ചരിത്രമുറങ്ങുന്ന കോട്ടയത്തെ താഴത്തങ്ങാടിയിൽ മീനച്ചിലാറിൻ്റെ ഇരുകരകളിലുമായി ഇന്നും കാണപ്പെടുന്ന പഴക്കമേറിയ പരമ്പരാഗത ശൈലിയിലുള്ള വീടുകളും ആരാധനാലയങ്ങളും അവയുടെ വാസ്തുപരമായ സവിശേഷതകളും ആകാരഭംഗിയും കൊണ്ട് സഞ്ചാരികളിൽ വിസ്മയം തീർത്തുകൊണ്ട് നിലകൊള്ളുന്നു.
കോട്ടയം പട്ടണത്തിൻ്റെ പഴയ പൈതൃകപ്പെരുമ കേട്ടറിഞ്ഞ് വിവിധ ദേശങ്ങളിൽ നിന്ന് എത്തിച്ചേരുന്ന സഞ്ചാരികൾ ഈ വീടുകളുടെയും ആരാധനാലയങ്ങളുടെയും കാലപ്പഴക്കത്തെ കുറിച്ചും വാസ്തുപരമായ പ്രത്യേകതകളെ കുറിച്ചും സംരക്ഷണരീതികളെ കുറിച്ചുമെല്ലാം നാട്ടുകാരോടും വീട്ടുടമസ്ഥരോടും ചോദിച്ചറിയാറുണ്ടെങ്കിലും ഈ വിശിഷ്ടസൗധങ്ങൾ പടുത്തുയർത്തുന്നതിൽ സൃഷ്ടിപരമായി പങ്കുവഹിച്ച വാസ്തുശില്പികളെയും നിർമ്മാണവിദഗ്ധരെക്കു റിച്ച് അധികമാരും ആരായാറില്ല എന്നതാണ് വസ്തുത. തങ്ങളുടെ സർഗ്ഗശേഷിയുടെ കെടാത്ത ചൈതന്യം ഈ വാസ്തുനിർമ്മിതികളിലേക്ക് ആവാഹിച്ചിരുത്തിയ പഴയ കോട്ടയത്തെ വാസ്തുശില്പികളെക്കുറിച്ചും അവരുടെ സമൂഹത്തിലുണ്ടായിരുന്ന സ്ഥാനത്തെക്കുറിച്ചുമുള്ള ചരിത്രാന്വേഷണത്തിന് പ്രസക്തിയുണ്ട്.
താഴത്തങ്ങാടിയിലെ ചില മനുഷ്യാലയങ്ങളുടെയെങ്കിലും മച്ചിനോട് ചേര്‍ന്ന് രേഖപ്പെടുത്തിക്കാണുന്ന നിർമ്മാണ കാലഘട്ടവും മൂത്താശാരിയുടെ പേരും വാമൊഴി അറിവുകളും മാത്രമാണ് അത്തരമൊരു അന്വേഷണത്തിന് സഹായകരമായിട്ടുള്ളൂ. ഈ വാസ്തുശില്പികൾ ഉള്‍ക്കൊള്ളുന്ന ജനവിഭാഗത്തെ കുറിച്ചും കേരളത്തിൻ്റെ സാമൂഹ്യചരിത്രത്തില്‍ അവര്‍ക്കുള്ള സ്ഥാനവും വിചിന്തനം ചെയ്യുന്നതും ആമുഖമെന്ന നിലയില്‍ പ്രസക്തമായിരിക്കും.
സംഘകാലത്തിന് മുമ്പ് കരകൗശലവിദ്യകളും ഗൃഹനിര്‍മ്മാണം, ആയുധനിര്‍മ്മാണം, ആഭരണനിര്‍മ്മാണം, പാത്രനിര്‍മ്മാണം ഇവയൊന്നും മലയാളനാട്ടിൽ വളര്‍ന്നു വികസിച്ചിട്ടുണ്ടായിരുന്നില്ല. ജാതിവ്യവസ്ഥയൊന്നും ഉടലെടുക്കാത്ത അക്കാലത്ത് സമൂഹത്തില്‍ മേല്‍പ്പറഞ്ഞ പണികളെല്ലാം പ്രാകൃതമായ രീതിയിലാണ് കൈകാര്യം ചെയ്തു വന്നിരുന്നത്. എന്നാല്‍ ഓരോ തൊഴിലുകളിലും തുടർച്ചയായ പഴക്കവും പരിശീലനവും മൂലം കൈത്തഴക്കവും പ്രായോഗികജ്ഞാനവും കൈവന്ന വിദഗ്ദ്ധർ തങ്ങള്‍ നേടിയ അറിവ് തങ്ങളുടെ തന്നെ പിന്‍തലമുറയെ അഭ്യസിപ്പിക്കുന്നതിന് ഇടയായതോടെ ഓരോ തൊഴിലുകളുടെയും നിലനില്പ് പാരമ്പര്യാധിഷ്ഠിതമായി മാറി. ഒരേ കുടുംബത്തിലെ പിന്മുറക്കാരും ബന്ധപ്പെട്ട ഗോത്രത്തിലുള്ളവരും തങ്ങളുടെ പൂർവ്വികർ ഇടപെട്ടിരുന്ന തൊഴില്‍ തന്നെ പിന്തുടരാൻ ഇടയായി.
