മനോഹരമായൊരു ദൃശ്യം വീടിനടുത്തുള്ളപ്പോൾ എന്തിനാണ് കൃത്രിമ വസ്തുക്കൾ കൊണ്ട് അകത്തളം നിറക്കുന്നത്.ചുറ്റിനുമുള്ളത് ചിലപ്പോ കുന്നാവാം,അടുത്ത പ്ലോട്ടിലെ മരമാവാം പുഴയാവാം അങ്ങനെ പലതുമാവാം പ്രകൃതിയുടെ വരദാനങ്ങളെ അകത്തളത്തിൻറെ ഭാഗമാക്കുക അതുവഴി അകവും പുറവും തമ്മിലുള്ള ലയനം സാധ്യമാക്കുക .(interior exterior merging ) പെരിയാറിന്റെ തീരത്തുള്ള ഈ വീട് കാണുമ്പോൾ ഇത്തരമൊരു ചിന്തയാണുരുക.
ഉപയോഗിക്കുന്ന മെറ്റീരിയലിൻറെ പ്രൈസ് ടാഗിലോ,കൃത്രിമമായ് സൃഷ്ടിച്ചെടുക്കുന്ന അലങ്കാരത്തിലോ,ആർഭാടത്തിലോ അല്ല ഒരു വീട് ചൈതന്യമുള്ളതാവുന്നത്.ഓരോ വീടും പണിത് കഴിഞ്ഞ് അതിൽ താമസിച്ച് തുടങ്ങുമ്പോൾ ആ വീടിന് കൊടുക്കുന്ന എനർജിയും ആ വീട് തിരിച്ചു നൽകുന്ന ഒരു എനർജിയുമുണ്ട് ഇതു രണ്ടും ബാലൻസിലാവുമ്പോഴാണ് വീട് ചൈതന്യമുള്ളതാവുന്നത്. അവിടെയാണ് വാസ്തുവിദ്യ വിജയിക്കുന്നത്.
ഇതൊരു റെനൊവേഷൻ പ്രൊജക്റ്റാണ് .പ്ലോട്ടിൽ നിലവിലുണ്ടായിരുന്ന ചെറിയൊരു സ്ട്രക്ച്ചർ അതിനെ പുതുക്കിയെടുത്തു.മുകളിൽ ഒരു നില കൂട്ടിച്ചേർത്തു. ഒരു വരാന്ത വഴി പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് മറ്റൊരു നിർമ്മിതി അടുത്ത് തന്നെ തീർത്തു.പഴയ സ്ട്രക്ച്ചറിനു മുന്നിലും പിന്നിലും ആയി വരാന്തകളും ഉള്ളിൽ കോർട്യാർഡും നൽകി.
രണ്ടു ബെഡ്റൂമുകൾ,ഒരു എന്റർടൈൻമെന്റ് ഏരിയ ഹോം തീയേറ്റർ ബാൽക്കണികൾ കിച്ചന്റെ സമീപം വർക്ക് ഏരിയ എന്നിവയെല്ലാം പുതുതായി ചെയ്തെടുത്തു ബെഡ്റൂം പുതുക്കിയപ്പോൾ പഴയ സ്ട്രക്ചറിൻറ ഭാഗമായുണ്ടായിരുന്ന ഭിത്തിയെ മരം കൊണ്ട് പൊതിഞ്ഞു ഒരു ഡിസൈൻ എലമെൻറാക്കി.
ഈ കൂട്ടിച്ചേർക്കലുകളെല്ലാം കഴിഞ്ഞു നിറയെ ജനാലകളും സുതാര്യമായ ഗ്ലാസ് ചുമരുകളും ഭംഗിയുള്ള വരാന്തകളും കൂടി ആയപ്പോൾ വീടിന്റെ മുൻഭാഗവും പിൻഭാഗവും ഒരേപോലെ ഭംഗിയുള്ളതായി.ഒരു ബൊട്ടിക് റിസോർട്ട് പോലെ
പുഴയുള്ളത് വീടിന്റെ പിന്നിലാണ്.പുഴയുടെ കാഴ്ചകളെ വീടിന്റെ ഉള്ളിലും വ രാന്തകളിലും നിറച്ചു.ചുറ്റിനുമുണ്ടായിരുന്ന മരങ്ങൾക്ക് പുറമെ ലാൻഡ്സ്കേപ്പും ചെയ്തു പച്ചപ്പ് ഒന്ന് കൂടി നിറച്ചപ്പോൾ എലിവേഷൻറെ കാഴ്ചക്ക് ഭംഗി കൂടുതൽ മുന്നിലാണോ പിന്നിലാണോ എന്ന് ചിന്തിപ്പിക്കും വിധമായി .
