Home Blog Page 8

മിനിമം ഡെക്കോർ മാക്‌സിമം ബ്യൂട്ടി

നിറയെ നാച്വറല്‍ ലൈറ്റ് കടന്നു വരുന്ന ത്രീ ബെഡ്‌റൂം ഫ്‌ളാറ്റ്. അതാകട്ടെ പണിയൊക്കെ പൂര്‍ത്തിയായതിനു ശേഷമാണ് ഇന്റീരിയര്‍ ഡിസൈനിങ് ചെയ്യാന്‍ ലഭിച്ചതും.അതിനാല്‍ നിലവിലുളള അകത്തളത്തെ ഒന്ന് ആകര്‍ഷകമാക്കി എടുക്കുക എന്നതായിരുന്നു ചെയ്യുവാന്‍ ഉണ്ടായിരുന്നത്. ലിവിങ്, ഡൈനിങ്, കിച്ചന്‍, ബാല്‍ക്കണി മൂന്ന് കിടപ്പുമുറികള്‍ എന്നിങ്ങനെയാണ് അകത്തളം.

നാച്വറല്‍ ലൈറ്റിന്റെ പോസിറ്റീവ് എനര്‍ജി ഉളളിലെമ്പാടും ഉണ്ടായിരുന്നതിനാൽ അതിനെ ഒന്നുകൂടി ഹൈലൈറ്റ് ചെയ്തു തുറന്ന സമീപനമാണ് ഫ്‌ളാറ്റിനാകെ. അതില്‍ ഒരു ബേസിക് സ്‌കാന്‍ഡിനേവിയന്‍ സ്പര്‍ശം കൊണ്ടു വന്നു.

അതായത് വളരെ മിനിമലിസ്റ്റിക്കായ ഒരുക്കങ്ങള്‍. ഒരുപാട് ഒരുക്കങ്ങൾ ഇല്ല. അല്പം വര്‍ണ്ണാഭ ചേര്‍ത്തിട്ടുണ്ട്.അങ്ങിങ്ങായി പാര്‍ട്ടീഷന്‍, ഫര്‍ണിച്ചര്‍, ഫര്‍ണിഷിങ് എന്നിവയിലൊക്കെ നിറങ്ങള്‍ നല്‍കി. മൊത്തത്തിലുളള വെളള നിറത്തിനിടയില്‍ ഈ വര്‍ണ്ണങ്ങള്‍ എടുത്തു നില്‍ക്കുന്നു.

വുഡിന്റ ചെറിയ തോതിലുളള ഉപയോഗം, ബോഡര്‍, റാഫ്റ്ററുകള്‍ എന്നിവയൊക്കെ ചുമരിലും സീലിങ്ങിലും നല്‍കി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. മിനിമം ഒരുക്കം കൊണ്ട് മാക്‌സിമം ഭംഗിയും സൗകര്യവും.

ലിവിങ് ഏരിയ

ഫോയര്‍,ലിവിങ്, ഡൈനിങ് ഏരിയ എന്നിവയുള്‍പ്പെടുന്ന ഒരു വലിയ ഹാള്‍.അതില്‍ നടുവില്‍ ക്യൂരിയോസ് വയ്ക്കാന്‍ കഴിയുന്നതും സുതാര്യവുമായ ഒരു പാര്‍ട്ടീഷന്‍ നല്‍കി ലിവിങ് ഡൈനിങ് ഏരിയകള്‍ തിരിച്ചു.

‘L’ ഷേപ്പിലുളള ഇരിപ്പിടവും ടേബിളും നല്‍കി. ഫര്‍ണ്ണിച്ചറിലെ നിറങ്ങളുടെ തെരഞ്ഞെടുപ്പ് അകത്തളം കൂടുതല്‍ മിഴിവുററതാക്കി.

പൂജാ സ്‌പേസ്

ഫോയറിന്റ ചുമരിലാണ് പൂജാ സൗകര്യമൊരുക്കിയത്.വുഡന്‍ സ്റ്റാന്‍ഡുകളും ടെക്‌സ്ചര്‍ പെയിന്റും നല്‍കി പൂജാസ്‌പേസ് ഹൈലൈറ്റ് ചെയ്തിരിക്കുന്നു.

ഡൈനിങ് ഏരിയ

കസ്‌ററമൈസ് ചെയ്‌തെടുത്ത പര്‍ണിച്ചര്‍ കൊണ്ട് ശ്രദ്ധേയമാണ് ഡൈനിങ് ഏരിയ. ഡൈനിങ്ങിന്റ ഭാഗമായ വാഷ് ഏരിയ പുറത്തു നിന്നും കയറി വരുമ്പോഴെ കാണുന്ന വിധമായിരുന്നു.

ജി ഐ പൈപ്പ് ഉപയോഗിച്ച് ചില കളറുകളും നല്‍കി അല്പം വര്‍ണ്ണാഭമായ ഒരു പാര്‍ട്ടീഷന്‍ തീര്‍ത്തു ഇവിടെ ഈയൊരൊറ്റ ഡിസൈന്‍ എലമെന്റു കൊണ്ടു തന്നെ അകത്തളം ശ്രദ്ധേയമായി. ഡൈനിങ്ങിന്റെ പുറത്തുളള ബാല്‍ക്കണിയും ഏറെ ആകര്‍ഷകമാണ്.

കിടപ്പുമുറികള്‍

മാസ്‌ററര്‍, ഗസറ്റ്,കിഡ്‌സ് എന്നിങ്ങനെ മൂന്നു കിടപ്പുമുറികള്‍.മൂന്നിനും മൂന്ന് കളര്‍ തീമുകള്‍ തെരഞ്ഞെടുത്തു.കൂടാതെ ഹൈലൈറ്റ് ചെയ്ത കട്ടിലിന്റ ഹെഡ്‌ബോര്‍ഡും ചുമരിലെ വാള്‍പേപ്പര്‍, പെയിന്റിങ് എന്നിവയും നാച്വറല്‍ ലൈറ്റ് പ്രദാനം ചെയ്യുന്ന ജാലകങ്ങളും ഫര്‍ണ്ണിഷിങ്, ഫര്‍ണ്ണിച്ചര്‍ എല്ലാം മികവുപുലര്‍ത്തുന്നു.

കിഡ്‌സ് റൂമില്‍ പഠനസൗകര്യങ്ങള്‍ കൂടിയുണ്ട്. മിതമായ ഒരുക്കങ്ങള്‍ കൊണ്ട് ആകര്‍ഷവും സൗകര്യപ്രദവുമാക്കിയിരിക്കുന്നു കിടപ്പുമുറികള്‍.

കിച്ചന്‍

വളരെ ക്‌ളോസ്ഡായിരുന്ന അടുക്കള തുറന്ന ഓപ്പണാക്കികൊണ്ട് പാന്‍ട്രി കൗണ്ടര്‍ നല്‍കി.ഇപ്പോള്‍ ‘U’ ഷേപ്പിലാണ് അടുക്കള.കൗണ്ടര്‍ ടോപ്പിന് ക്വാട്‌സ് ഉപയോഗിച്ചു.സ്റ്റോറെജ് കബോഡുകള്‍ക്ക് മുകളിലും താഴെയും സ്ഥാനമുണ്ട്. ചെറുതെങ്കിലും വര്‍ക്കേരിയ ഉള്‍പ്പെടെ നിറയെ വെളിച്ചമുളള ആധുനിക അടുക്കള.

Project Details

Propetry; 3 Bedroom Flat
Prime Meridian Rain Woods Kalamassery
Area :1250 sqft
Photography :Shijo Thomas

Design: Shinto Varghese
Concepts Design Studio
Kadavanthara
Ph: 0484 486 4633

പരിസ്ഥിക്ക് ഇണങ്ങിയ മെറ്റീരിയൽ

0

ഗ്ലോബല്‍ വാമിങ്ങിനു പ്രധാന കാരണം കാര്‍ബണ്‍,മീഥേല്‍ ഗ്യാസ് ആണ് എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.നിര്‍മ്മാണത്തിലും ഉപയോഗത്തിലും കാര്‍ബണ്‍ പുറത്തു വിടാത്ത രണ്ടു നിര്‍മ്മാണ സാമഗ്രികളാണ് മുള,കാറ്റാടിക്കഴ എന്നിവ.

