത്തനത്തിൽ പങ്കാളികളാവുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു.
പുരാതനമായൊരു പെയിന്റിംഗ് ആണ്ക്ഷേത്രത്തിൻറെ ചുമരിലുള്ളത്. തികച്ചും പ്രകൃതി ദത്ത വർണങ്ങൾ ഉപയോഗിച്ച് ചെയ്തിരിക്കുന്ന ഈ പെയിന്റിങ് കാലത്തേ അതിജീവിച്ചു നിൽക്കുന്നു.
ഇരവിപേരൂർ: മണിമല നദീതട പൈതൃകപദ്ധതിയുടെ ഭാഗമായി കല്ലൂപ്പാറ -ഇരവിപേരൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടന്നുവരുന്ന പൈതൃകസംരക്ഷണ പരിപാടികളുടെയും പരിസ്ഥിതിയുടെയും ഫോട്ടോ ദൃശ്യങ്ങളും പാരമ്പര്യവാസ്തുനിർമ്മിതികളുടെ ചിത്രീകരണവും ഉൾപ്പെടുത്തി ‘സഭ -2025’ എന്നപേരിൽ ശങ്കരമംഗലം തറവാട്ടിൽ സംഘടിപ്പിക്കുന്ന പ്രദർശനത്തിന് ഫെബ്രുവരി 28 വെള്ളിയാഴ്ച തുടക്കം കുറിച്ചു. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിനോടൊപ്പം പ്രകൃതിപഠനം, പൈതൃകനടത്തം, പക്ഷിനിരീക്ഷണം , അക്കാദമിക്-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ പ്രഭാഷണങ്ങൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
ധരണി പരിസ്ഥിതി – പൈതൃക സംരക്ഷണ ട്രസ്റ്റ് പരിപാടികൾക്ക് നേതൃത്വം നൽകും. കേരള പ്രാദേശികചരിത്ര പഠനസമിതി, കല്ലൂപ്പാറ അഗ്രികൾചറൽ പ്രൊഡ്യൂസേഴ്സ് ആൻഡ് പ്രൊമോട്ടേഴ്സ് അസോസിയേഷൻ എന്നിവയുടെ പങ്കാളിത്തവുമുണ്ട്.320 വർഷത്തോളം പഴക്കമുള്ള തടിയിൽ തീർത്ത ഇരവിപേരൂരിലെ ശങ്കരമംഗലം തറവാടിൻ്റെയും ചുറ്റുപാടുകളുടെയും പൈതൃകവിശേഷങ്ങളാണ് പ്രദർശനത്തിൻ്റെ പ്രമേയം. ഫെബ്രുവരി 28 രാവിലെ 06:30ന് ‘യാത്ര’ ഇരവിപേരൂർ – കല്ലൂപ്പാറ പ്രദേശങ്ങളുടെ ഫോട്ടോകൾ , വീഡിയോകൾ, സ്കെച്ചുകൾ എന്നിവ അവതരിപ്പിക്കുന്ന പരിപാടി.
രാവിലെ10 ന് ‘ജീവിതങ്ങൾ’. വാമൊഴിവഴക്കങ്ങളിലൂടെയുള്ള പ്രദേശത്തിൻ്റെ ഭൂതകാലത്തെ അനാവരണം ചെയ്യുന്ന ഒരു സംവാദം. ഉച്ചകഴിഞ്ഞ് 3 ന് ‘നാട്ടരങ്ങ്’ പ്രദേശത്തിൻ്റെ സാംസ്കാരികത്തനിമയെ തേടിയുള്ള ദൃശ്യ-ശ്രവ്യാന്വേഷണങ്ങൾ, ഡോക്യുമെൻ്ററി, സാംസ്കാരിക അവതരണങ്ങൾ എന്നിവ മാർച്ച് ഒന്നിന് രാവിലെ 06:30ന് ‘പ്രകൃതിനടത്തം’ പ്രദേശത്തിൻ്റെ പാരിസ്ഥിതികമായ പൈതൃകം പര്യവേക്ഷണം ചെയ്യുന്ന യാത്ര. പക്ഷിനിരീക്ഷണത്തിന് കോട്ടയം ടി. ടി. ഐ റിട്ട. പ്രിൻസിപ്പൽ ടോണി ആൻ്റണി നേതൃത്വം നൽകും. രാവിലെ 11 മുതൽ പ്രമുഖ വാസ്തുശില്പി സന്തോഷ് കുമാർ ആചാരി തച്ചുശാസ്ത്രത്തിൻ്റെ പൈതൃകം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