സംഘകാലത്താണ് ഈ തൊഴിലുകളെല്ലാം ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കപ്പെടുകയും അത്തരത്തിൽ വളര്‍ച്ച പ്രാപിച്ചു തുടങ്ങുകയും ചെയ്തത്. തമിഴകത്ത് കല്പണിയാണ് പ്രാമുഖ്യം നേടിയതെങ്കില്‍ മലയാളനാട്ടില്‍ തടിപ്പണിയിലാണ് കൂടുതല്‍ പരീക്ഷണങ്ങള്‍ നടന്നത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയാണ് ഇത്തരം വൈജാത്യങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഈ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട മരപ്പണിക്കാര്‍, കല്‍പ്പണിക്കാര്‍, ലോഹപ്പണിക്കാര്‍ എന്നിവരെല്ലാം നിർമ്മാണപ്രവർത്തനങ്ങളിൽ ഈ തൊഴിലുകൾ തമ്മിലുള്ള പരസ്പരബന്ധംകൊണ്ട് ഒരേ ഗ്രാമത്തില്‍ അടുത്തടുത്തായി വസിക്കുവാനും ഇടപഴകി കഴിയുവാനും ഇടയായി.
അത്തരം ഗോത്രങ്ങള്‍ക്ക് ഒരേ രീതിയിലുള്ള ആചാരാനുഷ്ഠാനങ്ങളും ഗോത്ര ആവിര്‍ഭാവത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങളും ഉണ്ടായി. വൈദികസാഹിത്യത്തിൻ്റെ വ്യാപനത്തോടെ ഈ ഐതിഹ്യങ്ങൾ പൊതുവായ ഇതിഹാസങ്ങളോട് ചേർത്തു വായിക്കപ്പെട്ടു. പ്രപഞ്ചസൃഷ്ടിയുടെ മൂർത്തിയായ ബ്രഹ്മാവിനെയാണ് ഭൂമിയിലെ സൃഷ്ടിയുടെ വക്താക്കള്‍ ഉപാസിച്ചിരുന്നത്. ബ്രഹ്മാവിന്റെ അവതാരമായ പഞ്ചമുഖത്തോടു കൂടിയ വിശ്വകര്‍മ്മാവിനെ ഇവര്‍ കുലത്തിന്റെ കാരണഭൂതനായും മനു, മയ, ത്വഷ്ഠ, ശില്പി, വിശ്വജ്ഞ എന്നീ അഞ്ചുപേര്‍ ആ ദേവന്റെ പുത്രന്മാരായ ശിഷ്യരായും സങ്കല്പിച്ചുവന്നു.
സംഘകാലത്തെ തുടർന്നും നിര്‍മ്മാണകലയില്‍ തങ്ങളുടെ സൃഷ്ടിപരമായ പങ്ക് ഇണക്കിച്ചേര്‍ത്ത കമ്മാളർ (വിശ്വകർമ്മജർ) തങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയത്തിലെ വൈദഗ്ധ്യം കൊണ്ടും ശാസ്ത്രജ്ഞാനം കൊണ്ടും സമൂഹത്തില്‍ ബഹുമാനിതമായ സ്ഥാനം അലങ്കരിച്ചിരുന്നു. ദക്ഷിണേന്ത്യയിൽ സംഘകാലത്തിനു മുമ്പ് തന്നെ ആരംഭിച്ചിരുന്ന വൈദേശികസമ്പര്‍ക്കത്താൽ വാസ്തുവിദ്യാരംഗത്ത് പുതിയ മാനങ്ങള്‍ ഉളവാക്കാനായി എന്നു കരുതാൻ തെളിവുകൾ ഏറെയാണ്.
ദ്രാവിഡഗോത്രങ്ങളിലെ ബ്രഹ്മജ്ഞരായി അറിയപ്പെട്ട അവര്‍ ആര്യഗോത്രങ്ങളുടെ തള്ളിക്കയറ്റത്തോടെയാണ് സമൂഹത്തിന്റെ പിന്‍ഭാഗത്തേക്ക് തള്ളപ്പെട്ടത്. ഭൂമിയുടെ മേൽ അധികാരമുറപ്പിച്ചവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് ജാതിവ്യവസ്ഥ അടിച്ചേൽപ്പിക്കപ്പെട്ടപ്പോൾ ചാതുർവർണ്യത്തിന് പുറത്ത് പഞ്ചമരിലായി ഇക്കൂട്ടരുടെ സ്ഥാനം.
വൈദികമതത്തിൻ്റെ വക്താക്കൾ തങ്ങള്‍ കടന്നുകയറുന്ന ദേശങ്ങളിലെല്ലാം നിലനില്‍ക്കുന്ന ശാസ്ത്രാദിവിഷയങ്ങളെ സസൂക്ഷ്മം പഠിക്കുകയും ചിട്ടപ്പെടുത്തുകയും രേഖപ്പെടുത്തുകയും ചെയ്തിരുന്നുവല്ലോ. ഇവരുടെ മേധാവിത്വത്തിനും മുമ്പ് നൂറ്റാണ്ടുകളോളമായി ദക്ഷിണേന്ത്യയിലെ വിവിധ ഗോത്രസമൂഹങ്ങൾ നിരീക്ഷണപരീക്ഷണങ്ങളിലൂടെയും പ്രായോഗികജഞാനത്തിലൂടെയും പരമ്പരാഗതമായി സ്വായത്തമാക്കിയ ശാസ്ത്രവിജ്ഞാനത്തെയാണ് വൈദിക മതക്കാർ ക്രോഡീകരിച്ച് സംരക്ഷിക്കുകയും അത്തരത്തിൽ തങ്ങളുടേത് എന്നു പിൽക്കാലത്തുള്ളവർ തെറ്റിദ്ധരിക്കപ്പെടുന്ന നിലയിൽ വ്യാഖ്യാനം ചെയ്യുകയുമുണ്ടായത്.
തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ സര്‍ഗ്ഗവാസനയും പ്രായോഗികവിജ്ഞാനവും കമ്മാളസമൂഹത്തിന് സ്വായത്തമായിരുന്നു; എന്നു മാത്രമല്ല സൃഷ്ടിപരമായ പ്രവർത്തനങ്ങൾക്ക് ബുദ്ധിപരതയും കലാവൈദഗ്ദ്ധ്യവും ശാസ്ത്രവിജ്ഞാനവും മാത്രമല്ല പ്രായോഗികമായ കരവിരുതും കായികമായ അധ്വാനവും കൂടി ആവശ്യമായിരുന്നതിനാൽ വാസ്തുവിജ്ഞാനത്തിൻ്റെ കർത്തൃസ്ഥാനം ഇവരിൽ നിന്ന് അത്രയെളുപ്പമൊന്നും തട്ടിയെടുക്കാനായില്ല.
രണ്ടാം ചേരസാമ്രാജ്യത്തിന്റെ കാലത്താണ് തമിഴ്‌നാട്ടില്‍നിന്ന് ശിലയിലുള്ള കൊത്തുപണിയില്‍ വിദഗ്ദ്ധരായവര്‍ ഇവിടെയെത്തുന്നത്. തമിഴകത്തെ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും സങ്കീർണ്ണവും ഉന്നതവുമായ പ്രാകാരങ്ങളോടു കൂടി ചമച്ചിരുന്ന അവര്‍ രൂപതലത്തിൽ ലളിതവും അതേ സമയം സൂക്ഷ്മതലത്തിൽ സങ്കീർണ്ണവുമായ നിർമ്മാണശൈലിയാണ് ഇവിടെ സ്വീകരിച്ചത് എന്നത് ശ്രദ്ധേയമാണ്. പ്രകൃതിയിലും കാലാവസ്ഥയിലുമുള്ള വ്യത്യാസവും നിർമ്മാണസാമഗ്രികളുടെ ലഭ്യതയിലുള്ള ഏറ്റക്കുറച്ചിലുകളും ഇതിനൊക്കെയും കാരണമായിട്ടുണ്ടാവാം.
പത്താം നൂറ്റാണ്ടു മുതൽ ദാരുശില്പങ്ങളുടെയും തടിയിലുള്ള പണികളുടെയും രംഗത്തുണ്ടായ വളര്‍ച്ചയും പ്രത്യേകം ശ്രദ്ധേയമാണ്. മുളയുപയോഗിച്ച് കെട്ടിവരിഞ്ഞ് തറ മെഴുകി ഓലയുപയോഗിച്ച് മേഞ്ഞവയായിരുന്നു അതിനു മുമ്പുള്ള കൊട്ടാരങ്ങള്‍ പോലും! പുതിയതായി ഉദയം ചെയ്ത വാസ്തുവിദ്യാശൈലി വരേണ്യവര്‍ഗ്ഗത്തിന്റെ പാര്‍പ്പിട ആവശ്യങ്ങള്‍ക്കായും ആരാധനാലയങ്ങള്‍ക്കായുമാണ് ഉപയോഗിച്ചുതുടങ്ങിയത്.
ചോളാധിപത്യത്തിൻ്റെ കാലത്തും കാലത്തും നിര്‍മ്മാണകലയുടെ രംഗത്ത് പുരോഗതിയുണ്ടായി. സിലോണിലെ ഗജബാഹു എന്ന സിംഹളരാജാവ് ദക്ഷിണേന്ത്യ ആക്രമിച്ച് ചോളന്മാരെ പരാജയപ്പെടുത്തിയതായി ചരിത്രം രേഖപ്പെടുത്തുന്നു. അക്കാലത്ത് കൃഷി, വൈദ്യം, ആയുധവിദ്യ, കായികാഭ്യാസം, തുടങ്ങിയ വിവിധ കാര്യങ്ങളില്‍ വിജ്ഞാനമാര്‍ജ്ജിച്ച ചേവകർ എന്ന ഒരു ജനവിഭാഗമുണ്ടായിരുന്നത്രേ. ഈ ജനവിഭാഗത്തിലെ അതതു വിഷയങ്ങളിൽ മികവുള്ളവരെയും വിശ്വകര്‍മ്മഗോത്രത്തിലെ അഞ്ചു വിഭാഗങ്ങളില്‍ പ്രഗത്ഭരായവരെയും സിംഹളനാട്ടിലേയ്ക്ക് ഗജബാഹു കടത്തിക്കൊണ്ടുപോയതായി കേസരി ബാലകൃഷ്ണപിള്ളയുടെ “ചരിത്രത്തിൻ്റെ അടിവേരുകൾ” എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട് ‘.
ബുദ്ധമതം വളര്‍ന്നു പന്തലിച്ച സിലോണില്‍ പൂർവേഷ്യൻ രാജ്യങ്ങളില്‍ നിലവിലിരുന്ന ഗൃഹനിർമ്മാണരീതിയാണ് പ്രചാരത്തിലിരുന്നത്. തടി കൊണ്ട് മനോഹരമായി നിര്‍മ്മിക്കുന്ന ആലയങ്ങള്‍ക്ക് ‘പഗോഡ’യായി മേല്‍ക്കൂരയും, അത് മണ്ണു ചുട്ടെടുത്ത ഓട് മേഞ്ഞും നിര്‍മ്മിക്കുന്ന രീതിയാണത്. അത്തരം നിര്‍മ്മാണരീതിയെ സ്വാംശീകരിക്കാനും അതിനെ പാരമ്പര്യമായി ലഭിച്ച വാസ്തുഗണിതവുമായി വിളര്‍ക്കിച്ചേര്‍ക്കാനും ഗജബാഹുവിന്റെ നാട്ടിലെത്തിയ മൂത്താശാരിമാര്‍ക്ക് സാധിച്ചിരിക്കാം.