ഇവയുടെ ഉല്പാദനവും ഇവ ഉപയോഗിച്ചുള്ള നിര്‍മാണവും പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. ഇവ തീര്‍ന്നാല്‍ വീണ്ടും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നവയാണ. മുള വെട്ടിയാല്‍ രണ്ടാമതും ഉണ്ടായിവരും. ട്രീറ്റ് ചെയ്യാത്ത മുള 15 വര്‍ഷവും ട്രീറ്റ് ചെയ്ത മുള അതില്‍ കൂടുതല്‍ കാലവും നിലനില്‍ക്കും.

ട്രീറ്റ് ചെയ്താല്‍ മുള കുത്തി പോകുന്നത് ഒഴിവാക്കാം. ബൊറക്‌സ്, ബോറിക്കാസിഡ് എന്നിവയാണ് കൂടുതലും ട്രീറ്റ്‌മെന്റിനു ഉപയോഗിക്കുന്നത്. വീര്യം കൂടിയ കെമിക്കലുകള്‍ ഉപയോഗിക്കേണ്ടതില്ല. റൂഫിങ്,ചുമര്‍ ഫൗണ്ടേഷന്‍,ഫ്‌ളോറിങ്,എന്നിവയ്ക്ക് എല്ലാം മുള ഉപയോഗിക്കാം.

മുളയും, കാറ്റാടിയും കാര്‍ബണ്‍ പുറത്തു വിടില്ല. പകരം കാര്‍ബണ്‍ ഉള്ളില്‍ ശേഖരിച്ചു വയ്ക്കുകയാണ് ചെയ്യുന്നത്. മുളയുടെ ഉപയോഗം സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ ജോലി സാധ്യത കൂടി ഉയര്‍ത്തുന്നു.മാത്രവുമല്ല പ്രകൃതി സംരക്ഷണം, മണ്ണൊലിപ്പ് തടയല്‍ എന്നിങ്ങനെയുള്ള സാധ്യതകള്‍ കൂടി കണക്കിലെടുത്തു മുളയും കാറ്റടിക്കഴയും വ്യാപകമായി നട്ടുപിടിപ്പിക്കാം.

കടല്‍ തീരമാണ് കാറ്റാടിക്ക് പറ്റിയ സ്ഥലം. സിമന്റിനു പകരം മണ്ണ്, വെട്ടുകല്ല്, കരിങ്കല്ല് ഇവയൊക്കെ ഉപയോഗിക്കാം. എന്നാല്‍ വെട്ടുകല്ലും കരിങ്കല്ലും ഭാവിയില്‍ ലഭ്യതക്കുറവ് നേരിടുവാന്‍ പോകുന്ന മെറ്റീരിയലുകള്‍ ആണ്.കെട്ടിട നിര്‍മ്മാണത്തിനു ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ കാര്യത്തില്‍ ഇനിയുള്ള കാലം ചില മാറ്റങ്ങള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.

പ്രകൃതിക്ക് ഉണ്ടാകുന്ന മാറ്റങ്ങള്‍, കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ ഇവയൊക്കെ മനസിലാക്കി പ്രകൃതിയോട് നീതിപൂര്‍വകമായ രീതികളും, ഉത്പന്നങ്ങളും തെരഞ്ഞെടുത്തെ മതിയാവു. ഇതു കാലത്തിന്റെ, നമ്മുടെ നിലനില്‍പ്പിന്റെ കൂടി ആവശ്യമായി മാറിയിരിക്കുന്നു.

കൊളോണിയൽ ശൈലിയുടെ നേർക്കാഴ്ച്ചയുമായി രാമനിലയം

0

‘രാമനിലയം’ കണ്ടിട്ടില്ലായെങ്കില്‍ പോലും പേരു കേള്‍ക്കുമ്പോള്‍ തന്നെ ഏതോ പുരാതനമായ ഒരു നിര്‍മ്മിതി എന്ന തോന്നല്‍ ഉളവാകുന്നില്ലേ? നൂറ്റാണ്ടുകളുടെ ചരിത്രവും പഴമയും നിര്‍മ്മാണ ശൈലിയും അടയാളപ്പെടുത്തിക്കൊണ്ട് ജനമനസില്‍ കയറിക്കൂടിയ അപൂര്‍വം ചില നിര്‍മിതികളില്‍ ഒന്ന്.തൃശ്ശിവപേരൂര്‍ നഗരവാസികളുടെ ഗൃഹാതുരമായ ഓര്‍മകളില്‍ രാമനിലയത്തിന് എന്നുമിടമുണ്ട്. നഗരനടുവിലെ ഹെറിറ്റേജ് സോണില്‍ ടൗണ്‍ഹാള്‍ റോഡിലാണ് രാമനിലയം

പഴമയുടെയും പരമ്പര്യത്തിന്റയും ഓര്‍മകളും കാഴ്ചകളുമായി, ശക്തന്‍ തമ്പുരാന്‍ പാലസ്, വടക്കേച്ചിറ, താലൂക്ക് ഓഫീസ്, പണ്ടത്തേ കളക്ട്രേറ്റ് (ദിവാന്‍ പേഷ്‌കാര്‍ ഓഫീസ്) എന്നിവയെല്ലാമുളളത് ഈ രാജകീയ മന്ദിരത്തിന്റ ചുറ്റുമാണ്.

നിര്‍മ്മാണ കാലം പരിശോധിച്ചാല്‍ 19ാം നുറ്റാണ്ട് എന്നു പറയാം. രാജാവിന്റെ അതിഥി മന്ദിരമായി നിര്‍മ്മിച്ച് പിന്നീട് ബ്രട്ടീഷുകാരുടെ കാലത്ത് റെസിഡന്റിന്റെ ഔദ്യോഗിക വസതിയായി, കോളനി വാഴ്ചകള്‍ക്ക് ശേഷം സ്വതന്ത്ര്യം കിട്ടി, ഭരണഘടന നിലവില്‍ വന്നു, മന്ത്രിസഭ രൂപികരിച്ചു ഗവണ്‍മെന്റ് വന്നു, ഇപ്പോള്‍ സര്‍ക്കാര്‍ അതിഥി മന്ദിരം.

ഇങ്ങനെ ഒരുപാട് ചരിത്രവും പഴമയും രാമനിലയത്തിന്റെ അകത്തളങ്ങളില്‍ ഉറങ്ങികിടക്കുന്നുണ്ട്. അന്നുതൊട്ട് ഇന്നുവരെ പുരാതനമായ ഈ അതിഥി മന്ദിരത്തില്‍ തങ്ങി,ഉണ്ട്, ഉറങ്ങി,യാത്രപറഞ്ഞുപോയ വി.വി.ഐ .പി കളുടെ നീണ്ട നിരതന്നെയുണ്ട്. ബ്രിട്ടീഷ് റസിഡൻറ്, നെഹ്രറു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, വി.വി. ഗിരി, ശങ്കര്‍ദയാല്‍ ശര്‍മ്മ, രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ അങ്ങനെയങ്ങനെ ആരെല്ലാം.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന കെ.കരുണാകരന്‍ ആണ് ഇവിടെ ഏറ്റവും കൂടുതല്‍ താമസിച്ചിട്ടുളള വ്യക്തികളില്‍ ഒരാള്‍

പൂര്‍ണ്ണമായും കൊളോണിയല്‍ ഘടനയും അകത്തള സജ്ജീകരണങ്ങളും തന്നെയാണ് ഇപ്പോഴും. ഈട്ടികൊണ്ടു നിര്‍മ്മിച്ച ഫര്‍ണ്ണിച്ചറും മറ്റ് ഉപകരണങ്ങളും.നാല് കിടപ്പു മുറികള്‍,ഡൈനിങ്,ഒരു വിവിഐപി ലോഞ്ച് എന്നിവയാണ്.തൂണുകള്‍ നിരയിട്ടു നില്‍ക്കുന്ന വരാന്തയും ഓടിട്ടമേല്‍ക്കൂരയും. പഴക്കമേറെയുണ്ടായിരുന്നതിനാൽ ആധുനീക സൗകര്യങ്ങള്‍ പലതും ലഭ്യമായിരുന്നില്ല.