വൈകുന്നേരം 3 മുതൽ ‘പരമ്പരാഗതകൃഷി സമ്പ്രദായങ്ങൾ’ എന്ന വിഷയത്തിൽ പത്രപ്രവർത്തകനും കൃഷിപ്രചാരകനുമായ ലെജു ഏബ്രഹാം തദ്ദേശീയ കാർഷികപാരമ്പര്യത്തെ കുറിച്ചും അതുമായി താദാത്മ്യപ്പെടുന്ന ഭക്ഷണസംസ്കാരത്തെ കുറിച്ചുമുള്ള നാട്ടറിവുകൾ പങ്കുവയ്ക്കും. വൈകുന്നേരം 5 ന് ‘യാത്ര’ -നാടിൻ്റെ സാംസ്കാരികപൈതൃകം തേടി ഒരു നടത്തം. മാർച്ച് രണ്ടിന് രാവിലെ 6.30 ‘യാത്ര’ നാടിൻ്റെ സാംസ്കാരികപൈതൃകം തേടി വീണ്ടുമൊരു നടത്തം. രാവിലെ 8 മുതൽ ‘പടയണിക്ക് ഒരു ആമുഖം’കല്ലൂപ്പാറ ദേവീക്ഷേത്രത്തിൽ വച്ച് പടയണി കലാകാരന്മാരുമായും ഗുരുനാഥന്മാരുമായും സാംസ്കാരികസംവാദം. രാപ്പിലെ11 ന് പള്ളിക്കോണം രാജീവ് മണിമലയാറിൻ്റെ നദീതടചരിത്രവും മണിമല നദീതടപൈതൃകപദ്ധതിയെ കുറിച്ചും സംസാരിക്കുന്നു. ഉച്ചകഴിഞ്ഞ് 2:30 ന് ‘നാട്ടുചരിത്രത്തിലൂടെ’ തിരുവല്ലാ മാർത്തോമ കോളജ് മുൻ പ്രിൻസിപ്പലും ഐ സി. എച്ച്.ആർ മുൻ സീനിയർ അക്കാദമിക് ഗവേഷകനുമായ ഡോ. അലക്സ് മാത്യു തിരുവല്ലാ ഗ്രാമത്തിലെ ക്ഷേത്രങ്ങൾ, ആചാരങ്ങൾ, അധികാരരൂപങ്ങൾ എന്നിവയെക്കുറിച്ച് പ്രഭാഷണം നടത്തും. വൈകുന്നേരം 4ന് ‘പടയണിയുടെ പാരമ്പര്യം’ ചങ്ങനാശ്ശേരി എൻ. എസ്. എസ് കോളജിലെ മലയാളവിഭാഗം മുൻ മേധാവി ഡോ.ബി. രവികുമാർ പ്രഭാഷണം നടത്തും.
5.30 ന്സമാപനം. തുടർന്ന് കല്ലൂപ്പാറ ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന ‘പടയണി’യിൽ പ്രതിനിധികൾ പങ്കുചേരും.മൂന്നു ദിവസവും തുടർച്ചയായി പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർക്ക് സർട്ടിഫിക്കറ്റ് നൽകും. രജിസ്ട്രേഷൻ കൂടാതെയും ആർക്കും പരിപാടികളിൽ സംബന്ധിക്കാവുന്നതാണ്
റബർ തോട്ടത്തിന് നടുവിലെ ചെറു കുന്നിൻ മുകളിൽ ചുറ്റിനുമുള്ള പുൽത്തകിടിക്കു നടുവിലായി തികച്ചും പ്രകൃതി സൗഹൃദമായ വാസസ്ഥലം. ഈ വീട് കാലാവസ്ഥക്കും പ്രകൃതിക്കും അനുസരിച്ച് നിർമ്മിച്ചതാണ്. ഓടിട്ട ഒരു സാധാരണ വീട് എന്നതിലുപരി നമ്മൾ ജീവിക്കുന്ന സ്ഥലവും പരിസരവും ചുറ്റുപാടുകളും അവിടുത്തെ കാലാവസ്ഥയും എന്താണോ അത് മനസിലാക്കിയുള്ള ഗൃഹനിർമ്മാണം.
വീടിരിക്കുന്ന ഓരോ പ്ലോട്ടിലും ഒരു ക്ലൈമറ്റും അവിടെയുള്ള ഒരു മൈക്രോ ക്ലൈമറ്റും ഉണ്ട്. കാലാവസ്ഥയുടെ അത്തരം സൂക്ഷ്മ ഘടകങ്ങളെ പോലും മനസ്സിലാക്കി നിർമ്മിച്ചിരിക്കുന്ന വീടാണിത്. നമ്മുടേത് ട്രോപ്പിക്കൽ ക്ലൈമറ്റ് ആണ്.ചൂടേറിയ ഹ്യൂമിഡിറ്റി നിറഞ്ഞ അന്തരീക്ഷം.എന്നാൽ അതിനൊപ്പം തന്നെ മഴക്കും പ്രാധാന്യമുണ്ട്.
വീട് കാലാവസ്ഥക്കും പ്രകൃതിക്കും അനുസരിച്ച്
Mindscape Architects ൻറെ എല്ലാ പ്രോജക്ടുകളും കാലാവസ്ഥയെ അടുത്ത് അറിഞ്ഞുള്ളവ തന്നെയാണ്. കോട്ടയം ജില്ലയിലെ കൊടുങ്ങൂരിലുള്ള ഈ വീടും സൈറ്റ് എന്താണെന്നും അവിടുത്തെ കാലാവസ്ഥ എന്താണെന്നും അടുത്തറിഞ്ഞു നിർമിച്ചതാണ്.
വിദേശവാസികളും ഡോക്ടർമാരുമായ വീട്ടുകാർക്ക്ആർക്കിടെക്റ്റിനോട് പറയുവാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ “ഞങ്ങൾ വല്ലപ്പോഴും മാത്രം നാട്ടിൽ എത്തുന്നവരാണ്. ഞങ്ങളെ സ്വാഗതം ചെയ്യുന്ന ഒരു വീടും പരിസരവും ആയിരിക്കണം . കൃത്രിമമായി ഒന്നും വേണ്ട” ഈയൊരൊറ്റ നിർദ്ദേശമാണ് നാല് കിടപ്പുമുറികൾ ലിവിങ് ഡൈനിങ്,കിച്ചൻ,വരാന്തകൾ എന്നിവ ചേർന്നുള്ള വീടിൻറെ പ്ലാനിന് അടിസ്ഥാനം.
