
ചരിത്രത്തിലും,കവിതയിലും, കഥയിലും,സിനിമയിലും,ഏറ്റവും ഒടുവിലായി ലോകം നിറയുന്ന മലയാളിയുടെ ഗൃഹാതുരത്വത്തിന് ഒറ്റവാക്കിലുളള ഉത്തരവും കൂടിയാകുന്നു നാലുകെട്ട്. ഇങ്ങനെ പറയാൻ കാരണമുണ്ട്.വാസ്തുവിദ്യ എന്നത് എല്ലാ കലകളുടെയും,ശാസ്ത്രശാഖകളുടെയും സമന്വയം ആകുന്നു.
വസ്ത്രസങ്കല്പങ്ങൾ, ആഹാരരീതികൾ, ആഘോഷങ്ങകൾ, തന്ത്രശാസ്ത്രം, ആയൂർവ്വേദം, ജ്യോതിശാസ്ത്രം,മനഃശാസ്ത്രം എന്നിങ്ങനെ; ജീവനെയും, ജീവിതത്തെയും സ്വാധീനിക്കുന്ന ഏതൊരു വിഷയവും വാസ്തുവിദ്യയിൽ ഒഴിവാക്കാനാവാത്തതാകുന്നു.
നാലുകെട്ടിലെ സ്വാസ്ഥ്യം എന്തൊക്കെ എന്നും അതിന് കാരണമെന്ത് എന്നും നമുക്കിവിടെ നോക്കാം. അതിനാദ്യം നാലുകെട്ടിൻറെ ഘടന അറിയാൻ ശ്രമിക്കാം.

.
ഒരു ചതുരത്തെ ഒമ്പത് കളങ്ങളാക്കി അതിന്റെ നടുവിലത്തെ കളമൊഴികെ നാലുപാടും മേൽക്കൂര കെട്ടി ഉണ്ടാക്കുന്ന ഒരു ആവാസവ്യവസ്ഥയാണ് നാലുകെട്ട് .
നാലുകെട്ടിൻറെ ഘടന
പ്രകൃതിയിലെങ്ങും നിറഞ്ഞുനിൽക്കുന്ന ആകാശത്തിന്റെ ഒരിത്തിരി നമുക്കുതകും വിധം നാലു ചുമരുകൾക്കുളളിലാക്കുന്നതോടൊപ്പം (സൂക്ഷ്മാവസ്ഥയിൽ നമ്മുടേതാക്കുമ്പോൾ തന്നെ സ്ഥുലാവസ്ഥയിലുളള ആകാശത്തെ),വായുമണ്ഡലത്തെ നമ്മുടെ ഇത്തിരിപ്പോന്ന ആവാസ സ്ഥാനവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു ഉദാത്തമായ ഉദാഹരണമാണ് നാലുകെട്ടും നടുമുറ്റവും.
ആത്മാവ് പത്മാത്മാവ് എന്നൊക്കെ ഭക്തി മാർഗ്ഗത്തിൽ പറഞ്ഞാലും,സ്ഥൂലം,സൂക്ഷ്മം എന്നിങ്ങനെ തന്ത്രപരമായി സമീപിച്ചാലും,ശുദ്ധമായ കാറ്റ്, വെളിച്ചം മുതലായവ ലഭ്യമാക്കുന്ന ഒരു ആരോഗ്യ-ജീവനമാർഗ്ഗം ആയി കണ്ടാലും അടച്ചിട്ട മുറികളും തിങ്ങിനിറഞ്ഞ ഫർണിച്ചറും ഒഴിവാക്കി, കാഴ്ചയിൽ തെളിമ നിറച്ച് മഞ്ഞായും,മഴയായും തെന്നലായും നമ്മെ തലോടുന്ന കൊച്ചുമുറ്റം മനുഷ്യമനസ്സിന്റെ വിഹ്വലതകൾക്ക് സമാശ്വാസമാകുന്നു. കടലോ, കാർമേഘമോ, മരുഭൂമിയോ, മലനിരകളോ ആവട്ടെ പ്രകൃതി എന്നും മനസ്സിന് സാന്ത്വനം നൽകുന്നു.