പണ്ട് എന്താണോ ഉണ്ടായിരുന്നത് അത് നിലനിര്‍ത്തിക്കൊണ്ടു തന്നെ കാലാനുസൃതമായ സൗകര്യങ്ങള്‍ ഉള്‍ച്ചേര്‍ക്കുകയാണ് നവീകരണത്തിന് നേതൃത്വം നല്‍കിയ ആര്‍ക്കിടെക്റ്റ് വിനോദ് കുമാര്‍ ചെയ്തത്.

കൊളോണിയൽ ശൈലിക്ക് യാതൊരു മാറ്റവും വരുത്താതെ ആധുനീക സൗകര്യങ്ങള്‍ നല്‍കി. അന്നത്തെക്കാലത്തെ ഫര്‍ണിച്ചറാണ് ഇപ്പോഴുമുളളത്. കാലപ്പഴക്കത്താല്‍ നശിച്ചവയുടെ സ്ഥാനത്ത് അതേ മരവും ഫിനിഷും നൽകി പുതിയവ നിര്‍മ്മിച്ചു.

പണ്ട് മരം ഉപയോഗിച്ചിരുന്ന സ്ഥാനത്തെല്ലാം അത്തരം മരങ്ങള്‍ തന്നെ നല്‍കി. ചുമരിന് കുമ്മായമാണ് അതിനാല്‍ പഴയരീതിയിലുളള കുമ്മായ കൂട്ട് തന്നെ ഉണ്ടാക്കിയെടുത്ത് ചുമരുകള്‍ പുതുക്കി.

ലൈറ്റിങ്, ഇലക്ട്രിക്കല്‍ സംവിധാനങ്ങളെല്ലാം പുതുക്കി സ്ഥാപിച്ചു. എസി, ഇന്റര്‍കോം, വൈഫൈ, കോണ്‍ഫറന്‍സ് ഏരിയ എന്നിങ്ങനെ സൗകര്യങ്ങളെല്ലാം നല്‍കി. ചുമരുകള്‍ അലങ്കരിച്ചിരിക്കുന്നത് തൃശൂരിലെ പഴയകാല കെട്ടിടങ്ങളുടെ ചിത്രങ്ങള്‍കൊണ്ടാണ്. (ആര്‍ക്കിടെക്റ്റ് ഉജ്വല്‍ വരച്ചത്)

പഴയ ലാന്‍ഡ്‌സ്‌കേപ്പിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പുതുക്കി സ്ഥാപിച്ചു. നിലവിലുളള ഘടനയുടെ വാസ്തുവിദ്യാ മൂല്യം കൈമോശം വരാതെ നവീകരണം നടത്താന്‍ സര്‍ക്കാര്‍ തെരഞ്ഞെടുത്തത് ഏറ്റവും അനുയോജ്യമായ ആര്‍ക്കിടെക്റ്റിനെ തന്നെയെന്ന് നിസംശയം പറയാം.

പൈതൃക സംരക്ഷണത്തില്‍ പ്രത്യേകിച്ച് തൃശ്ശൂരിലെ വടക്കുംനാഥ ക്ഷേത്രം, വടക്കേച്ചിറ, ശക്തന്‍ പാലസ് എന്നിവയുടെ പുന:രുദ്ധാരണത്തിന് നേതൃത്വം നല്‍കിയ ആര്‍ക്കിടെക്‌ററ്, പഴമയുടെ മൂല്യവും അത് എങ്ങനെ സംരക്ഷിക്കണം എന്നും ആഴത്തില്‍ അറിവുളള അദ്ദേഹത്തിന്റെ കൈകളില്‍ രാമനിലയം പുതുജീവന്‍ കൈവരിച്ചു.

Project Details

Architect:Vinod Kumar M M
dd Architects, Thrissur
Mob:98951 77532

Client:Public Property, Govt. Guest House,trissur

Photography: Ar. Mithul

വെൺമ നിറഞ്ഞ മിതത്വം

0

ഒരു വീട് എന്നുപറയുമ്പോള്‍ അതിനുള്ളില്‍ ലിവിങ് ഡൈനിങ് കിച്ചന്‍ ബെഡ്‌റൂമുകള്‍ എന്നിങ്ങനെ ഇടങ്ങള്‍ എല്ലാം ഒന്ന് തന്നെയായിരിക്കും എന്നാല്‍ ഓരോ വീട്ടിലും ഈ ഏരിയകള്‍ വ്യത്യസ്തവും ആയിരിക്കും.ഇവിടെയാണ് വാസ്തുകലയുടെ വൈവിധ്യവും മികവും ഡിസൈന്‍ ചാതുര്യവും വെളിവാകുന്നത്.

മിനിമലിസ്റ്റിക് നയത്തിൽ

കന്്‌റംപററി അഥവാ കാലത്തിനൊത്തത് അതില്‍ തന്നെ മിനിമലിസ്റ്റിക് ഡിസൈന്‍ നയവും ആണ് ഈ വീടിന്റെ അകത്തേയും പുറത്തെയും സവിേശഷത.

അതിനൊപ്പം നാച്്്വറല്‍ ലൈറ്റും വെണ്മയും പച്ചപ്പിന്റെ സാന്നിധ്യവും കൂടുതല്‍ ആകര്‍ഷകത്വവും വിശാലതയും നല്‍കുന്നു. തുറന്ന സമീപനവും സുതാര്യ നയവും കൊണ്ട് അകവും പുറവും പസ്പരം ബന്ധിപ്പിച്ചിരിക്കുന്നു എന്നാല്‍ ഉള്ളില്‍ വേണ്ട ഇടങ്ങളില്‍ സ്വകാര്യത ഉണ്ട് താനും.അറിഞ്ഞും അനുഭവിച്ചും ജീവിക്കുവാന്‍ ഉതകുന്ന ഒരു അഭയ സ്ഥാനമായി വിഭാവനം ചെയ്തിരിക്കുന്നു ആര്‍കിടെക്ട് ഈ വീടിനെ.

ബോക്സ് മാതൃകയിൽ

ഗ്രേ, വൈറ്റ് നിറങ്ങള്‍ക്ക് ഒപ്പം ക്ലാഡിങ്ങിന്റെ അല്പം കടുത്ത വര്‍ണവും ചതുര വടിവാര്‍ന്ന ബോക്‌സ് മാതൃകകള്‍ നേര്‍രേഖകളുടെ കൂടിച്ചേരല്‍ ഇവയെല്ലാമാണ് വീടിന്റെ പുറത്തു നിന്നുള്ള കാഴ്ചയില്‍ ആദ്യം കണ്ണിലുടക്കുക.

ആധുനിക രീതിയില്‍ ഒരുക്കിയിരിക്കുന്ന ഗേറ്റ് മുതല്‍ പച്ചപ്പിന്റെ സാന്നിധ്യമുണ്ട് അത് വന്നു വന്നു വീടിനുള്ളിലേക്ക് പടര്‍ന്നു കയറിയപോലെ ടെറസില്‍ വരെ സ്ഥാനം പിടിച്ചിരിക്കുന്നു.

മൊത്തത്തില്‍ ഉള്ള വെള്ള നിറവും കാലത്തിനൊത്ത ഡിസൈനും എല്ലാം ചേര്‍ന്ന് പുറം കാഴ്ചയെ സമൃദ്ധമാക്കുന്നു.

ക്ലാഡിങ്, കോര്‍ട്ട്‌യാഡ്,പച്ചപ്പ് പെബിളുകള്‍,എന്നിവയാല്‍ ശ്രദ്ധേയമാണ് സിറ്റൗട്ട്, ചുമരിലെ സ്റ്റോണ്‍ ക്ലാഡിങ്ങും സുതാര്യമായ ചുമരുകള്‍ നല്‍കുന്ന ലാന്‍ഡ്‌സ്‌കേപ്പ് കാഴ്ചകളും ഇരിപ്പിടങ്ങളും എല്ലാം ഒന്നിനൊന്നു ആകര്‍ഷകം.

