പുഴയോരത്തിൻറെ ഗേറ്റ് കടന്ന് പ്ലോട്ടിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം തോന്നുക ഏതോ റിസോർട്ടിന്റെ ലാൻഡ്സ്കേപ്പിൽ പ്രവേശിച്ചത് പോലെയാണ് .എന്നാൽ റിസോർട്ട് അല്ല അതേ അനുഭവം പകരുന്ന ഒരു വീടാണിത്. മണ്ണിന്റെയും ചെങ്കല്ലിന്റെയും കുളിർമയും നിറവും നിറവിന്യാസവും പ്രകടമാകുന്ന, അനുഭവവേദ്യമാകുന്ന അകത്തളം .
സദാ പുഴയെ തഴുകിയെത്തുന്ന ഇളങ്കാറ്റും കിളികളുടെ പാട്ടും മുളയുടെ മർമ്മരവും നിറഞ്ഞ തൊടിയും വീട് എന്ന അനുഭവത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു .അകവും പുറവും ലയിച്ചുചേരുന്ന വീട് . പൂമുഖത്ത് നിന്നുള്ള മഴക്കാഴ്ചയും പുഴക്കാഴ്ചയും വാക്കുകൾക്ക് അപ്പുറമുള്ള അനുഭൂതിയാണ്.
പലതരം മണ്ണുപയോഗിച്ചുള്ള പ്ലാസ്റ്ററിങ്
തറയും ചുമരുമെല്ലാം നൽകുന്ന കാഴ്ചകളിലൂടെ സഞ്ചരിക്കുന്ന കണ്ണുകൾ സീലിങ്ങിലെ വൃത്താകൃതിയിലുള്ള ഡിസൈൻ പാറ്റേണിലേക്ക് തിരിയും. “ചെറിയ മൺകുടങ്ങൾ കമഴ്ത്തി വച്ചാണ് ഈ ഡിസൈൻ പാറ്റേൺ ചെയ്തിരിക്കുന്നത്. അതാണ് ഇത്രക്ക് കൃത്യതയും ഏകത്വവുമെന്ന്” വീടിൻറെ ശില്പി ശ്രീനിവാസൻ പറഞ്ഞു . അകത്തേക്ക് കടന്നാൽ ലിവിങ്, ഡൈനിങ്,സമീപമുള്ള കിച്ചൻ ബെഡ്റൂമുകൾ തുടങ്ങിയ ഇടങ്ങളെല്ലാം ആധുനിക സൗകര്യങ്ങൾ നിറഞ്ഞവതന്നെ. ചുമരുകളിൽ മഞ്ഞ, പിങ്ക്, ഇരുണ്ട പച്ചനിറം എന്നിങ്ങനെ വിവിധ നിറങ്ങളിലുള്ള മണ്ണിൻറെ ചന്തം നിറഞ്ഞവയാകുന്നു.
പല സ്ഥലത്തു നിന്നുമുളള മണ്ണ്ആണ്.എങ്കിലും സ്വാഭാവികമായ നിറവ്യത്യാസം വേർതിരിച്ചറിയാനാവുന്നു. ഡൈനിങ്ങിലേക്കുള്ള ഓവൽ ആകൃതിയിലുള്ള സർവീസ് ഏരിയയും പ്രേത്യേകം ഫുഡ് കൗണ്ടറും മോഡേൺ സ്റ്റൈലിനുപരി സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നു. കിടപ്പുമുറിയിലേക്ക് എത്തുമ്പോൾ ചുമരിലെ കുമ്മായ പ്ലാസ്റ്റിറിങ്ങിൻറെ വെൺമയും ഫിനിഷും അത്ഭുതപ്പെടുത്തുന്നതാണ്. ഇത്രയും സ്മൂത്തായി കുമ്മായ പ്ലാസ്റ്ററിങ് ചെയ്യാൻ പറ്റുമോയെന്ന് തോന്നിപ്പിക്കും .ലൈം അഥവ കുമ്മായ പ്ളാസ്റ്ററിങ്ങിന് ഇന്നും പ്രസക്തി യും ആവശ്യക്കാരും ഉണ്ടെന്നത് ഏറെ സ്വാഗതാർഹമാണ്.
പുറ്റുമണ്ണുകൊണ്ട് ചുമർ
വലിയ ജനാലകളും ഓപ്പണിങ്ങുകളും പുഴക്കാഴ്ചകൾ നിറക്കുന്നു. ലിവിങ് ഡൈനിങ് ഏരിയകൾക്ക് മധ്യേ പാർട്ടീഷനാകുന്ന സ്റ്റെയർകേസ്. ചുമരുകൾക്ക് പുറ്റ്മണ്ണാണ് .പൊതുവെ ഇരുണ്ട നിറമാണ് ഈ മണ്ണിന്. ഇവിടെഅതിനൊരു നേർത്ത പച്ചകലർന്ന ഇരുണ്ട നിറം ലഭിച്ചു. ചുമരിലെ അപൂർവ ചിത്രവും കണ്ണിലുടക്കാതിരിക്കില്ല .