കിഴക്കൻ ദിക്കിൽ ലിവിംഗ്ഏരിയകളും വടക്കൻ ദിക്കിൽ സ്വകാര്യ ഇടങ്ങളും ഉൾപ്പെടുത്തിയാണ്പ്ലാൻ വിഭാവനം ചെയ്തിരിക്കുന്നത്.പ്രകൃതിദത്തവും വാസ്തുവിദ്യാ ഘടകങ്ങളും ഒരുമിച്ച് കൊണ്ടുവരുന്ന പ്രകൃതി സൗഹൃദ വാസസ്ഥലം.
ഫോർമൽ ലിവിംഗ്, ഡൈനിംഗ് എന്നിവയിലേക്ക് കയറുമ്പോൾ, പടിഞ്ഞാറുള്ള പോർച്ച്, നീണ്ട വരാന്ത, ഗാർഡൻ സ്‌പെയ്‌സ്, സിറ്റ് ഔട്ട് മുതലായ ഏരിയകൾ സമ്മാനിക്കുന്ന കാഴ്ചകൾ ഏറെ ഹൃദ്യം. പടിഞ്ഞാറേ അറ്റത്തുള്ള ലിവിംഗ് ഏരിയകൾ പ്രകൃതിദത്ത വെളിച്ചത്തിന്റെ ഉറവിടമായി മാറുന്നു, ഇത് ദിവസം മുഴുവൻ തണുപ്പ് നിലനിർത്തുകയും സൂര്യാസ്തമയ കാഴ്ചകൾ നൽകുകയും ചെയ്യുന്നു.
മിതത്വം കൊണ്ട് നിറവ്
സിംപ്ലിസിറ്റി കൊണ്ട് മിതത്വം കൊണ്ട് അല്ലെങ്കിൽ മിനിമലിസം കൊണ്ട് ഒരു വീട്ടകത്തെ എത്രമേൽ ആകർഷകമാക്കാം എന്നതാണ് ഈ വീട് നൽകുന്ന ആശയം. വിഷ്വൽ ഇമ്പാക്റ്റ് ബ്രേക്ക് ചെയ്യുന്ന ഒന്നുമില്ലാത്ത സ്ട്രേറ്റ് ലൈൻ ഡിസൈൻ നയം. ഇൻറീരിയർ ഡെക്കറേഷൻ അല്ലെങ്കിൽ മോടിപിടിപ്പിക്കൽ ഒഴിവാക്കി പകരം ചുമരിൽ മാത്രം ഏതാനും ചിത്രങ്ങൾ അങ്ങിങ്ങായി നൽകി. അതാകട്ടെ ഗൃഹാന്തരീക്ഷത്തിന് ഏറ്റവും ഇണങ്ങിയതും. ഇതിനു പുറമെ അകത്തളത്തിന് ഭംഗിപകരുന്നത് ഫർണിച്ചർ ഡിസൈനിങ്ങിന്റെ മികവും ഫർണിഷിങ്ങിന്റെ മനോഹാരിതയുമാണ്.
ഓരോ ഏരിയക്കും അതിൻറെ ഉപയോഗത്തിന് അനുസരിച്ചു പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഫർണിച്ചർ മാത്രം. വിസ്തൃതമായ ഫ്ലോർ ഏരിയ ആണ് വീടിന് കൂടുതൽ മിഴിവേകുന്നത്.
പുറം കാഴ്ചകൾ കൊണ്ട് അകം നിറച്ചു
ഏറ്റവും മിനിമലായ ഒരുക്കങ്ങൾ പരിപാലനം എളുപ്പമാക്കുന്നുണ്ട്. അകവും പുറവും അതിരിടുന്ന വരാന്ത അകത്തളത്തിലേക്ക് എത്തിക്കുന്നത്; പടിവാതിലോളം എത്തിനിൽക്കുന്ന ചെമ്പകവും നാടൻ ചെടികളും കല്ല് പാകിയ മുറ്റവും സമ്മാനിക്കുന്ന നയനാന്ദകരമായ കാഴ്ചകൾ ആണ്. വലിയ ജനാലകളും ഗ്ലാസ് ഓപ്പണിങ്ങുകളും ഹരിതാഭയും ഒപ്പം നിറയെ കാറ്റും വെളിച്ചവും വീട്ടിനുള്ളിൽ എത്തിക്കുന്നു.
വീടിനുള്ളിൽ നിന്നും ഓരോ ജാലകക്കാഴ്ചയും സമ്മാനിക്കുന്നത് ഓരോ അനുഭവമാണ്. റൂമിന്റെ ഉയരക്കുടുതൽ ഉള്ളിലെ ചൂടു കുറയ്ക്കാൻ സഹായിക്കുന്നു. ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് ഏറ്റവും ഇണങ്ങുന്ന ഓട് വിരിച്ച ചരിഞ്ഞ മേൽക്കൂര.
ചുറ്റുപാടുകളിൽ സാധാരണ കാണുന്ന പുല്ലും ഉഷ്ണമേഖല പ്രദേശത്തു വളരുന്ന അധികം പരിപാലനം ആവശ്യമില്ലാത്ത ചെടികളും ചേർത്തൊരുക്കിയിട്ടുള്ള ലാൻഡ്സ്കേപ്പ്. പുറം ചുമരുകൾക്ക് നൽകിയിട്ടുള്ള മണ്ണിൻറെ നിറമുള്ള ക്ലാഡിങ് ടൈലുകൾ പച്ചപ്പിന് നടുവിൽ വീടിനെ ഒരു ശില്പമാക്കി മാറ്റുന്നു.