പെരുമാൾ വാഴ്ചയുടെ തുടക്കം മുതൽ വിദേശവാണിജ്യത്തില്‍ മുമ്പത്തെക്കാളേറെ അഭിവൃദ്ധിയുണ്ടായി എങ്കിലും നിര്‍മ്മാണരംഗത്തെ സാങ്കേതികവിദഗ്ദ്ധരുടെ അഭാവം മൂലം ഭരണവർഗ്ഗങ്ങൾക്കായുള്ള ആഡംബര സൗധങ്ങൾ അപൂർവ്വമായി തുടർന്നു.
പള്ളിബാണപ്പെരുമാളുടെ ഭരണകാലത്ത് കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയ ക്‌നായത്തൊമ്മന്‍ എന്ന സുറിയാനി വര്‍ത്തകപ്രമുഖന്‍ പെരുമാളുടെ സഹോദരനായ തുളുവന്‍ പെരുമാളുമൊത്ത് ഇരുപതു പടകുകളിലേറി സിംഹളനാട്ടിലെത്തി ഗജബാഹു കടത്തിക്കൊണ്ടുപോയ ചേവകരുടെയും കമ്മാളരുടെയും പിന്മുറക്കാരെ തിരിച്ചെത്തിച്ചതായി കേസരി ബാലകൃഷ്ണപിള്ള അഭിപ്രായപ്പെടുത്തു. ക്നാനായക്കാരുടെ പരമ്പരാഗത വിശ്വാസത്തിലും ഇതു നിലനിൽക്കുന്നുണ്ട്. ക്‌നായിത്തൊമ്മന്റെ സഹായത്തോടെയുണ്ടായ ഈ സംഭവത്തിന് നന്ദിസൂചകമായി ക്നായിത്തൊമ്മനും അനുയായികൾക്കും പലവിധമായ സ്ഥാനമാനങ്ങൾ പെരുമാള്‍ അനുവദിച്ചു കൊടുത്തിട്ടുണ്ട് എന്നതിനും ലക്ഷ്യങ്ങളുണ്ട്.
സിലോണിൽ നിന്നുള്ള കമ്മാളരുടെ തിരിച്ചുവരവോടെയായിരിക്കാം വാസ്തുവിദ്യാരംഗത്ത് ഇന്നു കാണുന്ന നിലയിലുള്ള നിർമ്മാണരീതിക്ക് പ്രചാരം കിട്ടിത്തുടങ്ങിയത്. കല്ലും തടിയും ആവശ്യാനുസരണം ഉപയോഗിച്ചും മുകളിലേക്ക് കൂർത്ത കൂരകൾ മച്ചായി ഉപയോഗിച്ചുമുള്ള പൂർവേഷ്യൻ രാജ്യങ്ങളിൽ കാണുന്ന സമ്പ്രദായം ദക്ഷിണേന്ത്യയിൽ കേരളത്തിൽ കൂടുതലായി പ്രയോഗത്തിൽ വന്നതിൽ നിന്ന് മേൽപ്പറഞ്ഞ ഐതിഹ്യകഥകളിൽ എന്തെങ്കിലും ചരിത്രവസ്തുത അടക്കം ചെയ്തിരിക്കുന്നു എന്നു കരുതാവുന്നതാണ്. ചേരനാട്ടില്‍ കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ചായിരുന്നു വാസ്തുവിദ്യാ വിദഗ്ദ്ധരായ തച്ചന്മാര്‍ ജീവിച്ചിരുന്നത്. ഉളിയന്നൂർ ദേശക്കാരനായിരുന്ന പെരുന്തച്ചന്‍ പറയിപെറ്റ പന്തിരുകുലത്തിലെ ഒരാളായി ഐതിഹ്യം ഘോഷിക്കുന്നു.
പഴയ കോട്ടയത്തെ ആലയ- ദേവാലയനിർമ്മാണരംഗത്ത് തങ്ങളുടേതായ മുദ്ര പതിപ്പിച്ച സ്ഥപതിവര്യന്മാരുടെ ചരിത്രത്തിലേയ്ക്ക് ഇനി കടക്കാം.
മീനച്ചിൽ നദീതടത്തിലെ കേവലം ഒരു കാര്‍ഷികമേഖല എന്നതില്‍നിന്നും ഒരു പ്രമുഖ ഉൾനാടൻ വാണിജ്യകേന്ദ്രമായി എന്ന താഴത്തങ്ങാടി മദ്ധ്യകാലത്തോടെ അറിയപ്പെട്ടുതുടങ്ങിയിരുന്നു. വിവിധ ജനവിഭാഗങ്ങൾ കൂടുതലായി എത്തിച്ചേർന്ന് പാർപ്പുറപ്പിച്ചതോടെ പാര്‍പ്പിടങ്ങള്‍, ജലയാനങ്ങൾ, പണിയായുധങ്ങൾ ഇവയെല്ലാം നിര്‍മ്മിക്കുന്ന രംഗത്ത് ഉണ്ടായ പുരോഗതി ആ മേഖലയിലെ കൂടുതല്‍ വൈദഗ്ദ്ധ്യം നേടിയവരെ ഇവിടെ എത്തിക്കേണ്ടതിന്റെ ആവശ്യകതയെ വര്‍ദ്ധിപ്പിച്ചിട്ടുണ്ടാകാം.
നാടുവാഴിത്തയുഗത്തിലെ സാമൂഹ്യഘടനയില്‍ ഗ്രാമത്തില്‍ വരുത്തിപ്പാര്‍പ്പിച്ച നിർമ്മാണരംഗത്തെ സാങ്കേതികവിദഗ്ദ്ധര്‍ക്ക് പ്രഥമഗണനീയമായ സ്ഥാനമാണ് ഭരണവർഗ്ഗം നൽകിയിരുന്നത്.