ഏതാചാരങ്ങൾ നോക്കിയാലും സംസ്കൃതിയുടെ ഏത് തിരുശേഷിപ്പ്നോക്കിയാലും ഇതറിയാൻ കഴിയും. സഫാ-മാർവാ മലകളുടെ ചോട്ടിൽ സാഫല്യം നേടുന്ന മനസ്സുകളും, കരിമല നടന്നു കയറി ‘തത്ത്വമസി‘ എന്നറിയുന്ന മനസ്സുകളും ഇതുതന്നെ പറയുന്നു. തീർത്ഥയാത്രകളിൽ അനുഭവവേദ്യമാകുന്ന ആ ചേതന നിത്യജീവിതത്തിലെ ചട്ടക്കൂടിൽ പോലും പ്രതിഫലിപ്പിക്കുന്ന വാസ്തുവിദ്യാ സമ്പ്രദായമാണ് നാലുകെട്ടുകൾ
സൂര്യര്ശമികൾ മനസ്സിനെ ഊർജ്ജിതപ്പെടുത്തുമ്പോൾ, ചന്ദ്രര്ശമികൾ മനസ്സിനെ ശാന്തമാക്കുന്നു.
നാട്ടുവെളിച്ചം നിറഞ്ഞ നടുമുറ്റത്ത് സ്ത്രീകളുടെ, ഇടുങ്ങിയ, ചെറിയ ലോകം പുറമേക്ക് അടച്ചിട്ടതെങ്കിലും ഉളളം നിറമുറ്റതാക്കുന്നു. (നാമകരണമോ, ഷഷ്ടിപൂർത്തിയോ, വിവാഹമോ) നടുമുറ്റവും, തെക്കിനിത്തറയും മുറ്റത്തിനു ചുറ്റമുളള വരാന്തയും ചേർന്നുളള സ്ഥലം, കാരണവൻമാർക്കും, അതിഥികൾക്കും, കുട്ടികൾക്കും എന്നു വരുകയും ; മരയഴികൾക്കപ്പുറത്തെ തളം അൽപം സ്വകാര്യതയോടെ സ്ത്രീകളുടേതുമാകുന്നു. (ഉത്തരേന്ത്യയിലെ കെട്ടിടങ്ങളിൽ മരത്തിനു പകരം കല്ലുപാളികൾ കൊത്തി ഇത്തരം സ്ക്രീനുകൾ ഉണ്ടാക്കിയിരിക്കുന്നതു കാണാം.)
നമ്മുടെ കൊച്ചുകേരളത്തിൽ നാലുപാടും കെട്ടിയുറപ്പിച്ചു സംരക്ഷിച്ചെടുത്ത ഒരു കീറ് ആകാശം എന്നതിൽ നിന്നും ഏതൊക്കെ രീതിയിൽ നാലുകെട്ട് എന്ന ആശയത്തെയും, ജീവിതരീതിയെയും എങ്ങനെയൊക്കെ പരിപോഷിപ്പിച്ചെടുത്തിരിക്കുന്നു എന്ന് പരിശോധിക്കാം.

ഒരു നിലവിളക്കിനെ ശ്രദ്ധിക്കുക-സ്വതന്ത്രമായി നിൽക്കുന്നതോടൊപ്പം, അതിന്റെ രൂപഭംഗി, നിർമ്മിക്കാനുപയോഗിച്ച ലോഹക്കുട്ട് ഇവയൊക്കെ ശ്രദ്ധിച്ചാൽ അതിൽനിന്നും എന്തെങ്കിലും മാറ്റാനോ അതിലേക്ക് എന്തെങ്കിലും കൂട്ടിച്ചേർക്കാനോ ഇല്ല എന്നു മനസ്സിലാകും. തെളിഞ്ഞുകത്തുന്ന ഒരു സാധാരണ നിലവിളക്ക് അങ്ങനെ അഗ്നിയുടെ സാന്നിദ്ധ്യവും, പ്രകാശസ്രോതസ്സും, സർവ്വോപരി ഒരു നല്ല വ്യക്തി, കുടുംബ, സമൂഹജീവിതത്തിന്റെ തെളിമയാർന്ന ഉദാഹരണവുമാകുന്നു.

ചരിത്രകാരൻ അയ്യങ്കാർ മലയാള വസ്ത്രധാരണ രീതിയെപ്പറ്റി പറഞ്ഞത് ശ്രദ്ധിക്കാം. ഇന്ത്യക്ക് മുഴുവനായി ഒരു വേഷവിധാനം ആലോചിക്കുകയാണെങ്കിൽ അത് നമ്മുടെ കൊച്ചു കസവുകരയുളള മുണ്ടും,നേര്യതുമാകുന്നു.തലയിൽ ചുറ്റാനും തോളിലിടാനും,പുതച്ചു നടക്കാനും,പറ്റുന്ന വിധത്തിൽ രണ്ടു ഭാഗങ്ങളായി ഉപയോഗിക്കുന്നതിനുളള കാരണവും കൂടി നോക്കാം.അത് നാലുകെട്ടിനുളളിലെ സ്വാസ്ഥ്യത്തിന്റെ കാരണം ഒന്നുകൂടി വ്യക്തമാക്കും.