ചുറ്റിനുമുള്ള റബ്ബർ തോട്ടത്തിന് നടുവിൽ പ്രകൃതിയോട് അത്രമേൽ ഇഴുകിച്ചേർന്ന് ഇതിവിടെ നേരത്തെ ഉണ്ടായിരുന്നുവല്ലോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഈ വീട് ഓർമ്മിപ്പിക്കുന്നതും പ്രകൃതിയും മനുഷ്യനും തമ്മിലും പ്രകൃതിയും മനുഷ്യനും കെട്ടിടവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചു തന്നെയാണ്.
2025 feb .10 പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു.പാലക്കാട് ജില്ലാ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെതുടർന്ന്ചികിത്സയിലായിരുന്നു.76വയസായിരുന്നു.ആദരാഞ്ജലികൾ
പാലക്കാട്–ഒറ്റപ്പാലം പാതയിൽ മാങ്കുറുശിയിൽ നിന്ന് നാലുകിലോമീറ്റർ ദൂരെ കല്ലൂർമുച്ചേരിയിലാണ് ബാലന്റെ സ്വദേശം. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലായി മാവ്, പ്ലാവ്, പുളി, ഉങ്ങ്, വേപ്പ്, നെല്ല്, ഞാവൽ, പന, മുള തുടങ്ങി ഇതിനോടകം 25 ലക്ഷത്തോളം തൈകൾ ഇതുവരെ കല്ലൂർ ബാലൻ എന്ന പ്രകൃതി സ്‌നേഹി നട്ടുപിടിപ്പിച്ചിട്ടുണ്ട്. 100 ഏക്കറിലധികം തരിശ്ശായി കിടന്നിരുന്ന കുന്നിൻ പ്രദേത്തെ വർഷങ്ങൾ നീണ്ട പ്രയന്തം കൊണ്ട് പച്ചപിടിപ്പിച്ചയാളാണ് ഇദ്ദേഹം.
വേനൽക്കാലത്ത് കാട്ടിലെത്തി വന്യമൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകുക, മലയിലെ പാറകൾക്കിടയിൽ കുഴി ഉണ്ടാക്കി പക്ഷികൾക്കും പ്രാണികൾക്കും വെള്ളം എത്തിക്കുക തുടങ്ങിയ കാര്യങ്ങളും അദ്ദേഹം ചെയ്തിരുന്നു.വനംമിത്ര, കേരളമിത്ര, ബയോ ഡൈവേഴ്സിറ്റി, ഭൂമിമിത്ര തുടങ്ങിയ അവാർഡുകൾ നേടിയിട്ടുണ്ട്. നാട്യങ്ങളൊന്നുമില്ലാത്ത പരിസ്ഥിതി പ്രവർത്തകനായിരുന്നു അദ്ദേഹം
അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളുടെ(wet land) സംരക്ഷണവും സുസ്ഥിര ഉപയോഗവും ഉറപ്പാക്കുന്നതിനായി ആഗോള തലത്തിലുള്ള ഒരു ഉടമ്പടി റാംസാർ കൺവെൻഷൻ 1971 ൽ അംഗീകരിച്ചു. നിലവിൽ 168 അംഗങ്ങളുള്ള ഈ ഉടമ്പടി പ്രകാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 2186 റാംസാർ സൈറ്റുകൾ അംഗീകരിച്ചിട്ടുണ്ട്.
എന്താണ് തണ്ണീർത്തടങ്ങൾ
റാംസാർ കൺവെൻഷന്റെ നിർവചനമനുസരിച്ച് പ്രകൃതിദത്തമായോ, മനുഷ്യനിർമ്മിതമായോ, സ്ഥായിയായോ, താൽകാലികമായോ, ശുദ്ധമായതോ, ഉപ്പുകലർന്നതോ, ആയ വെള്ളക്കെട്ടുള്ള ചതുപ്പുപ്രദേശങ്ങൾ, ഫെൻ, പീറ്റ് ലാന്റ് എന്നിങ്ങനെയുള്ള പ്രദേശങ്ങളാണ് തണ്ണീർത്തടങ്ങൾ(wet land). വേലിയിറക്ക സമയത്ത് 6 മീറ്ററിൽ കൂടുതൽ ആഴമില്ലാത്ത കടൽത്തീരത്തോട് ചേർന്ന പ്രദേശങ്ങളേയും തണ്ണീർത്തടമായി വിവക്ഷിക്കുന്നുണ്ട്
കേരളത്തിലെ തണ്ണീർത്തടങ്ങൾ (wet land)
ഇന്ത്യയിലെ ഹരിത സംസ്ഥാനങ്ങളിലൊന്നായ കേരളം, തണ്ണീർത്തടങ്ങൾക്ക് പേരുകേട്ടതാണ്. “ദൈവത്തിൻ്റെ സ്വന്തം നാട്” എന്നറിയപ്പെടുന്ന കേരളം, കായലുകൾക്കും കടൽത്തീരങ്ങൾക്കും മാത്രമല്ല ലോകത്തിലെ ഏറ്റവും സവിശേഷവും മനോഹരവുമായ ചില തണ്ണീർത്തടങ്ങളുടെയും നാടാണ്. പരിസ്ഥിതി വകുപ്പിന് കീഴിലുള്ള സംസ്ഥാന തണ്ണീർത്തട അതോറിറ്റി കേരള (State Wetland Authority Kerala) സംസ്ഥാനത്തിനുള്ളിലെ എല്ലാ തണ്ണീർത്തട നിർദ്ദിഷ്ട പ്രവർത്തനങ്ങൾക്കും നോഡൽ അതോറിറ്റിയായി പ്രവർത്തിക്കുന്നു. കേരളത്തിൻ്റെ സമ്പന്നമായ പ്രകൃതി പൈതൃകത്തെ നിർവചിക്കുന്ന മറഞ്ഞിരിക്കുന്ന നിധിയാണ് കേരളത്തിലെ തണ്ണീർത്തടങ്ങൾ. വെള്ളവും കരയും തികഞ്ഞ യോജിപ്പിൽ കഴിയുന്ന ഒരു കാഴ്ച അവിടെ നിങ്ങൾക് കാണാൻ സാധിക്കും.