കോര്‍ട്ട്യാര്‍ഡും വെളിച്ചവും നിറച്ച്‌

ഒന്നിലധികം കോര്‍ട്ട് യാര്‍ഡുകള്‍ ചേര്‍ന്ന് കാഴ്ച വിരുന്നു തീര്‍ക്കുന്ന അകത്തളം. പൊതു ഇടങ്ങളായ ലിവിങ് ഡൈനിങ് എന്നിവ തുറന്ന ഡിസൈന്‍ നയം പുലര്‍ത്തുന്നവയും സുതാര്യ നയത്തിലൂടെ ചുറ്റുപാടുകളെ ഉള്ളിലേക്ക് ക്ഷണിക്കുന്നുമുണ്ട്.

ഗ്രൗണ്ട് ഫ്േളാറില്‍ തന്നെ നാലു കോര്‍ട്ട്്്‌യാര്‍ഡുകള്‍ ആണുള്ളത്. ലിവിങ് ഏരിയയുടെ പ്രാധാന്യമുസരിച്ചു കോര്‍ട്ട്‌യാര്‍ഡ്്് നല്‍കിയിരിക്കുന്നു.

ഡൈനിങ്ങിന് ആകട്ടെ വെളിച്ചവും പച്ചപ്പും നിറക്കുന്നത് സ്റ്റെയര്‍കേസിനു അടിയില്‍ നല്‍കിയിട്ടുള്ള പെബിള്‍ കോര്‍ട്ട് യാര്‍ഡാണ്. സ്‌റൈയര്‍ക്കേസിന്റെ റൂഫിലെ സ്‌കൈലിറ്റില്‍ കൂടി എത്തുന്ന നാച്വറല്‍ ലൈറ്റ് വീട്ടകമാകെ വെളിച്ചം നിറക്കുന്നുണ്ട്.

ചുമരിലും തറയിലും നല്‍കിയിട്ടുള്ള വെള്ള നിറവും ഈ വെളിച്ചവും കൂടി ആയപ്പോള്‍ വെളിച്ചവും വെണ്മയും നിറഞ്ഞ അകത്തളം എന്ന് വിശേഷിപ്പിക്കാം. ഡൈനിങ്ങിന്റെ പുറത്തു ഒരുക്കിയിട്ടുള്ള ഡൈന്‍ ഔട്ട് സ്‌പേസ് ഒരു പാഷ്യയോയുടെ പ്രയോജനം നല്‍കുന്നുണ്ട്.

ഇവിടെ ചുമരില്‍് നല്കിട്ടുള്ള ക്ലാഡിങ് ശ്രദ്ധേയമാകുന്നു.ഗ്ലാസ് ചുമരുകള്‍ ആകട്ടെ പുറത്തെ കാഴ്ചകളെ ഉള്ളില്‍ എത്തിക്കുന്നു.

ഇവിടുത്തെ അപ്പര്‍ ലിവിങ് ആണ് ഫാമിലി ഏരിയ. ഇരിപ്പിടങ്ങളുടെ സമൃദ്ധി നിറയുന്ന ഇടം.ഒപ്പം വീട്ടുകാരുടെ പ്രിയപ്പെട്ട ഒത്തുകൂടല്‍ സ്ഥലവും.

ചുമരലങ്കാരവും പച്ചപ്പും എല്ലാം ഇവിടെയും ഉണ്ട് സ്റ്റെയര്‍കേസ് കയറി വരുന്നത് ഇവിടേക്കാണ്.നാച്വറല്‍ ലൈറ്റ് സമൃദ്ധമായി കടന്നു വരുന്നുണ്ട്.

കിടപ്പു മുറികള്‍ ഓരോന്നും അത് ഉപയോഗിക്കുന്ന ആളുകളുടെ ആവശ്യവും ഇഷ്ടവും അനുസരിച്ചു ചിട്ടപ്പെടുത്തിയവയാകുന്നു.

വെണ്‍മക്കു തന്നെയാണ് പ്രാധാന്യം എങ്കിലും ഫര്‍ണിഷിങ് ഇനങ്ങളുടെ നിറം കോണ്‍ട്രാസ്റ്റായി എടുത്തു നില്‍ക്കുന്നു. ചുമരിന്റെ ഒരു ഭാഗം മാത്രം ഹൈലൈറ്റ് ചെയ്തിരിക്കുന്നു.പഠന,വായന സൗകര്യങ്ങളും ഉണ്ട്.

മികച്ച സ്റ്റോറേജ് സൗകര്യമുള്ള ഓപ്പണ്‍ കിച്ചനില്‍ ഗ്രീന്‍,റെഡ,്ബ്ലൂ നിറങ്ങളില്‍ ഉള്ള ആക്‌സസറീസുകള്‍ എടുത്തു നില്‍ക്കുന്നു. വിശാലതയിലും ആധുനീക സംവിധാനങ്ങളിലും മുന്നിട്ടു നില്‍ക്കുന്നു അടുക്കള.

PROJECT DETAILS

Client: ശിവപ്രസാദ്
Location : ഗുരുവായൂര്‍
Site : 37 സെന്റ്
toatal Area : 3150 sqft

Architect :ശ്രീനാഥ് പൊന്നേത്
Contact : +97430576958

കാലാവസ്ഥക്കും പ്‌ളോട്ടിനും ഇണങ്ങിയ വീട്

പ്‌ളോട്ടിന്റെ സ്വഭാവികമായ ഉയര്‍ച്ച താഴ്ച്ചകള്‍ക്ക് കോട്ടം തട്ടാതെ ആധുനികവും പരമ്പരാഗതവുമായ ഡിസൈന്‍ ഘടങ്ങളെ സമന്വയിപ്പിച്ചു കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന വീട്.

പ്രകൃതിയുടെ വരദാനങ്ങളായ കാറ്റും വെളിച്ചവും വീടിനുളളില്‍ നിറയണമെന്നതായിരുന്നു വീട്ടുകാരുടെ ഭാഗത്തു നിന്നുമുണ്ടായ പ്രധാന നിര്‍ദ്ദേശം.ഇത്തരം കാര്യങ്ങളില്‍ എല്ലാം ശ്രദ്ധിച്ച ആര്‍ക്കിടെക്റ്റുമാര്‍ കാലാവസ്ഥക്ക് ഇണക്കിയ സ്‌ളോപിങ് റൂഫും സ്വാഭാവിക ലാന്‍ഡ്‌സ്‌കേപ്പും തെരഞ്ഞെടുത്തു.ഹരിതാഭ നിറഞ്ഞ വിശാലമായ മുറ്റവും പരിസരവും.

പ്‌ളോട്ടില്‍ വീഴുന്ന മഴ വെളളം അവിടെ തന്നെ താഴാനുളള അവസരം.സമീപമുളള റോഡില്‍ നിന്നും കാറ്റുവശം പൊടി വീടിനുളളില്‍ എത്താതിരിക്കാനായി ആ ഭാഗത്ത് ഫലവൃക്ഷങ്ങള്‍ വച്ചു പിടിപ്പിച്ചു. വീട്ടിലേക്കാവശ്യമായ പച്ചക്കറികളും.അങ്ങനെ കൃത്രിമത്വമില്ലാത്ത, മലിനീകരണം ഇല്ലാത്ത ചുറ്റുപാടും അതിനു നടുവില്‍ കാറ്റും വെളിച്ചവും ഉളളില്‍ എത്തുന്ന ക്രോസ് വെന്റിലേഷനോടുകൂടിയ അകത്തളമുളള വീടും.

അറ്റാച്ച്ഡ് ബാത്ത്‌റൂമുകളോടു കൂടിയ നാലു കിടപ്പൂമുറികള്‍, സിറ്റൗട്ട്, ഫോയര്‍, ഗസ്റ്റ്, ഫാമിലി ലിവിങ്, ഡൈനിങ്. കിച്ചന്‍, വാഷ്, ഡെക്ക്, ഗെയിം ഏരിയകള്‍ എന്നിവ ഉള്‍ക്കൊളളുന്ന അകത്തളം.