TROPICAL CLIMATE എന്ന്, പറയുന്ന ചൂടും വിയർപ്പും തണലും മാറിമാറി വരുന്ന കലാവസ്ഥകളുളള മലയാളനാട്ടിൽ വളരെ ആലോചിച്ചുണ്ടാക്കിയ ഒരു വസ്ത്രസംവിധാനമാണ് മുണ്ടും, നേര്യതും (അഥവാ രണ്ടാംമുണ്ട്.). ജാതിയും മതവും ഏതായാലും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഏതായാലും ഇത്തരം തുണികൾ ധരിക്കാനോ അലങ്കരിക്കാനോ ഉപയോഗിക്കുമ്പോൾ ശരീരതാപനില നിയന്ത്രിക്കാൻ എളുപ്പമാണെന്ന് മാത്രമല്ല പറഞ്ഞും പറയാതെയും നമ്മളെല്ലാം മനസ്സിൽ കൊണ്ടുനടക്കുന്ന സ്വാസ്ഥത്തിന്റെ ഇരിപ്പിടം കൂടെ കൊണ്ടുനടക്കാവുന്ന തരത്തിൽ ആക്കാം എന്നുളളതിന്റെ ഉത്തമ ഉദാഹരണമാണ് ഊടും പാവുമിട്ട സംസ്കാരത്തിന്റെ ഈ കൈവഴി.
കെട്ടിട നിർമ്മാണത്തിനുപയോഗിക്കുന്ന മണ്ണ് ,കല്ല, മരം ഇവകളുടെ നിറങ്ങൾ ശ്രദ്ധിക്കുക. വെളുത്ത കുമ്മായം, നിലത്തെ കാവി അല്ലെങ്കിൽ കരി, ഇരുണ്ട മേൽക്കുര തുടങ്ങിയവയൊക്കെ ഒരു പ്രത്യേക ഗ്രുപ്പിൽ വരുന്നതായി കാണാം ഫോട്ടോ ഗ്രാഫിയിലെ ZEPIA TONE EFFECT ആണ് ഒരു അകത്തളത്തിന്റെ കളർഫോട്ടോ നൽകുന്നത്. രാസപ്രക്രിയ ഉപയോഗിച്ച് ‘അരിച്ചെടുക്കുന്ന‘ ഫോട്ടോകളിൽ ഒതുങ്ങി നിൽക്കുന്ന ഈ ഭാവം, ജീവിക്കുന്ന നാലുകെട്ടിന് നൽകിയ അറിവിനെ അറിയുക. അങ്ങനെ, മുണ്ടും നേര്യതുമണിഞ്ഞവരും, ചട്ടയും കവിണിയുമണിഞ്ഞവരും ഒരേ ഫ്രെയിമിലെ വിവിധ കഥാപാത്രങ്ങൾ മാത്രം എന്ന് മനസ്സിലാക്കുക.

സന്തുലിതമായ സംയോജനം
പ്രകൃതി ശക്തികളുടെ സന്തുലനാവസ്ഥയിലുളള സംയോജനം-ARTICUCATION OF NATURAL ENERGY FORMS -ആണ് നാലുകെട്ട് പ്രപഞ്ചത്തിന്റെ ഊർജ്ജസ്രോതസ്സായ സൂര്യന്റെ ആദ്യര്ശമികൾ പതിയുന്നത് കിഴക്കുഭാഗത്തായതിനാലും, സസ്യങ്ങളിൽ നിന്നും വിരുദ്ധമായി നമുക്ക് ഭക്ഷണത്തിലൂടെയേ (പരോക്ഷമായി) ഊജ്ജം നേടുക വഴിയുളളൂ എന്നതിമാലും, കഴിക്കുന്ന ഭക്ഷണവും വെളളവും ശാക്തീകരിക്കാനായി, (ഊർജ്ജകിരണങ്ങളെ പരോക്ഷമായി നമ്മിലേക്ക് ആനയിക്കാനായി ) അടുക്കള കിഴക്ക് ഭാഗത്ത് വയ്യക്കുന്നു.SPOLIGHT -ന് കീഴിൽ, മൈക്രോവേവിലും ,ഫ്രിഡ്ജ് എന്ന കൊച്ചു മോർച്ചറിയിലും വച്ച് എടുത്തുകളുക്കുന്ന ഭക്ഷണരീതിയെ മേൽപ്പറഞ്ഞതുമായി താരതമ്യം ചെയ്തു നോക്കുക.