കേരളത്തിലെ തണ്ണീർത്തടങ്ങളും അന്താരാഷ്ട്ര പ്രാധാന്യവും
കേരളത്തിലെ വേമ്പനാട്-കോൾ തണ്ണീർത്തടങ്ങൾ, അഷ്‌ടമുടിക്കായൽ, ശാസ്താംകോട്ട തടാകം എന്നിവയ്ക്ക് 19.08.2002 ൽ റാംസാർ പദവി ലഭിച്ചിട്ടുണ്ട്.1512.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വേമ്പനാട് കോൾ തണ്ണീർത്തടം ഇന്ത്യയിലെ ഏറ്റവും വലിപ്പം കൂടിയ തണ്ണീർത്തടമാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ തണ്ണീർത്തടത്തിൻ്റെ 763.23 ചതുരശ്ര കിലോമീറ്റർ പ്രദേശം സമുദ്രനിരപ്പിൽ നിന്നും ഒരു മീറ്ററോളം താഴെയാ യാണ് സ്ഥിതി ചെയ്യുന്നതെന്നുള്ള പ്രത്യേകതയുമുണ്ട്. പശ്ചിമഘട്ട മേഖലയിൽ നിന്നുള്ള 10 നദികൾ ഇവിടേക്ക് ഒഴുകിയെത്തുന്നുണ്ട്.
കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന, തണ്ണീർത്തടങ്ങളുടെ കവാടം (Gate way of wetlands) എന്ന ഓമനപ്പേരുള്ള അഷ്‌ടമുടി തണ്ണീർത്തടത്തിന് 61.4 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായലിന് 12.69 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണുള്ളത്. ഇതും കൊല്ലം ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.
വേമ്പനാട് കോൾ തണ്ണീർത്തട ആവാസവ്യവസ്ഥ
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ തണ്ണീർത്തടങ്ങളിൽ ഒന്നാണ് വേമ്പനാട് കായൽ, സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ തടാകം. നാല് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന തണ്ണീർത്തടപ്രദേശം. സൈബീരിയൻ ക്രെയിൻ പോലെയുള്ള ദേശാടന പക്ഷികൾ, മത്സ്യത്തൊഴിലാളികളുടെ കണ്ണിനു കുളിർമ നൽകുന്ന മത്സ്യങ്ങൾ, പച്ച പരവതാനി സൃഷ്ടിക്കുന്ന ജലസസ്യങ്ങൾ എന്നിവ ഇവിടെ കാണാം. പ്രകൃതിയുടെയും സംസ്‌കാരത്തിന്റെയും സമഗ്രമായ സമന്വയം പ്രദാനം ചെയ്യുന്ന ശാന്തമായ വെള്ളത്തിലൂടെ സഞ്ചരിക്കുന്ന ഹൗസ്‌ബോട്ടുകൾക്കുള്ള ഒരു പ്രദേശം കൂടിയാണ് ഇവിടം. വേമ്പനാട് കായലിന്റെ തെക്കേ അറ്റത്ത് കനാലുകളാലും നദികളാലും ചുറ്റപ്പെട്ടു സമുദ്രനിരപ്പിന് താഴെ കിടക്കുന്ന നെൽവയലുകളുടെ കൗതുകകരമായ ഒരു കാഴ്ച ഉണ്ട്. കേരളത്തിലെ ഏറ്റവും മനോഹരവും ഉൽപ്പാദനക്ഷമതയുള്ളതുമായ ഒരു പ്രദേശം ആണ് ഇവിടം.എന്നാൽ കാലം മാറിയപ്പോൾ കാര്യങ്ങൾ മാറാൻ തുടങ്ങി. വേമ്പനാടിന്റെ സൗന്ദര്യം മെല്ലെ മങ്ങി തുടങ്ങിയിരിക്കുന്നു. തണ്ണീർത്തടത്തിന്റെ നിലനിൽപ് തന്നെ ഇന്ന് ഭീഷണിയിലാണ്.മലിനീകരണമാണ് ആദ്യത്തെ പ്രധാന പ്രശ്നം.