ദേവാലയങ്ങളും ഗൃഹങ്ങളും അതതു കാലങ്ങളില്‍ പൊതുവേ സ്വീകാര്യമായിരുന്ന മികച്ച സൗന്ദര്യശാസ്ത്രസങ്കല്പങ്ങള്‍ക്ക് അനുഗുണമായി നിര്‍മ്മിക്കപ്പെടേണ്ടത് ഭരണവര്‍ഗ്ഗത്തിന്റെ ആഭിജാത്യപ്രകടനത്തിന് അനുപേക്ഷണീയമായിരുന്നു. വാണിജ്യരംഗത്തെ വളര്‍ച്ച ഉണ്ടാക്കിയ സാമ്പത്തികമായ മുന്നേറ്റം ഇതിനു പിൻബലമേകി.
ഭരണവർഗ്ഗത്തിൻ്റെ തണലിൽ വാസ്തുവിദ്യാരംഗത്തെ വിദഗ്ധർ അന്യദേശങ്ങളില്‍ നിലനിന്നിരുന്ന വാസ്തുശില്പരീതികള്‍പോലും സൂക്ഷ്മമായി പഠിക്കുകയും അതിനെ പരമ്പരാഗതമായി നേടിയ വാസ്തുശാസ്ത്രവുമായി ഇണക്കിച്ചേര്‍ക്കുകയും ചെയ്തിരുന്നു. ഇത്തരം പരീക്ഷണങ്ങള്‍ക്കു തുടക്കമിട്ടതും പരിപോഷിപ്പിക്കപ്പെട്ടതും പെരുമാള്‍വാഴ്ചക്കാലത്ത് ആണെങ്കിൽ സ്വതന്ത്രമായ സ്വരൂപവാഴ്ചക്കാലത്ത് അതു വളർച്ചയുടെ പരമകോടിയിലെത്തി. വിവിധ ആകാരങ്ങളിലുള്ള ശ്രീകോവിലും ദാരുശില്പ സമ്പന്നമായ നമസ്കാരമണ്ഡപവും നാലുകെട്ടും കൂത്തമ്പലവും ആനക്കൊട്ടിലുകളും ഗോപുരങ്ങളും ഗജപൃഷ്ടമതിലുമൊക്കെ ചേർന്ന മുക്കാൽവട്ടങ്ങളും നാലുകെട്ടും എട്ടുകെട്ടും പതിനാറുകെട്ടുമൊക്കെയായി ഗൃഹ സമുച്ചയങ്ങളും രൂപമെടുത്തത്
അങ്ങനെയാണ്. ജലയാനങ്ങളുടെ നിര്‍മ്മാണത്തില്‍ പരമ്പരാഗതരീതിയും അറബികളും പറങ്കികളും മുഖേനയുണ്ടായ പുത്തന്‍ അറിവുകളും സംയോജിക്കപ്പെട്ടിരുന്നു. ഈ മേഖലയിലുള്ളവരെയെല്ലാം തങ്ങളുടെ പ്രധാന കേന്ദ്രങ്ങളില്‍ വരുത്തി പാര്‍പ്പിക്കേണ്ടത് ഭരണവര്‍ഗ്ഗത്തിന്റെ കടമയുമായിരുന്നു.
തെക്കുംകൂറിലെ വാസ്തുവിദ്യാവിദഗ്ദ്ധരായവരെ കുടുംബസമേതം കൊണ്ടുവന്നത് കൊടുങ്ങല്ലൂര്‍, മധുര, തഞ്ചാവൂർ, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍, ഇടപ്പള്ളി എന്നിവിടങ്ങളില്‍ നിന്നാവാം എന്നത് ആ വിഭാഗങ്ങളിൽ വാമൊഴിയായി നില നിന്നു വരുന്ന പൂർവ്വികസ്മരണയിൽ നിന്ന് അറിയാന്‍ കഴിയുന്നുണ്ട്. മരപ്പണി, കല്‍പ്പണി, ലോഹപ്പണി, ആഭരണനിര്‍മ്മാണം എന്നീ തൊഴിലുകളില്‍ വിദഗ്ധരായവരുടെ കുടുംബങ്ങള്‍ അടുത്തടുത്തായാണ് ജീവിച്ചുവന്നത്. പ്രധാനമായും ക്ഷേത്രനിര്‍മ്മാണത്തിനായി എത്തിച്ചേർന്ന ഓരോരുത്തര്‍ക്കും കരമൊഴിവായി സ്ഥലങ്ങളും മറ്റു വസ്തുവകകളും ഭരണാധികാരികൾ അനുവദിച്ചു കൊടുത്തിരുന്നു. ക്ഷേത്രങ്ങളിലെ സ്ഥപതിസ്ഥാനം പരമ്പരയായി നിലനിര്‍ത്തുന്നതിനുള്ള അവകാശം അതതു ക്ഷേത്രങ്ങളുടെ സ്ഥാനം
നിശ്ചയിച്ച് രൂപകല്പന നടത്തിയ പ്രമാണിമാരുടെ പിന്മുറക്കാർക്കായിരുന്നു. വാസ്തുശാസ്ത്രപരമായ പ്രമാണങ്ങൾ കൈകാര്യം ചെയ്തിരുന്നതിനാലാവാം “പ്രമാണി” എന്ന പേരിലാണ് സ്ഥപതികുടുംബങ്ങളിൽ മൂത്താശാരി അറിയപ്പെട്ടിരുന്നത്.വാണിജ്യവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് വരുത്തിപ്പാര്‍പ്പിച്ചിരുന്ന ഇതരവിഭാഗങ്ങള്‍ക്കായി ഉചിതമായ പാർപ്പിടങ്ങൾ നിര്‍മ്മിച്ചുനല്‍കുന്നതിന് ഈ തച്ചപ്രമാണിമാരുടെ പ്രാഗത്ഭ്യം ആവശ്യമായിവന്നു. രാജാക്കന്മാരുടെ ഇക്കാര്യത്തിലുള്ള ശുഷ്‌കാന്തിയും പ്രോത്സാഹനവും കൂടിയായപ്പോള്‍ നൂറ്റാണ്ടുകളോളം നിലനില്‍ക്കണം എന്ന മുന്‍നിശ്ചയത്തോടെ പണിതുയര്‍ത്തിയ വാസഗൃഹങ്ങൾ അങ്ങാടിയുടെ അലങ്കാരമായി മാറി. തനതായി വികസിതമായ ഒരു വാസ്തുവിദ്യാസമ്പ്രദായം രൂപമെടുത്തു.