നമ്മുടെ നാട്ടിൽ സൂര്യൻ കൂടുതലും ഭക്ഷിണഭാഗത്തുകൂടെ സഞ്ചരിക്കുന്നതുനാലും, ഉച്ചയാവുമ്പോഴേക്കും ചൂടുവമിക്കാൻ തുടങ്ങുന്ന ഭൂമിയാണ് തെക്കും പടിഞ്ഞാറുമെത്തുന്ന സൂര്യരശ്മികളെ കാത്തിരിക്കുന്നത് എന്നതിനാലും തെക്കും,പടിഞ്ഞാറും ഭാഗങ്ങൾ ഉയർത്തി കെട്ടുന്നു. (ഒപ്പം ജനലകളും, വാതിലുകളും കുറക്കുന്നു). ആയതിനാൽ ഉച്ചകഴിഞ്ഞാൽ വടക്ക് കിഴക്ക് ഭാഗങ്ങളിൽ കെട്ടിടത്തിൽ തെക്കു,പടിഞിഞ്ഞാറു ഭാഗങ്ങളുടെ നിഴൽ വീണ് നാലുകെട്ടിന്റെ ഉൾചൂട് കുറയുന്നു.
ഊർജ്ജപ്രവാഹം,വടക്ക്-കിഴക്ക് നിന്നും,തെക്കുപടിഞ്ഞാറേക്കായതിനാൽ, വടക്കും കിഴക്കും താഴ്ന്നും ഇരിക്കണമെന്നും,തെക്കും പടിഞ്ഞാറും അടഞ്ഞും ഉയർന്നും ഇരിക്കണമെന്നും ആചാര്യൻമാർ പറയുന്നു. അങ്ങനെ കെട്ടിടത്തിന്റെ നാലുഭാഗവും ശുദ്ധവായുവും,സൂര്യപ്രകാശവും,ചന്ദ്രപ്രകാശവും ലഭ്യമാകുന്നു.

മാസങ്ങളും വർഷങ്ങളും നാലുകെട്ടികൾക്കുളളിൽ സ്വസ്ഥതയോടെ ജീവിക്കാൻ കഴിയുമ്പോൾ എന്തുകൊണ്ട് ഇന്നത്തെ കെട്ടിടങ്ങളിൽ (നാലുകെട്ടായാലും) ഒരു മണുക്കൂർ കഴിയുന്നതുപോലും ബുദ്ധിമുട്ടാകുന്നു എന്നു നോക്കാം
വ്യക്തിത്വവും ,ആരോഗ്യവും ഉള്ള വീടുകൾ
ആരോഗ്യമുളള മനുഷ്യശരീരമോ നന്നായി പ്രവർത്തിക്കുന്ന യന്ത്രമോ ശ്രദ്ധിച്ചാൽ ഈ പ്രശ്നം മനസ്സിലാക്കാൻ എളളുപ്പമാണ്. വരാന്ത,അഴികൾ,നടുമുറ്റം ഇവകളിലൂടെ കടക്കുന്ന ജീവവായു തണുത്തതും,ശുദ്ധവുമാണെങ്കിലും കെട്ടിടത്തിനുളളിൽ മനുഷ്യർക്കിടയിൽ കഴിഞ്ഞ് ചൂടുളളതും മലിനവുമാകുന്നു, ചൂട് വായു മുകളിലേക്കുയരുന്നു. അത് കെട്ടിക്കിടക്കാതിരിക്കാൻ മുഖപ്പുകൾ (മേൽക്കുരയുടെ ഏറ്റവും ഉയർന്ന ഭാഗത്ത്) വയ്ക്കുന്നു. അങ്ങനെ ഭൂനിരപ്പിൽ നിന്നും ആകാശത്തേക്ക് സദാ (കെട്ടിടത്തിനുളളിലൂടെ) വായു സഞ്ചരിക്കുന്നു. വളരെ സാവധാനമുളള ഒരു വാഗൺ ട്രാജഡിയാണ് നമ്മുടെ കെട്ടിടങ്ങളിൽ (നാലുകെട്ടായാലും) നടന്നുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കുക. സർക്കസ്സിലെ കോമാളിയുടെ വെളുത്ത മൂക്കുതൊപ്പിയുടെ റോളാണ് ഇന്ന് പലകെട്ടിടങ്ങൾക്കുമേലും ഒട്ടിച്ചു വെയ്ക്കപ്പെടുന്ന മുഖപ്പുകൾക്ക് എന്നും കാണാം. സംസ്കാരത്തിന്റെ തിരുശേഷിപ്പുകളായി ഇത്തം ചില വൈകൃതങ്ങൾ മുന്നോട്ടു വയ്ക്കുന്നതിനെ വാസ്തുവിദ്യ എന്ന പദം കൊണ്ടോ,സാംസ്കാരികത്തനിമ എന്ന പദം കൊണ്ടോ വിശേഷിപ്പിക്കുകയാണ് ഇന്ന് നമ്മൾ ചെയ്യുന്നത്.