കാലാവസ്ഥയുടെ മാറ്റത്തിന് അനുസരിച്ച് ഉയരുന്ന ചൂടിന് തടയിടുവാനായി പല മാര്‍ഗ്ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്. ചുമരുകള്‍ പോറോതേം ബ്രിക്കുകള്‍ കൊണ്ട് തീര്‍ത്തു.

കാറ്റിന്റ ദിശ മനസിലാക്കിയാണ് വിശ്രമ സ്ഥലമായ ഡെക്കിനു സ്ഥാനം.അകത്തളത്തിന്റ ഭാഗമായ കോര്‍ട്ട്‌യാര്‍ഡ്, ഡബിള്‍ ഹൈറ്റിലുളള സ്റ്റെയര്‍കേസ് ഏരിയ എന്നിവ കാറ്റും വെളിച്ചവും ഉളളിലെത്തിക്കുന്നു.

സ്റ്റെയര്‍ ഏരിയ ഉളളിലെ ചുടു വായുവിനെ പുറന്തളളാന്‍ കഴിയുന്ന സ്റ്റാക്ക് എഫക്റ്റ് (stack effect) സംവിധാനത്തോടെയാണ്.മുകളിലെ ഓപ്പണ്‍ ടെറസിലേക്കാണ് സ്റ്റെയര്‍കേസ് കയറി എത്തുന്നത്.ഇവിടെയാണ് ഗെയിം സെന്റര്‍.പരമ്പരാഗത രീതിയിലുളള വുഡന്‍ ഫിനിഷ് സീലിങ്ങും ചൂടു കുറക്കുക എന്ന ലക്ഷ്യത്തോടെ നല്‍കിയിട്ടുളള ഫ്‌ളാറ്റ് സ്ലാബും റൂഫിന് അകത്തും പുറത്തും ടൈലുകള്‍ നിരത്തിയുളള ട്രസുമാണ്.

പുറമേ കാണുമ്പോള്‍ സ്‌ളോപിങ് മാത്രകയിലാണ് റൂഫ് എങ്കിലും ഉളളിലെ സ്ഥലം ഉപയോഗിക്കുവാന്‍ കഴിയും.

കാഴ്ചയിലും ഉപയുക്തതയിലും ആധുനീകവും പരമ്പരാഗതവുമായ ഘടകങ്ങളെ ഇണക്കി ചേര്‍ത്ത്; വീട്ടുകാരുടെ ഇഷ്ടങ്ങളെ മാനിച്ച് കാലാവസ്ഥക്ക് യോജിക്കും വിധം യുവ ആര്‍ക്കിടെക്റ്റുകള്‍ ചേര്‍ന്ന് നിര്‍മ്മിച്ച പാര്‍പ്പിടം.

Project Details

Client : James Joseph &Neelu Markose
Location: Kakkanad Ernakulam
Plot: 46 Cents
Built Area: .2952sqft
Design. Ar .Antony Dayes & Ar.Jinan KJ
JN Architect: Mob. 9846083180, 9986606933
Photography: Jeez Patric

പച്ചപ്പിലേക്ക് മിഴി തുറന്ന് അയന

0

സ്വാഭാവികമായ കാഴ്ചകള്‍ ചുറ്റിനുമുളളപ്പോള്‍ എന്തിനാണ് വീടിനുളളില്‍ കൃത്രിമക്കാഴ്ച്ചകള്‍ നിറക്കുന്നത്.പ്‌ളോട്ടിന്റ മുന്നില്‍ ഹരിതാഭമായ ചെറിയൊരു കുന്ന്. പുറകിലാകട്ടെ അല്പം ദൂരത്തായി പുഴ, ഈ പുഴക്കും വീടിനുമിടയില്‍ റെയില്‍വേ ട്രാക്ക് ഇങ്ങനെ അയന എന്ന ഈ വീടിനു ചുറ്റുമായി സ്വാഭാവികമായ കാഴ്ചകള്‍ പലതുമുണ്ട്.

അതുകൊണ്ടു തന്നെയാണ് കൃത്രിമക്കാഴ്ച്ചകള്‍ സൃഷ്ടിക്കാതെ പരിസരക്കാഴ്ച്ചകള്‍ കൊണ്ട് ആര്‍ക്കിടെക്റ്റും എഞ്ചിനിയറും ചേര്‍ന്ന് വീട്ടകം നിറച്ചത്.പക്ക കന്റംപ്രററി മിനിമലിസ്റ്റിക് ഡിസൈന്‍ നയമാണ് അകത്തും പുറത്തും സ്വീകരിച്ചിട്ടുളളത്.

കിടപ്പു മുറികളുടെയും കിച്ചന്റെയും ഉള്‍പ്പെടെ ജനാലകളും ഗ്‌ളാസ് ഓപ്പണിങ്ങുകളും ബാല്‍ക്കണി, സിറ്റൗട്ട് എന്നിവിടങ്ങളുമെല്ലാം പുറത്തെ കാഴ്ചകളെ അകത്തേക്ക് ആനയിക്കുകയും ഒപ്പിയെടുക്കുകയും ചെയ്യുന്നുണ്ട്.

ലിവിങ്, ഡൈനിങ്, കിച്ചന്‍, നാലു കിടപ്പുമുറികള്‍ ബാല്‍ക്കണി,സിറ്റൗട്ട് പാഷ്യോ ഏന്നിങ്ങനെ ഗ്രൗണ്ട് ഫ്‌ളോറും ഫസ്റ്റ് ഫ്‌ളോറും.ഇതിനു പുറമേ മുകളില്‍ മറ്റൊരു ഫ്‌ളോര്‍ കൂടിയുണ്ട്. അവിടെ പ്രത്യേകിച്ച് മുറികളൊന്നും ഇല്ല,പാഷ്യോ മാത്രം.

വീടിനുളളിലേക്ക് പ്രവേശന മാര്‍ഗ്ഗങ്ങള്‍ രണ്ടാണ്. വീട്ടുകാരുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ഡൈനിങ്ങിന്റ ഭാഗത്തുകൂടിയുളള എന്‍ട്രന്‍സ് നല്‍കിയിരിക്കുന്നത്.

ഇവിടെയും പാഷ്യോ തീര്‍ത്ത് ഡൈനിങ്ങില്‍ പച്ചപ്പിന്റ കാഴ്ചകള്‍ കൊണ്ടുവന്നു. ഡബിള്‍ ഹൈറ്റ്, തുറന്ന സമിപനം തുടങ്ങിയ ആര്‍ക്കിടെക്ചര്‍ ഡിസൈനിങ് നയങ്ങള്‍ വീടിന്റ വ്യാപ്തിയും ഗാംഭീര്യവും,കാഴ്ചഭംഗിയും വര്‍ധിപ്പിച്ചപ്പോള്‍ മിനിമലിസ്റ്റിക്, റിച്ച് ഇന്റീരിയര്‍ കൊണ്ട് അകത്തളവും ആകര്‍ഷകമാക്കി.

ഗ്രേ,വൈറ്റ്,ബ്‌ളാക്ക് നിറങ്ങള്‍,ഫര്‍ണ്ണിച്ചര്‍, ഫര്‍ണ്ണിഷിങ് അങ്ങനെ ഓരോന്നും ഒന്നിനൊന്ന് മികച്ചവയാകുന്നു. തുല്യപ്രാധാന്യമാണ് ആര്‍ക്കിടെക്ചറിനും ഇന്റീരിയറിനും.

പരസ്പരം മികവു പുലര്‍ത്തി ആ മികവിനൊപ്പം അയന എന്ന പേരിനെ അന്വര്‍ത്ഥമാക്കികൊണ്ട്, പച്ചപ്പു നിറഞ്ഞ കാഴ്ചകളിലേക്ക് തുറന്നു വച്ചിരിക്കുന്നു അയനയുടെ വാതായനങ്ങള്‍.