വ്യാവസായിക മാലിന്യങ്ങൾ, പ്ലാസ്റ്റിക്, സംസ്കരിക്കാത്ത മലിനജലം എന്നിവ തടാകത്തിലേക്ക് ഒഴുകാൻ തുടങ്ങി, ജലത്തെ മലിനമാക്കുകയും ജലജീവികൾക്ക് ദോഷം വരുത്തുകയും ചെയ്തു. മത്സ്യങ്ങളും മറ്റ് ജീവജാലങ്ങളും മോശമായ ജലത്തിന്റെ ഗുണനിലവാരത്തിൽ അതിജീവിക്കാൻ പാടുപെടുന്നതിനാൽ തടാകത്തിൽ ഒരിക്കൽ തഴച്ചുവളരുന്ന ഊർജ്ജസ്വലമായ ജീവികളുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുവാൻ തുടങ്ങി.
നൈട്രജൻ, ഫോസ്ഫേറ്റ് തുടങ്ങിയ മൂലകങ്ങളുടെ വർദ്ധിച്ച അളവിലുള്ള സാന്നിധ്യം യൂട്രോഫിക്കേഷൻ എന്ന പ്രതിഭാസത്തിനു കാരണമാകുന്നു. ഇത് തണ്ണീർത്തടത്തിന്റെ ജല ഗുണനിലവാര ശോഷണത്തിനും, ഒഴുക്കു തടസപ്പെടുന്നതിനും, തദ്വാരാ, തദ്ദേശീയ ജൈവസമ്പത്തിന്റെ ശോഷണത്തിനും കാരണമാകുന്നു.
അനധികൃതമായ കയ്യേറ്റമായിരുന്നു മറ്റൊരു വെല്ലുവിളി. കൃഷിക്കും നഗരവൽക്കരണത്തിനുമായി ചുറ്റുമുള്ള പ്രദേശങ്ങൾ കൂടുതലായി വികസിപ്പിച്ചെടുത്തു. പുതിയ കെട്ടിടങ്ങൾ, റോഡുകൾ, കൃഷിയിടങ്ങൾ എന്നിവയ്ക്കായി സ്ഥലം ഉണ്ടാക്കുന്നതിനായി തണ്ണീർത്തടത്തിന്റെ വലിയ ഭാഗങ്ങൾ വറ്റിക്കുകയോ നികത്തുകയോ ചെയ്തുകൊണ്ടിരുന്നു. ഇത് അനേകം ജീവജാലങ്ങളുടെ നിർണായകമായ ആവാസവ്യവസ്ഥയെ നശിപ്പിച്ചു.
കാലാവസ്ഥാ വ്യതിയാനം പ്രവചനാതീതമായ കാലാവസ്ഥയെ കൊണ്ടുവന്നു. ഒരുകാലത്ത് സ്ഥിരതയുള്ള വേമ്പനാട്ടിലെ ജലനിരപ്പ് കൂടുതൽ നാടകീയമായി മാറാൻ തുടങ്ങി. ഇത് തണ്ണീർത്തടത്തിന്റെ അതിലോലമായ സന്തുലിതാവസ്ഥയെ താറുമാറാക്കി. അതോടൊപ്പം മോശമായി കൊണ്ടിരിക്കുന്ന ജലത്തിന്റെ ഗുണനിലവാരവും ആയി ബന്ധപ്പെട്ട പഠനറിപ്പോർട്ടുകളും നമ്മെ ഞെട്ടിപ്പിക്കുന്നു.
വേമ്പനാടിന് സമീപം താമസിക്കുന്ന സാധരണ ജനങ്ങൾക്ക് ഈ പ്രശ്നങ്ങളുടെ രൂക്ഷത മനസിലായി തുടങ്ങിയിരിക്കുന്നു. കാരണം തണ്ണീർത്തടങ്ങൾ അവരുടെ ജീവിതരീതിയെ എങ്ങനെ പിന്തുണയ്ക്കുന്നുവെന്ന് അവർ നന്നേ മനസിലാക്കിയിരിക്കുന്നു. മത്സ്യത്തൊഴിലാളികളും കർഷകരും പ്രാദേശിക സമൂഹങ്ങളും തങ്ങളുടെ ഈ ജലസ്രോതസ് സംരക്ഷിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ശബ്ദമുയർത്താൻ തുടങ്ങിയിരിക്കുന്നു. ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കുന്നതിനും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ചുറ്റുമുള്ള പ്രദേശങ്ങളെ കൂടുതൽ കൈയേറ്റങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികൾ ആണ് നമുക്ക് ആവശ്യം. തണ്ണീർത്തടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രാദേശിക സമൂഹങ്ങളെ ബോധവൽക്കരിക്കുകയും, പരിസ്ഥിതി സൗഹൃദ കൃഷി, മാലിന്യ സംസ്കരണം തുടങ്ങിയ സുസ്ഥിരമായ രീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം . അങ്ങനെ മാറുന്ന കായലിനോടൊപ്പം നമുക്കും മാറാം. ഇപ്പോൾ പ്രവർത്തിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാണ് ?.
എങ്ങനെയാണ് ഒരു തണ്ണീർത്തടം രൂപപ്പെടുന്നത്?
വെള്ളം കുടിക്കുമ്പോൾ എപ്പോഴേങ്കിലും അത് നിങ്ങളുടെ കൈ തട്ടി താഴെ പോയി കാണുമല്ലോ. ഒരുപക്ഷെ അത് ഒരു കാർപെറ്റിലോട്ടോ മറ്റോ ആണ് വീഴുന്നത് എന്ന് കരുതുക. പെട്ടെന്നു തന്നെ അത് ഒഴുകി പോകാതെ കുതിർന്നു തുടങ്ങുന്നു. ഇതുപോലെ തന്നെയാണ് തണ്ണീർത്തടങ്ങൾ.
