
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സൂര്യ ക്ഷേത്രമായിരുന്നു കാർക്കോട രാജവംശകാലത്തു കാശ്മീരിൽ നിർമ്മിക്കപ്പെട്ട മാർത്താണ്ഡ സൂര്യ ക്ഷേത്രം. ഗുപ്ത, ചൈനീസ്, ഗാന്ധാര, ഗ്രീക്ക്, റോമൻ, വാസ്തുവിദ്യകളും ഒപ്പം കശ്മീരി ഘടകങ്ങളും സംയോജിപ്പിച്ച് ഒരു സവിശേഷ വാസ്തുവിദ്യാ ശൈലിയാണ് ക്ഷേത്രത്തിൻറെ നിർമ്മാണം . കാർകോട രാജവംശ ചക്രവർത്തിയായ ലളിതാദിത്യ മുക്തിപാദൻറെ കാലത്താണ്ഈ സൂര്യക്ഷേത്രം നിർമ്മിച്ചത്.
കാർകോട രാജവംശം
7 – ശതകം മുതൽ 9 – ശതകം വരെ ഉത്തര ഇന്ത്യയിൽ ഭരണം നടത്തിയിരുന്ന രാജവംശമാണ് കാർകോട രാജവംശം. ഇന്നത്തെ അഫ്ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും വടക്കൻ പ്രദേശങ്ങൾ വരെ കാർക്കോട സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു . ഇന്നത്തെ ശ്രീനഗറിൽ നിന്നും ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള പരിഹാസപുരം ആയിരുന്നു ആദ്യം കാർകോട സാമ്രാജ്യത്തിന്റെ തലസ്ഥാന പദവി അലങ്കരിച്ചിരുന്നത്. (ജനങ്ങൾ അത്യധികം സന്തോഷവാന്മാർ ആയിരുന്നതിനാലാണ് ഈ നഗരത്തിനു പരിഹാസപുരം എന്ന പേര് വന്നുചേർന്നത് എന്ന് പറയപ്പെടുന്നു).

ചക്രവർത്തിയായ ലളിതാദിത്യ മുക്തിപാദന്റെ കാലത്താണ് കാർക്കോട രാജവംശം ഏറ്റവും ഔന്നത്യം പ്രാപിച്ചത് . ലളിതാദിത്യ മുക്തിപാദൻ കാശ്മീരിലെ ശ്രീനഗറിനെ കാർക്കോട രാജവംശത്തിന്റെ തലസ്ഥാനമാക്കി മാറ്റുകയായിരുന്നു. വളരെ വിസ്മയകരമായ നിർമിതികളാണ്ഇദ്ദേഹം തൻറെ പുതിയ തലസ്ഥാനത്തു നടപ്പിൽ വരുത്തിയത് . അവയിൽ ഏറ്റവും ഗംഭീരമായത് മാർത്താണ്ഡ സൂര്യക്ഷേത്രമാണ്.
വാസ്തു കലാവിസ്മയം
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സൂര്യ ക്ഷേത്രമായിരുന്നു മാർത്താണ്ഡ ക്ഷേത്രം. പ്രധാന ശ്രീകോവിലിന് 60 അടി ഉയരമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ ഹിന്ദു ദേവതകളുടെ മനോഹരവും സങ്കീർണ്ണവുമായ കൊത്തുപണികളും ഇവിടെ നിറയെ ഉണ്ട്. 220 അടി നീളവും 142 അടി വീതിയുമുള്ള 84 ചെറിയ ക്ഷേത്രങ്ങളും, സ്തംഭങ്ങളും നിറഞ്ഞ ഒരു കേന്ദ്ര ക്ഷേത്രവും;മറ്റൊരു ചെറിയ ക്ഷേത്രവും ഉൾക്കൊള്ളുന്ന അതിവിശാലമായ മുറ്റം ഈ ക്ഷേത്രത്തിൻറെ പ്രത്യേകതയാണ്. അങ്ങനെ, ഒരുകാലത്ത് നിറയെ തീർത്ഥാടകരുടെ കാൽപ്പാടുകളും പുരാതനമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും മന്ത്രങ്ങളും പ്രതിധ്വനിച്ചിരുന്ന ഒരു അവിസ്മരണീയ വാസ്തുവിദ്യാ സങ്കേതമായിരുന്നുമാർത്താണ്ഡ സൂര്യ ക്ഷേത്രം.