വീടിന്റെ ELEVATION എങ്ങനെയൊക്കെ വേണം എന്നു പറയുന്നവർ (വീട് രൂപകൽപന ചെയ്യുന്നവരും സ്വന്തം വീട് സ്വപ്നം കാണുന്നവരും) ആ വീടിന്റെ വ്യക്തിത്വത്തെയും,ആരോഗ്യത്തെയും മറന്നുപോകുന്നു. സത്യത്തിൽ, CONSULTANT, CONTRACTOR CLIENT എന്നിങ്ങനെ പലർക്കായി താരപരിവേഷങ്ങൾ ചാർത്തുമ്പോൾ കെട്ടിടമാണ് യഥാർത്ഥ താരം എന്ന ഓർമ്മിപ്പിക്കലാണ് നാലുകെട്ട് എന്ന വാക്ക്. ഇന്നലെ അതൊരു സംസ്കാരമായിരുന്നെങ്കിൽ ഇന്ന് അത് നമ്മുടെ ഓരോരുത്തരുടെയും സ്വപ്ന സാക്ഷാത്ക്കാരവുമാകുന്നു.

പാലക്കാട് കോട്ട
നാലുകെട്ട് സംസ്കാരത്തെ, വീട് എന്നതിൽ മാത്രം ഒതുക്കി നിർത്തുന്നതാണ് സങ്കടകരമായ ഒരു കാര്യം. സ്കളും,അമ്പലവും,പളളിയും,കോട്ടയുമൊക്കെ നാലുകെട്ടുകളാണ്. ഒരു സമൂഹത്തിന്റെ വിവിധ തലങ്ങളിൽ മനുഷ്യന് സുഖമായി ജീവിക്കാനുതകുംവിധം രൂപപ്പെടുത്തിയെടുക്കുന്ന ആവാസവ്യവസ്ഥകൾ,മനുഷ്യന്റെ മനഃസ്സമാധാനവും, ശാരീരികാരോഗ്യവും പ്രധാനലക്ഷ്യങ്ങളാക്കി എന്നതിന് തെളിവാണ് നാലുകെട്ടുകൾ.
കോഴിക്കോട് കുറ്റിപ്പുറത്തുളള കോയമാരുടെ വീടുകളാവട്ടെ, തിരുവനന്തപുരത്തോ പാലക്കാടോ ഉളള അഗ്രഹാരങ്ങളാവട്ടെ, ഏതു സ്ഥലത്തും,ഏതു സംസ്കാരത്തനിമയിലും എണ്ണമറ്റ OPTIONS/SOLUTIONS നാലുകെട്ട് നൽകുന്നു.ഫോർട്ടുകൊച്ചിയിലെ ഫ്രഞ്ചു-ഡച്ചു വീടുകൾക്ക് വലിയ മതിലുകൾ ചുറ്റിനുമുണ്ട്- മുന്നിലും പിന്നിലും കൊച്ചു തോട്ടങ്ങൾ- വലിയ മതിൽ കടന്ന് കയറുമ്പോൾ പുറത്തുളള തിരക്കേറിയ റോഡ് മനസ്സിൽ നിന്നും കടന്നു പോകുന്നു. HOUSING COLONY കളിലെ അഞ്ചും പത്തും സെന്റ് ഭൂമിക്കുചുറ്റും മനുഷ്യനെക്കാളുയരത്തിൽ മതിലുകൾ കെട്ടിവെച്ച് ജീവിക്കുന്ന നമ്മുടെ പല സാമുഹ്യ പ്രശ്നങ്ങൾക്കും, വ്യക്തിബന്ധത്തകർച്ചകൾക്കും കാരണം, കൈവശം വയ്ക്കേണ്ടത് എന്ത്,പങ്കു വയ്ക്കേണ്ടത് എന്ത്, ഒഴിവാക്കേണ്ടത് എന്ത് എന്നൊക്കെയുളള അറിവില്ലായ്മയാണ്.