അവ പ്രകൃതിദത്തമായ സ്പോഞ്ചുകളായി (natural sponges) പ്രവർത്തിക്കുന്നു, മഴയിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും വരുന്ന അധിക ജലം വലിച്ചെടുക്കുന്നു, ശുദ്ധികരിക്കുന്നു, അത് അവയുടെ സസ്യങ്ങളിലും മണ്ണിലും സംഭരിക്കുന്നു. ജലപ്രവാഹം നിയന്ത്രിക്കുന്നതിനും വെള്ളപ്പൊക്ക നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനും ഇവ സഹായിക്കുന്നു. മാത്രമല്ല വിസ്മയിപ്പിക്കുന്ന വൈവിധ്യമാർന്ന സസ്യങ്ങൾ, മൃഗങ്ങൾ, പക്ഷികൾ എന്നിവക്കു വേണ്ടി ആവാസ വ്യവസ്ഥകൾ ഇവ സൃഷ്ടിക്കുകയും ചെയ്യുന്നു. നമ്മുടെ ലോകത്തെ സന്തുലിതമാക്കുന്നതിനും വായു ശുദ്ധീകരിക്കുന്നതിനും എണ്ണമറ്റ ജീവജാലങ്ങൾക്ക് സുരക്ഷിത സങ്കേതം പ്രദാനം ചെയ്യുന്നതിനുമുള്ള പ്രകൃതിയുടെ മാർഗമാണ് അവ.
മഴ, നദികൾ, തടാകങ്ങൾ തുടങ്ങി സ്രോതസ്സുകളിൽ നിന്നുള്ള വെള്ളം താഴ്ന്ന പ്രദേശങ്ങളിൽ വന്നുചേരുകയും അവിടം ഒരു വെള്ളക്കെട്ടുള്ള പ്രദേശം ആയി മാറ്റപ്പെടുമ്പോൾ അവിടെ ഒരു തണ്ണീർത്തടം രൂപപ്പെടുന്നു. കാലക്രമേണ നനഞ്ഞ, വെള്ളം നിറഞ്ഞ മണ്ണിൽ സസ്യങ്ങൾ വളരാൻ തുടങ്ങുന്നു. ഇവ സാധാരണ സസ്യങ്ങളല്ല, ജലത്തെ അഗാധമായി സ്നേഹിക്കുന്ന, നനഞ്ഞ അന്തരീക്ഷത്തിൽ തഴച്ചുവളരുന്ന പുല്ലുകളും കുറ്റിച്ചെടികളും Common reed – പുല്ല് വർഗ്ഗത്തിലെ പൂക്കൾ ഉണ്ടാകുന്ന ചെടികൾ (ഞാങ്ങണകൾ) ആണ്. ഇവ വളരുകയും നശിക്കുകയും ജീർണിക്കുകയും ചെയ്തപ്പോൾ മണ്ണ് ജൈവവസ്തുക്കളാൽ സമ്പന്നമായി. സാവധാനം മണ്ണിൽ പോഷകങ്ങളാൽ സമ്പുഷ്ടമായ കട്ടിയുള്ള പാളി രൂപപ്പെടാൻ തുടങ്ങി, ഇത് പുതിയ സസ്യങ്ങളെയും ജീവികളെയും അവിടേക്കു ആകർഷിച്ചു. ക്രമേണ, കണ്ടൽക്കാടുകൾ (തീരദേശത്തെ തണ്ണീർത്തടങ്ങളിൽ) അല്ലെങ്കിൽ വില്ലോകൾ (ശുദ്ധജല തണ്ണീർത്തടങ്ങളിൽ) പോലുള്ള മരങ്ങളും വേരുറപ്പിക്കാൻ തുടങ്ങി. മണ്ണിൽ വേരുറപ്പിച്ചുകൊണ്ട് മണ്ണൊലിപ്പ് തടയാനും വെള്ളം തങ്ങിനിൽക്കാനും ചെടികൾ സഹായിച്ചു. അങ്ങനെ തണ്ണീർത്തടത്തിൽ അതിൻ്റെ ആദ്യ നിവാസികൾ അടുത്തതായി വരാനിരിക്കുന്ന എല്ലാത്തിനും ശക്തമായ അടിത്തറ സൃഷ്ടിച്ചു.
തണ്ണീർത്തടങ്ങൾ വളർന്നപ്പോൾ തുമ്പികളും പ്രാണികളും മറ്റ് ജീവജാലങ്ങളും ചുറ്റുംകൂടി സമൃദ്ധമായ മണ്ണും ചെടികളും ഭക്ഷിച്ചു. തവളകളും മത്സ്യങ്ങളും ആമകളും വെള്ളത്തിൽ വാസമുറപ്പിച്ചു. തണ്ണീർത്തടങ്ങൾ ഒരു സമ്പൂർണ്ണ ആവാസവ്യവസ്ഥയായി മാറി, ജീവൻ്റെയും വളർച്ചയുടെയും നിരന്തരമായ ഇടപെടലുകളുടെയും ഒരു ഇടം.