Project Details

Ar.Shabana Rasheed

Eng.Nufail Moidoo

  • Designe: Ar.Shabana Rasheed
  • Eng.Nufail Moidoo
  • Nufail Shabana Architects
  • Mahe /Calicut
  • Contact: 9048241331/8086188885
  • Plot:15 cent
  • Area:3800sq.ft
  • Location : Mahe
  • Photography:Akhil Comachi

കാലാതീതമായ ഡിസൈന്‍

0

ഒരു വിത്ത് മുളപൊട്ടി വളര്‍ന്നു വരുന്നപോലെയാണ് ഓരോ പ്രോജക്റ്റും. അതിന്റെ നിര്‍മ്മാണത്തിലുടെനീളം വാസ്തുശില്പ വിദ്യയുടെ സൂക്ഷ്മമായ കണക്കുകളും അഴകളവുകളും ഇഴുകിച്ചേരുന്നു.

വര്‍ത്തമാനകാലത്തില്‍ തുടങ്ങി ഭാവിയിലേക്ക് നീങ്ങുമ്പോള്‍ സമതുലിതവും കാലാതീതവുമായ ഡിസൈന്‍ നയം ഈ വീടിന്റെ അകത്തും പുറത്തും കൂടുതല്‍ തെളിഞ്ഞ് വരുന്നുണ്ട്. വീട്ടുകാരുടെ ആവശ്യങ്ങളുടെ നീതിപൂര്‍വകമായ നടപ്പിലാകല്‍ സാധ്യമാക്കി പ്രശാന്തമായ ഒരു സ്വപ്‌നത്തിന്റെ സാക്ഷ്‌കാരമായി മാറുന്ന വീട്.

പരമ്പരാഗത ആശയമായ മുറ്റം അഥവ കോര്‍ട്ടിയാര്‍ഡിനെ മുഖ്യ ഡിസൈന്‍ ഘടകമാക്കികൊണ്ട് അതിനിരു വശങ്ങളിലുമായി ഒരു ഗൃഹാന്തരീക്ഷത്തിന്റെ സുപ്രധാനങ്ങളായ ലിവിങ് ഡൈനിങ് ഏരിയകളും കിച്ചനും സ്ഥാപിച്ചു കൊണ്ട്; ഇതേ കോര്‍ട്ട്‌യാര്‍ഡിനെ തന്നെ വീടിന്റെ സ്വകാര്യ ഇടങ്ങളായ കിടപ്പുമുറികളുമായി ബന്ധിപ്പിക്കുന്ന കണക്‌ററിങ് ഏരിയയായി മാറുകയും ചെയ്യുന്നു.

ഇരട്ടി ഉയരവും മുകള്‍ നിലയുമായി ബന്ധം സ്ഥാപിക്കുന്ന തുറന്ന നയവും ദൃശ്യപരമായി ഇടങ്ങളെ ബന്ധിപ്പിക്കുമ്പോള്‍ തന്നെ അവശ്യമായ സ്വകാര്യതയും പ്രദാനം ചെയ്യുന്നുണ്ട്.

അകത്തളത്തിന്റെ രൂപകല്പനയില്‍ മരത്തിന്റെ ഉപയോഗം പ്രത്യേകിച്ച് പാര്‍ട്ടീഷന്‍, സ്‌ക്രീനുകള്‍, ചുമരലങ്കാരങ്ങള്‍ മറ്റ് അവശ്യ അലങ്കാര സാമഗ്രികള്‍, ലാംപ്‌ഷേഡ് എന്നിവ ഇന്റീരിയറിന് ലളിതവും പ്രൗഢവുമായ പരിവേഷം പകരുന്നു.

ഇന്റീരിയറിലെ വുഡന്‍ ഡിസൈനര്‍ സ്‌ക്രീനുകള്‍ ഒരു അതിര്‍ത്തിബോധം നല്‍കുകയും അതേസമയം സുതാര്യമായ ഇവ വിവിധ ഇടങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു വിഷ്വല്‍ കണക്റ്റിവിറ്റി സാധ്യമാക്കികൊണ്ട് ഗൃഹവാസ്തുകലയിലെ ജനപ്രീയ ഡിസൈന്‍ ഘടകമായി മാറുകയും ചെയ്തിരിക്കുന്നു.

ഓപ്പണ്‍ പ്‌ളാനിന്റ സാരാംശം ഉള്‍കൊണ്ട് പച്ചപ്പും വെളിച്ചവും നല്‍കി ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ ഏരിയകളെ ആകര്‍ഷകമായി, കലപരമായി സമ്മേളിപ്പിച്ച് ഗൃഹാന്തരീക്ഷം കുളിര്‍മയുളളതാക്കി ജീവസുറ്റതാക്കുന്ന ബോധപൂര്‍വമായ ഡിസൈന്‍ നയം പിന്‍തുടര്‍ന്നിരിക്കുന്നു.

വെണ്‍മയാര്‍ന്ന ചുമരുകളും ഇറ്റാലിയന്‍ മാര്‍ബിളിന്റെ പ്രൗഢി എടുത്തു നില്‍ക്കുന്ന തറയും മരത്തിന്റ ഡിസൈന്‍ എലമെന്റുകളും എല്ലാം സമന്വയിപ്പിച്ചു മിനിമലിസത്തിന് ഒരു നൂതന ഭാഷ്യം നല്‍കികൊണ്ട് അകത്തളത്തെ നിര്‍വചിച്ചിരിക്കുന്നു.

അകം പോലെ തന്നെ പുറവും വളരെ തന്മയത്വത്തോടെ, കാലാവസ്ഥക്ക് യോജിച്ച വിധം ചിട്ടപ്പെടുത്തിയിരിക്കുന്നത് പ്‌ളോട്ട് നല്‍കുന്ന സാധ്യതകളെ അങ്ങേയറ്റം മാനിച്ചു കൊണ്ടും ഉപയാഗപ്പെടുത്തി കൊണ്ടുമാകുന്നു.

 

 Design :AR.M M Jose

 Mindscape Architects

 Puthumana Tower

 Pala, kottayam (dt)

 Mob:9447367326

Client : Biju Kodaliparambil

Location Iringalakuda

Plot :35 Cent

Total Area:5720 sqft

കായല്‍ കാഴ്ചകളുമായി!

0

ഇന്റീരിയർ കൺസെപ്റ്റ്

മൂന്ന് കിടപ്പുമുറികള്‍,ലിവിങ്, ഡൈനിങ്, പൂജ ഏരിയ, ബാല്‍ക്കണി, കിച്ചന്‍ എന്നിങ്ങനെയാണ് അകത്തള ക്രമീകരണങ്ങള്‍. വെണ്മയും വെളിച്ചവും കൂടിച്ചേര്‍ന്നുള്ള തികവും നിറവും, സീലിങ്ങിലും ചുമരിലും മറ്റുമായി നല്‍കിയിട്ടുള്ള സമൃദ്ധമായ വുഡ് വര്‍ക്കുകളുടെ ഭംഗിയും ചേര്‍ത്ത് ഒരുക്കിയിരിക്കുന്ന ഈ അപ്പാര്‍ട്‌മെന്റിനുള്ളിലേക്ക് പരിസരത്തെ കായല്‍ കാഴ്ച്ചകളെയും ആനയിച്ചിട്ടുണ്ട്.സമീപത്തെ കായലിന്റെ ഭംഗി മുഴുവന്‍ ആസ്വദിക്കാം ഡൈനിങ്,ബാല്‍ക്കണി എന്നിവിടങ്ങളില്‍ ഇരുന്നാല്‍.കന്റംപ്രറി മിനിമലിസ്‌റ്റ് ഡിസൈന്‍ നയത്തിന് പ്രാമുഖ്യം നല്‍കിയിരിക്കുന്നു.വുഡിന്റെ ഉപയോഗം അകത്തളത്തിനു പ്രൗഢിയേകുന്നു. ഫര്‍ണിഷിങ്ങിലെ ന്യൂട്രല്‍ കളര്‍, ലൈറ്റിങ്, പ്രകൃതി ഭംഗി എന്നിവയെല്ലാം ഒരുമിച്ചപ്പോള്‍ കൈവന്ന ഭംഗിയും ഉപയുക്തതയും വിശാലതയും വെണ്മയുമാണ് ഈ അകത്തളത്തിന്റെ ചന്തത്തിനു പിന്നില്‍.