താഴത്തങ്ങാടിയിൽ മീനച്ചിലാറിൻ്റെ കിഴക്കേ കരയിൽ വ്യാപാരികളായ നസ്രാണികളുടെ വീടുകളാണ് കൂടുതലായി കാണപ്പെടുന്നതെങ്കിൽ പടിഞ്ഞാറേകരയായ കുമ്മനത്ത് മുസ്ലിങ്ങളുടെ വീടുകളാണ് ഏറെയുള്ളത്. 300 വർഷം പഴക്കമുള്ളവ മുതൽ 150 വർഷം മുമ്പ് പണിത വീടുകൾ വരെ ഇവയിൽ പെടും. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾക്കിടയിൽ തന്നെ താഴത്തങ്ങാടിയിലെ തനതു പാരമ്പര്യശൈലിയിലുളള ഇരുപതോളം വീടുകൾ പൊളിച്ചുമാറ്റപ്പെടുകയും ആ സ്ഥാനത്ത് കോൺക്രീറ്റ് പെട്ടികൾ പ്രത്യക്ഷപ്പെടുകയും ചെയ്തിരിക്കുന്നു.
താഴത്തങ്ങാടിയിലെ വീടുകളുടെ പൊതുവായ വാസ്തുമാതൃക എങ്ങനെ രൂപമെടുത്തു എന്ന അന്വേഷണത്തിന് വളരെ പ്രസക്തിയുണ്ട്. കാലപ്പഴക്കത്തിനനുസരിച്ച് ശൈലിയിലും വ്യത്യാസങ്ങൾ കാണപ്പെടുന്നുണ്ട്. ക്രിസ്ത്യാനികളുടെ വീടുകൾക്കും മുസ്ലിങ്ങളുടെ വീടുകൾക്കും വ്യത്യസ്തമായ ശൈലി കാണാനാവും. കേരളീയ വാസ്തു ശാസ്ത്രത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ പാലിച്ചുള്ളവയാണ് എങ്കിലും നദിക്ക് അഭിമുഖമായി നിരന്നിരിക്കുന്ന ഈ വീടുകൾക്ക് നാലുകെട്ട് പോലെയുള്ള പരമ്പരാഗതരീതിയല്ല കാണുന്നത്.
ക്രിസ്ത്യൻ വീടുകൾക്ക് സുറിയാനി – പോർച്ചുഗീസ് ശൈലികളുടെ സമന്വയമാണ് കാണാനാവുക. കുന്നംകുളത്ത് കാണപ്പെടുന്ന പഴയ സുറിയാനിഗൃഹങ്ങളുടെയും മട്ടാഞ്ചേരിയിൽ കാണപ്പെടുന്ന പോർച്ചുഗീസ് മാൻഷനുകളുടെയും രൂപപരമായ പ്രത്യേകതകൾ കേരളീയ നിർമ്മാണരീതികളിൽ ഇവിടെ തെളിഞ്ഞു കാണാനാവുന്നു.
കച്ചവടക്കാരുടെ വീടുകൾക്ക് വേണ്ടതായ അറകളും വരാന്തകളും ഈ വീടുകളുടെ പ്രത്യേകതയാണ്. നദീതീരത്ത് അധികമൊന്നും ഉയർന്നല്ല സ്ഥിതി ചെയ്യുന്നതെങ്കിലും. എങ്കിലും ഭൂഗർഭ അറകളും ഈ വീടുകൾക്കുണ്ട്. തേക്ക്, പ്ലാവ്, ആഞ്ഞിലി തുടങ്ങിയ മരങ്ങൾ കൂടുതലായി ഉപയോഗിച്ചാണ് ഇവയുടെ നിർമ്മിതി. മേൽക്കൂട്ടും ഭിത്തിയുമൊക്കെ തടിയായതിനാൽ വിട്ടുകൾക്കുള്ളിൽ സമശീതോഷ്ണമായ കാലാവസ്ഥയാണുള്ളത്. ഈ വീടുകളെ കുറിച്ച് നിരവധി ആർക്കിടെക്ച്ചർ വിദ്യാർത്ഥികളും ഗവേഷകരും പഠനങ്ങൾ നടത്തിയിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിൻ്റെ ആരംഭത്തിലാണ് കോട്ടയം തളിയിൽ മഹാദേവ ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ തെക്കുംകൂർ രാജാവ് പുതുക്കിപ്പണിയുന്നത്.