കാലാതീതം
തിരക്കേറിയ നഗരജീവിതത്തിലും, ജീവിതരീതി നേരത്തേ പറഞ്ഞതുപോലെ ശാരീരികാരോഗ്യവും,മനഃസ്സമാധാനവും കൈവരുത്തുന്നവിധത്തിലാക്കണം എന്ന ആഗ്രഹം ഉണ്ടെങ്കിൽ ആവശ്യമുളളവ കൂടെ വയ്ക്കുകയും, ആവശ്യമല്ലാത്തവ കൈവശം വയ്ക്കാതിരിക്കുകയും വേണം. എല്ലാ തരത്തിലും അങ്ങനെ OPTIMUM/EFFCTIVE എന്നീവാക്കുകൾ അന്വർത്ഥമാക്കുന്ന ഒരു സാംസ്ക്കാരിക നിറവാണ് നാലുകെട്ട് മുന്നോട്ട് വയ്ക്കുന്നത്.
യൂറോപ്യൻമാർ ഓട് കണ്ടുപിടിക്കുന്നതിന് മുമ്പ് നമ്മുടെ മനുഷ്യാലയങ്ങൾ വൈക്കോലും ഓലയും മേഞ്ഞ കെട്ടിടങ്ങളായിരുന്നു. നാലുകെട്ട് പൈതൃകം എന്നൊക്കെ പറയുമ്പോൾ കോൺക്രീറ്റ് മേൽക്കൂരക്കുമേൽ TERRACOTTA TILES ഒട്ടിച്ചുവയ്ക്കുന്നതും, സാംസ്കാരികത്തനിമയ്ക്കായി ബാലരാമപുരത്തുനിന്നും പ്രത്യേകം നെയ്തുവാങ്ങുന്ന അരയടിവീതിയിൽ സ്വർണ്ണക്കസവുളള മുണ്ടും നേര്യതുമുടുത്ത്, നെറ്റിപ്പട്ടം ചാർത്തിയ ആനക്കു സമം ആഭരണമണിഞ്ഞ മലയാളിപ്പെൺകൊടിയുടെ ഐശ്വര്യക്കേടും,വെളുത്ത മുണ്ടും ഷർട്ടുമിട്ട് A.C.വീട്ടിൽ നിന്നറങ്ങി A.C. കാറിൽ യാത്രചെയ്ത് A.C. ഓഫീസിൽ വന്നിരിക്കുന്ന മലയാളിയുടെ അന്യഥാബോധവും ഒക്കെ നാലുകെട്ടിന് പുറത്തുവയ്ക്കുക അത് മുന്നോട്ടുവയ്ക്കുന്ന ജീവിതമാർഗ്ഗത്തെ അറിയുക. പ്രകൃതിയിൽ നിന്നും ഒളിച്ചോടാതെ, അറിഞ്ഞുകെണ്ട്, ചുറ്റുപാടുമുളള എല്ലാ വസ്തുക്കളോടും ജീവജാലങ്ങളോടും രമ്യതയിൽ കഴിയാൻ-അതിലൊരു ഭാഗമാകാൻ ഉളള ഒരു ശ്രമമത്രേ നാലുകെട്ട്-അതുകൊണ്ട് തന്നെയാണ് അത് കാലാതീതം (TIMELESS) ആക്കുന്നതും.
Project Details :
വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട് : powernature Palakkad
Ar.Lakshmi P K
ML/V(03, p.o, near Sree Krishna Temple,
Vivekananda Colony, Kunnathurmedu,
Palakkad, Kerala 678013
Contact :https://wa.me/c/919495988378 (whatsApp & contact)
https://www.instagram.com/powernature.palakkad/?next=%2Fhttps://www.facebook.com/powernature.dc#
Read another one : https://archnest.in/2025/01/heritage-3/
പാഴൂർ പടുതോൾ : പടിപ്പുരയില്ലാത്ത മന