ലിവിങ്

ലിവിങ് ഏരിയയുടെ ഹൈലൈറ്റ് ടി വി ഏരിയയണ്.വുഡില്‍ തീര്‍ത്തിട്ടുള്ള റീപ്പറുകള്‍ ചുമരും കഴിഞ്ഞു സീലിങ്ങില്‍ എത്തി നില്‍ക്കുന്നു. വുഡിന്റെ പ്രയോഗം സീലിങ്ങിലും കാണാം.ന്യൂട്രല്‍ കളറില്‍ ഉള്ള ലെതര്‍ ഇരിപ്പിടങ്ങളുടെ പ്രൗഢിയാണ് ലിവിങ്ങിന്.

ഡൈനിങ് ഏരിയ

ഫ്ലോറിലെ ടൈലിന്റെ നിറവ്യത്യാസവും ഫർണിച്ചറുമാണ് ലിവിങ് ഡൈനിങ് ഏരിയകളെ ഭാഗിക്കുന്നത്.കായല്‍ കാഴ്ച്ചകള്‍ കടന്നു വരത്തക്കവിധം സുതാര്യമായ ഗ്‌ളാസ് ചുമരുകളാണ് ഡൈനിങ്ങിന്റ ഭാഗത്തുളള ബാല്‍ക്കണിക്ക്.സീലിങ് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

വെണ്‍മയാര്‍ന്ന ചുമരുകളും ഫര്‍ണിഷിങ് ഇനങ്ങളും ഫ്‌ളോറിങ്ങും ഒപ്പം നാച്വറല്‍ ലൈറ്റിങ്ങും കൂടിയാവുമ്പോള്‍ കായല്‍ കാഴ്ചകള്‍ വിരുന്നു വരുന്ന അകത്തളത്തിന് ഭംഗി മാത്രമല്ല വെളിച്ചവും വിശാലതയും കൂടി കൈവന്നിട്ടുണ്ട്.

പൂജ ഏരിയ

ഡൈനിങ് ഏരിയയുടെ നേരേ എതിരേയുളള ചുമരിലാണ് പൂജാ സൗകര്യമൊരുക്കിയിരിക്കുന്നത്. വാള്‍പേപ്പറിനു വുഡുപയോഗിച്ച് ബോര്‍ഡറും നല്‍കി ചുമര് ആകര്‍ഷകമാക്കി.ഒപ്പം ചെറു തട്ടുകളും ബോക്‌സുകളും കൂടി നല്‍കിയിട്ടുണ്ട്.

മാസ്റ്റർ ബെഡ്‌റൂം

വെണ്‍മ നിറഞ്ഞ സീലിങ്ങും ഫ്‌ളോറിങ്ങും അതിനിടയില്‍ ഫര്‍ണിച്ചര്‍,ഫര്‍ണിഷിങ് എന്നിവക്ക് നല്‍കിയിട്ടുളള ഡാർക്ക് ബ്രൗണ്‍ നിറം,ലൈററിങ്ങിന്റെ പ്രഭ എന്നിവയാണ് മാസ്റ്റര്‍ ബെഡ്‌റൂമിനെ ശ്രദ്ധേയമാക്കുന്നത്.

ചുമരില്‍ വാള്‍ പേപ്പറിന്റെയും ആര്‍ട്ടിഫാക്‌സുകളുടെയും ചന്തം നിറച്ചിരിക്കുന്നു.വഡ്രോബിന്റ എതിര്‍വശത്ത് ചുമരില്‍ ജനാലയോട് ചേര്‍ന്ന് വെളിച്ചം ലഭിക്കത്തക്കവിധം മെയ്ക്കപ്പ് ഏരിയ സ്ഥാപിച്ചു.കട്ടിലിനോട് ചേര്‍ന്ന്ബെഡ് ബഞ്ച് കൺസെപ്റ്റിൽ ഇരിപ്പിട സൗകര്യമൊരുക്കി ചുമരിലും ഇരിപ്പി്ടങ്ങളിലും കട്ടിലിന്റെ ഹെഡ്‌ബോഡിലും ഒരേ ഡിസൈന്‍ പിന്‍തുടര്‍ന്ന് ഭംഗി നിറച്ചിരിക്കുന്നു.

സണ്‍ ബെഡ്‌റൂം

വിന്റേജ് മാതൃകയില്‍ ഉളള വാഹനങ്ങളുടെ ചിത്രങ്ങള്‍ ചേര്‍ത്ത് മകന്റെ മുറിയുടെ ചുമര് ഹൈലൈറ്റ് ചെയ്തു.സീലിങ്ങിലും മിതമായ അലങ്കാരങ്ങള്‍ നൽകി വെണ്‍മക്കും വെളിച്ചത്തിനും മുന്‍ഗണന കൊടുത്തു.

ഗസ്‌ററ് ബെഡ്‌റൂം

ഗ്രേ, വൈറ്റ്, ബ്രൗണ്‍ നിറങ്ങളും വായന സൗകര്യവും ചേര്‍ത്ത് അതിഥികള്‍ക്കുളള കിടപ്പുമുറി ആകര്‍ഷകമാക്കി.ഫര്‍ണിഷിങ്ങില്‍ നിന്നും പകര്‍ത്തിയെഴുതിയ ഡിസൈനാണ് ചുമരിലെ പെയിന്റിങ്ങിന്. ഒപ്പം വാള്‍ പേപ്പറിന്റെ ഭംഗിയും.

വാഷ് ഏരിയ

കണ്ടാല്‍ മാര്‍ബിളെന്നു തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ വിട്രിഫൈഡ് ടൈലാണ് ചുമരില്‍. മിററിനു ചുറ്റിലുംനല്‍കിയിട്ടുളള ലൈറ്റിങ് കൂടുതല്‍ ഭംഗി പകരുന്നു.

ബാല്‍ക്കണി

മണ്ണിന്റെ നിറമാര്‍ന്ന ക്‌ളാഡിങ്,വുഡന്‍ പാനലിങ്,പ്‌ളാന്റര്‍ ബോക്‌സ് അവയിലെ പച്ചപ്പ് എന്നിവയെല്ലാം ചേര്‍ന്ന് ഒരു എര്‍ത്തി ഫീല്‍ പകരുന്നു.പരിസരക്കാഴ്ചകള്‍ ആസ്വദിക്കുവാന്‍ പാകത്തിനുള്ള ഇരിപ്പിട സൗകര്യവും സജ്ജമാക്കിയിരിക്കുന്നു.

കിച്ചന്‍

നിലവിലുണ്ടായിരുന്ന ഭിത്തി കട്ട് ചെയ്ത് വുഡന്‍ ഫ്രയിം പാര്‍ട്ടീഷന്‍ നല്കി കിച്ചനെ ഭംഗിയാക്കി.അധികം വലിപ്പമില്ലങ്കിലും സൗകര്യങ്ങള്‍ക്ക് കുറവേതുമില്ല കിച്ചനില്‍.

കൗകണ്ടര്‍ടോപ്പിനു മുകളിലും താഴെയുമായി സ്റ്റോറേജ് കബോഡുകള്‍ ആധുനീക ലൈറ്റിങ് സംവിധാനം എന്നിവയൊക്കെ ചേര്‍ത്ത് മോഡുലാര്‍ രീതിയില്‍ ഒരുക്കിയിരിക്കുന്ന കിച്ചന്‍.

Project Details:

Client: Dhanya Vinod
Location: Nettoor, Kochi
Area: 1615 sq.ft.

Design:

Prasad Pulikkodan
IdeeStudio, Kochi
Mob: 9895942533

ഷോറൂം ഇന്റീരിയര്‍

ഇന്‍ീരിയര്‍ ഡിസൈനിങ് മേഖലയിലെ മുന്‍നിര സ്ഥാപനങ്ങളില്‍ ഒന്നാണ് കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വുഡ്മാക്‌സ് ഇന്റീരിയേഴ്‌സ്.