കൊട്ടാരം സ്ഥപതിയായിരുന്ന മഠത്തിങ്കൽ മൂത്താശാരിയാണ് ക്ഷേത്രത്തിൻ്റെ പ്രധാന വാസ്തുശില്പിയെന്ന് കരുതുന്നു. ഇടപ്പള്ളിയിൽ നിന്നെത്തിയ കൽപ്പണിക്കാരാണ് നിർമ്മാണത്തിൽ പങ്കു ചേർന്നത്. ക്ഷേത്രത്തിൻ്റെ ശ്രീകോവിലിൻ്റെ നിർമ്മിതി പ്രത്യേകതകളോടു കൂടിയതാണ്.താഴത്തങ്ങാടി ജുമ മസ്ജിദ് കേരളീയ വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമാണ്. പഴയ കാല മുസ്ലിം പള്ളികളിൽ തടിയിൽ ഇത്രയും സങ്കീർണ്ണമായ കൊത്തുപണികളോടു കൂടിയത് വേറെയുണ്ടാകാനിടയില്ല.
കോട്ടയം വലിയ പള്ളിയുടെയും ചെറിയപള്ളിയുടെയും നിർമ്മാണത്തിൽ പോർച്ചുഗീസ് വാസ്തുവിദഗ്ദ്ധനായ അന്തോണി മേസ്തിരിയോടൊപ്പം നാട്ടുകാരായ മൂത്താശാരിമാർ സഹകരിച്ചിരുന്നു എന്ന് അറിയാൻ കഴിയുന്നുണ്ട്. അങ്ങനെയെങ്കിൽ പോർച്ചുഗീസ് സമ്പ്രദായം മനസ്സിലാക്കിയെടുക്കാനും പ്രയോഗിക്കാനും നാട്ടുകാരായ തച്ചൻമാർക്ക് സാഹചര്യമൊരുങ്ങിയിട്ടുണ്ടാവും.അതു കൊണ്ടു തന്നെയാകാം താഴത്തങ്ങാടിയിലെ വീടുകളിലും ഈ സാംസ്കാരികസമന്വയം ദൃശ്യമാകുന്നതും.
കോട്ടയം തളിയില്‍ക്ഷേത്രവും താഴത്തങ്ങാടി ജുമാ മസ്ജിദും പണിയുന്നതിനായി വിശ്വകര്‍മ്മജർ കൊടുങ്ങല്ലൂരില്‍ നിന്നാണ് എത്തിയതെന്നു കരുതപ്പെടുന്നു. അതില്‍ ഒരു കുടുംബത്തിലെ രണ്ടു മൂത്താശാരിമാർ ജുമാ മസ്ജിദിൻ്റെ പണിക്കിടെ താഴെ വീണ് മരണപ്പെട്ടതായുള്ള വാമൊഴികഥ പ്രചാരത്തിലുണ്ട്.
താഴത്തങ്ങാടിയില്‍ മീനച്ചിലാറിന് അഭിമുഖമായി കാണുന്ന പുരാതനമായ ചില ഗൃഹങ്ങൾ വേളൂരിലെ വടക്കേടത്ത് കണ്ടങ്കാളി ആചാരിയാണ് നിർമ്മിച്ചതെന്ന് മുഖപ്പിൽ രേഖപ്പെടുത്തിയത് കണ്ടിട്ടുണ്ട്. വേളൂര്‍ പാറപ്പാടം ക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തെക്കേടത്ത്, വടക്കേടത്ത് എന്ന കുടുംബക്കാരുടെ മുൻഗാമികളാണ് സ്ഥപതികളായി അറിയപ്പെടുന്നത്.. തെക്കേടത്ത് കുഞ്ഞുപിള്ള ആചാരിയും മൂന്നുതലമുറ മുമ്പുള്ള പ്രശസ്തനായ ഒരു തച്ചപ്രമാണിയായിരുന്നു. താഴത്തങ്ങാടിയിൽ തന്നെയുള്ള ചില വീടുകള്‍ അദ്ദേഹത്തിന്റെ വാസ്തുവിദ്യാ വൈഭവത്തിന് ഉദാഹരണങ്ങളാണ്.
തെക്കേടത്ത് കുടുംബത്തില്‍ മുന്‍കാലത്ത് ദേവീഭക്തനായ ഒരു തച്ചപ്രമാണി ഉണ്ടായിരുന്നു. പാറപ്പാടത്തെ സ്ഥപതീസ്ഥാനം മുറയ്ക്ക് അദ്ദേഹത്തിനായിരുന്നു ലഭ്യമായിരുന്നത്. തെക്കുംകൂര്‍ രാജാവിനുണ്ടായ ഏതോ തെറ്റിദ്ധാരണയുടെ ഫലമായി ഈ സ്ഥാനം നഷ്ടമാകുകയും ഏഷണിക്കാരനായ മറ്റൊരു ആശാരിക്ക് കല്പിച്ചു നല്കുകയും ചെയ്തു. ഇതറിഞ്ഞ് അത്യന്തം വിഷണ്ണനായിത്തീര്‍ന്ന ആ അഭിമാനി അലമുറയിട്ടുകൊണ്ട് പാറപ്പാടത്ത് ദേവിസന്നിധിയിലെത്തുകയും ബലിക്കല്ലില്‍ വിതുളികൊണ്ട് കഴുത്തറുത്ത് ആത്മഹൂതി ചെയ്യുകയും ചെയ്തത്രെ. ഈ കാരണവരുടെ ആത്മാവിനെ ആവാഹിച്ച് അറുകൊലയായി പ്രതിഷ്ഠിച്ചിരിക്കുന്നു.