കാലം കഴിയുന്തോറും തണ്ണീർത്തടങ്ങൾ മാറിക്കൊണ്ടിരുന്നു. സസ്യങ്ങൾ വളരുകയും ദ്രവിക്കുകയും കൂടുതൽ ഫലഭൂയിഷ്ഠമായ മണ്ണ് സൃഷ്ടിക്കുകയും ചെയ്തു. പലപ്പോഴും ജലനിരപ്പിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായി, ചിലപ്പോൾ കനത്ത മഴയ്ക്ക് ശേഷം ജലനിരപ്പ് ഉയരുന്നു, ചിലപ്പോൾ വരണ്ട മാസങ്ങളിൽ ജലനിരപ്പ് കുറയുന്നു. ജീവജാലങ്ങൾ വന്നു പോയി, പുതിയ ജീവിവർഗ്ഗങ്ങൾ അവരുടെ വഴി കണ്ടെത്തി. ഓരോ വർഷവും തണ്ണീർത്തടങ്ങൾ കൂടുതൽ സുപ്രധാനവുമായി തീരുന്നു.
ലേഖിക : ആൻസി സി. സ്റ്റോയ്
Ancy C Stoy
Research Scholar, ICAR – Central Marine Fisheries Reseach Institiute, Ernakulam
സെക്യൂരിറ്റി സിസ്റ്റവും ഇരുമ്പ് ഷട്ടറുകളും ഒക്കെ വരുന്നതിനുമുമ്പ് മരപ്പലക കൊണ്ടുള്ള തട്ടികളും ചുമരുകളും ഒക്കെയായി ആയിരുന്നു ഉണ്ടായിരുന്നത്. അറ്റം വളഞ്ഞ ഇരുമ്പ് വടികൊണ്ട് മരപ്പലക മടക്കി ഉയർത്തി മുകളിലുള്ള ഹുക്കിൽ തൂക്കിയിരുന്ന ‘തട്ടി പീടികകൾ’ ഷട്ടറുകളുടെയും ഗ്ലാസ് ചുമരുകളുടെയും കടന്നുവരവോടെ അപ്രത്യക്ഷമായിരിക്കുന്നു.
എങ്കിലും പഴമയുടെ പ്രതിനിധിയായി കാഴ്ച വിരുന്നകാറുണ്ട് ഇത്തരം ചില നിർമിതികൾ. ചില യാത്രകളിൽ ഇവ കണ്ണിൽ പെടുക മാത്രമല്ല മനസ്സിൽ ഇടം പിടിക്കാറുണ്ട്. വരാന്തയുടെ മുക്കും മൂലയും പൊട്ടിയും ചുമരിലെ കുമ്മായം അടർന്നും ഒക്കെയാണ് നിൽക്കുന്നത് എങ്കിലും പഴയകാല നിർമ്മാണ സാമഗ്രികളായ വെട്ടുകല്ലിന്റെയും കുമ്മായത്തിന്റെയും ഈടും ഉറപ്പും വിളിച്ചോതുന്നു. പകുതി ഭാഗം തകർന്ന മുകൾ നിലയുടെ ഗ്രില്ലും ഒറ്റപ്പാളി ജനാലയും ഉയരമുള്ള മച്ചും എല്ലാം ഒരു കാലത്തെ നമ്മുടെ നിർമ്മാണ ശൈലിയിലേക്ക് തിരിഞ്ഞു നോക്കുവാൻ പ്രേരണയാകുന്നു.
കാഴ്ചക്ക് മൂന്ന് നില
കാഴ്ചയിൽ മൂന്നുനില എന്ന് തോന്നിപ്പിക്കും എങ്കിലും രണ്ടു നിലയെ ഉള്ളൂ. ഉയരമുള്ള മച്ചാണ് മൂന്നാമത്തെ നിലയായി തോന്നിപ്പിയ്ക്കുന്നത്. ഒരു കാലഘട്ടത്തിലെ കെട്ടിട നിർമാണത്തെ, വീട് നിർമാണത്തെ ഓർമ്മിക്കുന്നു. കാലാവസ്ഥക്ക് അനുസരിച്ചുള്ള പാരമ്പര്യ റൂഫിംഗ് സംവിധാനത്തിന് കോട്ടമൊന്നുമില്ല. മലപ്പുറം ജില്ലയിൽ വേങ്ങര എന്ന ചെറു നഗരത്തിന്റെ പ്രാന്തപ്രദേശത്തു സ്ഥിതിചെയ്യുന്ന ഈ കെട്ടിടത്തിൽ ഒരു റേഷൻ കട ഇപ്പോഴും സജീവമാണ്. ഇവിടുത്തെ ആദ്യകാല കൊമേഴ്സിൽ ബിൽഡിങ്ങുകളിൽ ഒന്ന് എന്ന് വേണമെങ്കിൽ പറയാം.
കാലത്തിനു വന്ന മാറ്റം ഒന്നും കാര്യമായില്ല ബാധിച്ചിട്ടില്ല . ഇനിയൊരുവേള വീണ്ടും ഈ വഴി വരുമ്പോൾ ഇതു ഇവിടെ ഉണ്ടാകുമോ എന്നറിയില്ല ചിലപ്പോ ആധുനിക മുഖച്ഛായ പേറിയെന്നു വരാം.ചിലപ്പോ പൊളിച്ചു കളഞ്ഞു എന്നുവരാം. ഒരുപക്ഷേ നിലനിന്നു എന്നും വരാം. അടിത്തറക്കും ചുമരുകൾക്കും പഴയകാല നിർമ്മാണ സാമഗ്രികളുടെ ഉറപ്പും പാരമ്പര്യവും ഉണ്ട്.