ഇന്റീരിയറിൻറെ കാര്യമെടുത്താൽ ലിവിങ് ഡൈനിങ് ഏരിയകൾക്ക് ചുമരിൽ ചെങ്കല്ലിൻറെ ക്ലാഡിങ്ങും സീലിങ്ങിലും നിലത്തും എക്സ്പോസ്ഡ് കോൺക്രീറ്റിന്റെ ഗ്രേ കളറുമാണ്.ഫാമിലി ഡൈനിങ്ങിന്റെ സമീപമുള്ള വരാന്തക്കും ചെങ്കൽ ക്ലാഡിങ് തന്നെ.ഇവിടെ ഒരു ചുമരിൽ വുഡ് കൊണ്ട് ഹൈലൈറ്റ് ചെയ്തു പ്രെയർ ഏരിയ സ്ഥാപിച്ചു.ഇവിടുത്തെ വരാന്ത നൽകുന്ന കാഴ്ചക്ക് ഏറെ പ്രാധാന്യമുണ്ട്.
പുഴയും പുഴയിലെ ചീന വലയും ചുറ്റിനുമുള്ള മരങ്ങളും പച്ചപ്പുമെല്ലാം ഉള്ളിലും എത്തുന്നുണ്ട്.അകത്തിരുന്നാലും പുറത്തിരിക്കുന്ന അനുഭവം.അകത്തളത്തിലെ ഓരോ ഏരിയയും ഇന്നയാവശ്യത്തിനു മാത്രമേ ഉപയോഗിക്കാവു എന്ന നിബന്ധനയൊന്നുമില്ല.എവിടെ വേണമെങ്കിലുമിരിക്കാം.സ്റ്റെയർകേസിനടിയിൽ, സ്റ്റെപ്പിൽ, ലിവിങ്ങിൽ വരാന്തകളിൽ ,കോർട്യാർഡിൽ അങ്ങനെ എവിടെയും.സ്റ്റെയർകേസ് കയറുന്നത് ഗ്ലാസ് ചുമരുകൾക്ക് അപ്പുറമുള്ള കോർട്യാർഡിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടാണ്.സ്റ്റെയർകേസ് ഏരിയ ഇവിടെ ഒരു ഡിസൈൻ എലമെന്റായി മാറുന്നുണ്ട്.
നാലുപാടും തുറക്കുന്ന ജനാലകൾ അതിലൂടെ ഉള്ളിലേക്ക് എത്തുന്ന പരിസര ക്കാഴ്ചകൾ.നിത്യജീവിതത്തിലെ ഓരോ നിമിഷത്തെയും അനുഭവമാക്കി മാറ്റുന്ന ആസ്വാദ്യകരമാക്കുന്ന അകത്തളം .വെളുത്ത ശൂന്യമായ ചുമരുകൾ ഉള്ളിൽ വെളിച്ചം നിറയ്ക്കാൻ സഹായിക്കുന്നു.കിച്ചൻറ വർക്കേരിയ ഒരു ഗാർഡനായാണ് ഡിസൈൻ ചെയ്തിട്ടുളളത്.ജി ഐ പൈപ്പിലും സുതാര്യമായ റുഫിലും വല്ലികൽ പടർന്നു കയറിയിട്ടുണ്ട്. ഇവിടുത്തെ പുറംചുമരിനും ചെങ്കല്ലിൻറ ക്ളാഡിങ്ങാണ്.ഇത് എലിവേഷൻറ കാഴ്ച യെ ഒന്ന് കൂടി ആകർഷകമാക്കുന്നു.
പിന്നിലെ പുഴക്കരയിൽ കാഴ്ചകൾ കണ്ടിരിക്കാൻ ഇരിപ്പിടങ്ങൾ സ്ഥാപിച്ചു.പ്രാദേശികമായ, കാലാവസ്ഥക്ക് ഇണങ്ങുന്ന നിർമ്മാണ രീതിയും മെറ്റീരിയലുകളും .ഗുണമേന്മയിൽ ഒന്നിനും വിട്ട് വീഴ്ചയില്ല.കാറ്റ് മഴ വെയിൽ എന്നിങ്ങനെ പുറത്തേ ഓരോ മാറ്റവും അനുഭവവേദ്യമാക്കുന്ന വരാന്തകൾ;വീട് എന്ന അനുഭവത്തെ ഓരോ ഇഞ്ചിലും ഏതു പ്രവർത്തി ചെയ്യുമ്പോഴും അതിൻറ പൂർണ്ണതയിൽ അനുഭവിക്കാൻ ആസ്വദിക്കാൻ കഴിയുന്ന ഇടം.
Plan
PROJECT TEAM
AR.Shyam RajChandroth, AR.Liya Paul,ER.Ajesh M C
7th HUE Architecture Collective,Patturaickkal ,Trissur
Contact : 9061048106/7012424405
Plot : 15 Cent, Total sqft : 4020 SQFT,Place : N.Pravur
Photos & Video: AR.Midhul M K, AR.Anas.M