ഇപ്പോൾ അവശിഷ്ടങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. ഇന്ന് ആ അവശിഷ്ടങ്ങൾ പോലും ചക്രവാളത്തിന് നേരെ അഭിമാനകരമായ ഒരു ഛായചിത്രമായി നിലകൊള്ളുന്നു. കൂടാതെ സന്ദർശകർക്ക് അതിൻറെ ഭൂതകാല മഹത്വത്തിലേക്ക് ഒരു ഉൾക്കാഴ്ചകൂടി നൽകുന്നു . വലിയ തോതിലുള്ള കെട്ടിടവും അതിന്റെ വിപുലമായ അലങ്കാരങ്ങളും അതിന്റെ സ്രഷ്ടാക്കളുടെ കലാപരമായ വൈദഗ്ധ്യത്തെയും ആത്മീയ ഔന്നിത്യത്തെയും സാക്ഷ്യപ്പെടുത്തുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) നിയുക്തമാക്കിയ ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥലമായി മാർത്താണ്ഡ സൂര്യക്ഷേത്രം മാറിയിരിക്കുന്നു. ലോകമെമ്പാടുമുള്ള സന്ദർശകരെ അതിന്റെ കാലാതീതമായ സൗന്ദര്യത്തിലും ചരിത്രപരമായ പ്രാധാന്യത്തിലും അത്ഭുതപ്പെടുത്തി ആകർഷിച്ചുകൊണ്ട് പുരാതന കൊത്തുപണികളുടെയും മറ്റ് കരകൗശല വൈദഗ്ധ്യത്തിൻറെയും ഒപ്പം ആത്മീയ പൈതൃകത്തിനും സാക്ഷ്യമായി ഈ വാസ്തുവിദ്യാ വിസ്മയം നിലകൊള്ളുന്നു.
എട്ടു നൂറ്റാണ്ടുകൾ അതിജീവിച്ച ക്ഷേത്രം
കാർകോട രാജവംശത്തിന് ശേഷം പിൽക്കാലത്തു വന്ന ഓരോ രാജവംശങ്ങളുടെയും പിന്തുണയോടെ മാർത്താണ്ഡ സൂര്യ ക്ഷേത്രം എട്ടു നൂറ്റാണ്ടുകൾ കാശ്മീരിൻറെ തിലകക്കുറിയായി ശോഭിച്ചു . 15 – ശതകത്തിൽ കാശ്മീരിനെ കോളനിവൽക്കരിച്ച സിക്ന്ദർ ബുട്ഷിക്കാൻ എന്ന ആക്രമണകാരി ക്ഷേത്രങ്ങളെല്ലാം തകർത്ത കൂട്ടത്തിൽ മാർത്താണ്ഡ സൂര്യ ക്ഷേത്രവും തകർത്തു. അന്യമതസ്ഥരെ കൊന്നൊടുക്കിയ സിക്ന്ദർ ബുട്ഷിക്കാൻ വിദ്യാപീഠങ്ങളെ നശിപ്പി ക്കുകയും ഗ്രന്ഥങ്ങൾ ചുട്ടെരിക്കുകയും ചെയ്തു . മാർത്താണ്ഡ സൂര്യക്ഷേത്രം തകർക്കാൻ സിക്ന്ദർ ബുട്ഷിക്കാൻറെ സൈനികർക്ക് ഒരു വർഷം പണിപ്പെടേണ്ടി വന്നു എന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്.