ഒരു വീട് വയ്ക്കുമ്പോള്‍ അതിന്റെ ഇന്റീരിയര്‍ ഒരുക്കുവാന്‍ ആവശ്യമായതെല്ലാം ഒരൊറ്റ ഷോപ്പില്‍ നിന്നും ലഭ്യമാകും വിധം ഉപഭോക്താക്കളുടെ മനസറിഞ്ഞ് തെരഞ്ഞെടുപ്പിന്റെ, കാഴ്ച്ചയുടെ മനുഷ്യ മന:ശാസ്ത്രം മനസിലാക്കിയാണ് വുഡ്മാക്‌സ് ഈ ഷോറും ഒരുക്കിയിട്ടുളളത്.

ഫര്‍ണിച്ചര്‍, ഫര്‍ണീഷിങ്, മോഡുലാര്‍ കിച്ചന്‍ എന്നിവയുടെയെല്ലാം വലിയ ശേഖരം തന്നെയുണ്ട്. ലിവിങ്, ഡൈനിങ്, ബെഡ്‌റൂമുകള്‍, കിച്ചന്‍, ഓഫീസ് ഏരിയ എിങ്ങനെ ഓരോ വിഭാഗമായി ഷോറൂമിന്റെ അകത്തളം ചിട്ടപ്പെടുത്തിയിരിക്കുന്നു.

ഓരോ ഏരിയയും ഫോക്കസ് ചെയ്യും വിധമുളള ലൈറ്റിങ്ങും അതിനനുസരിച്ചുളള കളര്‍ടോണുകളും തെരഞ്ഞെടുത്തിരിക്കുന്നു. വുഡ് മാക്‌സിന്റെ മാംഗ്‌ളൂര്‍ ഷോറൂമാണിത്.

Woodmax
Mangalore/Karnataka
& Kanhengad, Kasargod
MOB: 9400348282
info@woodmax.in

കാലം കയറിയിറങ്ങിയ പടവുകള്‍

ഒരു കാലഘട്ടത്തിന്റെ സാംസാക്കാരിക തനിമയുടെ,നിര്‍മ്മാണ വിദ്യയുടെ മികവും തികവും പ്രകടമാക്കികൊണ്ട് ആധുനീകവത്ക്കരണത്തിന്റെ കുത്തൊഴുക്കിലും മുഖമുദ്ര നഷ്ടപ്പെടാതെ കാലത്തെ അതിജീവിച്ചു നില്‍ക്കുന്ന ചില നിര്‍മ്മിതികളില്‍ ഒരു വിഭാഗമാണ് കുളങ്ങള്‍.

തികച്ചും പ്രകൃതി ദത്തമായ നിര്‍മ്മാണ വിദ്യയുടെയും സാമഗ്രികളുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും മികച്ച മാതൃകയാണ്ഈ കുളങ്ങൾ.ഇന്നിന്റെ നിര്‍മ്മാണ സാമഗ്രിയായ സിമന്റിന്റെ കടന്നു വരവിനും എത്രയോ മുന്‍പ് ചെങ്കല്ല്, കരിങ്കല്ല്, ചെളി മുതലായ പ്രാദേശികമായ നിര്‍മ്മാണ വസ്തുക്കള്‍ ഉപയോഗിച്ച് തീര്‍ത്തിട്ടുളള ഈ ജലസംഭരണികളുടെ പടവുകളിലൂടെ കല്‍ക്കെട്ടുകളുടെ ഈ വാസ്തുവിദ്യയെ കാലം കൈപിടിച്ചു നടത്തി നൂറ്റാണ്ടുകള്‍ക്ക് ഇപ്പുറത്തേക്ക്.

കണക്കിൻറെ കണിശത

കുളം കെട്ടിലെ ചെങ്കല്ലിന്റ കണക്കും ശാസ്ത്രീയതയും അറിയുന്നവര്‍ ഇന്ന് വളരെ ചുരുക്കം.ക്ഷേത്രങ്ങളോടും വീടുകളോടും അനുബന്ധിച്ചും പൊതു ജല സംഭരണികള്‍ ആയും ഇത്തരം കുളങ്ങള്‍ ഏറെയുള്ളത് കേരളത്തിന്റെ വടക്കന്‍ ജില്ലകളായ കണ്ണൂര്‍,കാസര്‍ഗോഡ് ഭാഗങ്ങളില്‍ ആണ്.

കൃതൃമായി പറഞ്ഞാല്‍ വടകരക്കടുത്ത് കോരപ്പുഴ മുതല്‍ കാസര്‌ഗോഡ് ചന്ദ്രഗിരിപ്പുഴ വരെയുളള ഭാഗങ്ങളില്‍.അല്പം കൂടി ചരിത്രം തിരഞ്ഞ് പോയാല്‍ കോലത്തു നാട്ടില്‍ കോലത്തിരിയുടെ ഭരണകാലത്താണ് ഇത്തരം കുളങ്ങള്‍ പലതും നിര്‍മ്മിക്കപ്പെട്ടിട്ടുളളത് എന്നു കണാം.

പലതിന്റെയും കാലഗണന അത്ര എളുപ്പമല്ല.മഴ വെളളസംഭണികളുടെ പൂര്‍വ മാതൃക എന്നു കൂടി വിശേഷിപ്പിക്കാവുന്ന ഇവയുടെ നിർമ്മാണം ഒന്നോ രണ്ടോ മാസങ്ങള്‍ കൊണ്ട് തീരുന്നവയല്ല.വര്‍ഷങ്ങള്‍ തന്നെ എടുത്തേക്കാം.

സ്റ്റെപ് വെല്‍

പണ്ടുകാലത്തെ കിണറിൻറെ അതേ നിര്‍മാണ രീതി തന്നെയാണ് സ്റ്റെപ് വെല്‍ (Step Well) എന്നറിയപ്പെടുന്ന ഈ കുളങ്ങള്‍ക്കും ഉള്ളത്. അടിയില്‍ നെല്ലിപ്പലക നിരത്തി അതിനു മുകളിലാണ് നാലുവശവും കെട്ടിക്കയറുക. നാലു വശങ്ങളിലും ഒരേ ഡിസൈന്‍ തന്നെ ആവണം എന്നില്ല.

കല്ലുകളില്‍ പലതിനും പല അളവുകളും വടിവും കോണുകളും കാണാനാവും.ഒറ്റ കല്ലില്‍ വെട്ടിയെടുത്ത കോര്‍ണർ വര്‍ക്കുകളും കാണാം. ഒരു കല്ലിനു മുകളില്‍ മറ്റൊന്നു വച്ച് കെട്ടിപ്പൊക്കുന്ന ഉറപ്പുള്ള നിര്‍മ്മാണ വിദ്യ.മെഷിനറികളുടെ സഹായത്തോടെ അല്ല ഇവയുടെ നിര്‍മ്മാണം എന്നത് ശ്രദ്ധേയമാണ്.നാലു വശങ്ങളില്‍ നിന്നും കുളത്തിലേക്ക് ഇറങ്ങുവാനാകും.

ആറും ഏഴും സെന്റു മുതല്‍ ഏക്കറുകള്‍ വരെ വിസ്തൃതിയുള്ളവയാണ് പല ജലാശയങ്ങളും. പരിസ്ഥതി സംരക്ഷണത്തിന്റെ എക്കാലത്തെയും മികച്ച മാതൃകകളാണ് കാവുകളും കുളങ്ങളും.ഒപ്പം യന്ത്രവല്‍കൃത ലോകത്തിനു മുന്‍പുളള മനക്കണക്കിന്റെയും കൈവേലകളുടെയും കാലത്തെ വാസ്തുവിദ്യയുടെ മികച്ച മാതൃകയും.

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട് :

ആര്‍ക്കിടെക്റ്റ് ശ്യാംകുമാര്‍ കാസര്‍ഗോഡ്
റോബിദാസ് ട്രാവല്‍ ജേര്‍ണലിസ്‌ററ്