അയ്മനം, ഒളശ്ശ തുടങ്ങിയ പ്രദേശങ്ങളിലെ ക്ഷേത്രനിര്‍മ്മാണത്തിന് ചുമതലപ്പെടുത്തിയ സ്ഥപതികളുടെ ഒരു കുടുംബമുണ്ടായിരുന്നു. അവരിൽ ചിലരെ കുമ്മനം ദേശത്തെ നിര്‍മ്മാണകാര്യങ്ങള്‍ക്കായി കൊണ്ടുവന്നു പാര്‍പ്പിച്ചു. പെരുമ്പാലയില്‍ എന്ന പേരിലറിയപ്പെട്ടിരുന്ന കുടുംബക്കാരാണ് ഇളങ്കാവ് ദേവീക്ഷേത്രം, തൈക്കാട്ട് തൃക്കയില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ പണിതുയര്‍ത്തിയത്. മീനച്ചിലാറിനോടു ചേര്‍ന്നുള്ള വിവിധ മുസ്ലീംഭവനങ്ങള്‍ ഇവരുടെ പ്രതിഭയെ ഉയര്‍ത്തിക്കാട്ടുന്നു. കോയിപ്പുറത്ത്, വെടിപ്പുരയ്ക്കല്‍, വലിയവീട്ടില്‍ എന്നിവ പ്രധാന ഉദാഹരണങ്ങളാണ്.
പെരുമ്പാലയില്‍ കൊച്ചുപണിക്കര്‍ രണ്ടുതലമുറയ്ക്ക് മുമ്പുണ്ടായിരുന്ന ഒരു പ്രശ്‌സ്ത തച്ചപ്രമാണിയായിരുന്നു. ശബരിമലക്ഷേത്രം അഗ്നിബാധയെത്തുടര്‍ന്ന് പുനര്‍നിര്‍മ്മിച്ചപ്പോള്‍ വാസ്തുവിന്റെ മേല്‍നോട്ടം കൈകാര്യം ചെയ്യുന്നതിന് നിയോഗിക്കപ്പെട്ട ആശാരിമാരുടെ സംഘത്തില്‍ ഇദ്ദേഹത്തിന്റെ മൂത്ത പുത്രനായ നാരായണനാചാരിയും ഉൾപ്പെട്ടിരുന്നു.
ഈ കുടുംബങ്ങളോടൊപ്പം പ്രദേശത്തെ വീടുനിര്‍മ്മാണത്തിനും ഗൃഹോപകരണനിര്‍മ്മാണത്തിനുമായി എത്തിച്ചേര്‍ന്ന കുടുംബങ്ങളുടെ പിന്‍മുറക്കാര്‍ മണലേൽ, ആലയ്ക്കല്‍, പുതിയാറ, ചെറുകോത്ര എന്നീ കുടുംബപ്പേരുകളില്‍ കുമ്മനം ദേശത്ത് വസിച്ചുവരുന്നു. വൈദ്യം, ശസ്ത്രക്രിയ എന്നീ ചികിത്സാരീതികളിൽ പ്രാവീണ്യം നേടിയിരുന്ന പല വ്യക്തികളെയും ചെറുകോത്ര എന്ന കുടുംബം സംഭാവന ചെയ്തിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചെറുകോത്ര വൈദ്യര്‍ ആ നിലയില്‍ പ്രശസ്തനായിരുന്നു.വഞ്ചിപ്പണിയുമായി ബന്ധപ്പെട്ട് കുട്ടനാട്ടില്‍നിന്നും എത്തിയവരുടെ പിന്‍മുറക്കാരും കുമ്മനത്ത് ഇന്നുമുണ്ട്.
തെക്കുംകൂര്‍ രാജാവ് തിരുനക്കര മഹാദേവക്ഷേത്രം പണിയുന്നതിനായി വരുത്തിപ്പാര്‍പ്പിച്ച മൂത്താശാരിയുടെ കുടുംബമാണ് മഠത്തിങ്കല്‍ എന്ന പേരില്‍ പുത്തനങ്ങാടിയിലും തിരുനക്കരയുടെ വടക്കേ ചെരുവിലും രണ്ടു ശാഖകളായി വസിച്ചുവരുന്നത്. ഇവരോടൊപ്പം ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് എത്തിച്ചേര്‍ന്ന മറ്റൊരു കുടുംബക്കാര്‍ തോട്ടകത്ത് എന്ന പേരില്‍ തിരുവാതുക്കല്‍ വസിച്ചുവരുന്നു. തിരുനക്കര മഹാദേവക്ഷേത്രത്തിന്റെ സ്ഥപതീസ്ഥാനം അലങ്കരിച്ച മഠത്തിങ്കല്‍ ആശാരിമാരുടെ കുടുംബത്തിന് ചിറയില്‍പാടത്തിനും തിരുനക്കരയ്ക്കും ഇടയിലുള്ള സ്ഥലം കരമൊഴിവായി നല്‍കുകയും ക്ഷേത്രത്തില്‍നിന്ന് ആണ്ടോടാണ്ട് പലവിധ അവകാശങ്ങളും കല്പിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ആ കുടുംബത്തിലെ പിന്മുറക്കാര്‍ പറയുന്നു.പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് പള്ളി, പുത്തനങ്ങാടി കുരിശുപള്ളി എന്നിവയുടെ നിര്‍മ്മാണത്തില്‍ ഈ കൂടുംബത്തിലെ വാസ്തുവിശാരദന്മാർ വഹിച്ച പങ്ക് സ്മരണീയമത്രെ.
ലേഖകൻ : പള്ളിക്കോണം രാജീവ്
സംസ്ഥാന കോ ഓഡിനേറ്റർ കേരള പ്രാദേശികചരിത്ര പഠനസമിതി
ഫോട്ടോ കടപ്പാട് :ഡോ. ബിനുമോൾ ടോം (ആർക്കിടെക്റ്റ് )
പരമ്പരാഗതമായ മറ്റൊരു നിർമ്മിതിയെക്കുറിച്ച് വായിക്കാൻ click :
https://malayalam.archnest.in/an-architectural-brilliance/(opens in a new tab)