ഈ വീട് പോലെ തന്നെ ഇവിടുത്തെ ചിത്രങ്ങളും one and only യാണ്. ഒന്നുപോലെ വേറൊന്നില്ല .മുകളിൽ നിന്നും പുഴയുടെ കാഴ്ച കൂടുതൽ ആകർഷകവും വിശാലവുമാകുന്നു. പ്രത്യേകിച്ച് മുന്നിലെ ലൈബ്രറിയും ജിം ഏരിയയുമെല്ലാം പുഴക്കാഴ്ചകളാൽ സമൃദ്ധമാണ്.
പ്രകൃതിയോടിണങ്ങി
തൊട്ടടുത്തുള്ള ഗസ്സേബു നൽകുന്ന അനുഭവവും മറ്റൊന്നുമല്ല.കരിങ്കല്ലുകൊണ്ട് സപ്പോർട്ടിങ് വാൾ തീർത്ത് സ്പൈറൽ ആകൃതിയിൽ ചെയ്തിട്ടുള്ള സ്റ്റെയർകെയ്സ് ശ്രദ്ധേയമാണ്. മോഡുലാർ കിച്ചൻ വർക്കിങ് കിച്ചനും സർവെൻറ് ഏരിയയുമെല്ലാം ഈ ഗസേബുവിന്റെ സമീപമാണ്.വിവിധതരം മുളകളുടെ ദല മർമ്മരം കൊണ്ട് മുഖരിതമായ ലാൻഡ്സ്കേപ്പ് .
പുഴയോരം ആയതുകൊണ്ട് തന്നെ മണ്ണൊലിപ്പ് തടയുന്നതിനായി പുഴയോരത്ത് മുളകൾ നട്ടുപിടിപ്പിച്ചു. ഇവയുടെ ശക്തമായ വേരുകൾ തീരസംരക്ഷണം ഉറപ്പുവരുത്തുന്നു. 2018ലെ വെള്ളപ്പൊക്കത്തിന് ഏഴ് അടിയോളം വെള്ളം കയറിയ സ്ഥലമായതിനാൽ മണ്ണിട്ട് ലാൻഡ്സ്കേപ്പും വീടിൻറെ തറയും ഉയർത്തികെട്ടിയാണ് വീട് നിർമ്മിച്ചിരിക്കുന്നത്.
പുതുപുത്തൻ മെറ്റീരിയലുകളുടെ ഈ മത്സരക്കാലത്തും പ്രകൃതിക്കിണങ്ങിയ അല്ലെങ്കിൽ പ്രകൃതിക്ക് ഹാനികരമാകാത്ത വിധത്തിൽ കാർബൺ പുറന്തളളൽ ഏറ്റവും കുറഞ്ഞ മെറ്റീരിയലുകൾ ഉപയോഗിച്ച് തികച്ചും മോഡേണായ ഡിസൈൻ നയത്തിലും സൗകര്യത്തിലും ഗൃഹവാസ്തുകല സാധ്യമാവും എന്നതാണ് ഈ വീടു നൽകുന്ന സന്ദേശം.
മണ്ണ് ഏറ്റവും വലിയ നിർമ്മാണ സാമഗ്രി
മണ്ണ് മനുഷ്യൻറെ മൗലികമായ ഇടവും വിഭവവും ആകുന്നു. മനുഷ്യകുലം പിറവിയെടുക്കുന്നതും ജീവിക്കുന്നതും അവസാനം നമ്മളൊക്കെയും ചെന്നു ചേരുന്നിടവും മണ്ണ് തന്നെയാണ്.
ഏറ്റവും വലിയ നിർമ്മാണ സാമഗ്രിയായ മണ്ണിൻറെ സാധ്യതകൾ പകുതിപോലും നാം ഉപയോഗപ്പെടുത്തിയിട്ടില്ല.
മണ്ണ് ഏതുകാലത്തും മൂല്യനിർണയനത്തിനും അപ്പുറമുളള ഒരു വിഭവം തന്നെ.നമ്മുടെ പരമ്പരാഗത മെറ്റീരിയലുകളെല്ലാം തന്നെ ഊർജ്ജ പ്രസരണം കുറഞ്ഞവയും ആരോഗ്യകരമായ ജീവിതത്തിന് ഉതകുന്നതുമായിരുന്നു.
എന്ന ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു.ഏത് ആധുനിക മെറ്റീരിയലിന് ഒപ്പം തന്നെ നിൽക്കാൻ ശേഷിയും ഗുണവുമുളളതാണ് നിർമ്മാണ സാമഗ്രി തന്നെയാണ് മണ്ണ്
Engineer : P K Srinivasan Vasthukam Organic Architecture Thrissur mob:8606279946
https://www.facebook.com/sreenivasan.pandiathkuttappan
Client : Achu Ullatil Manjali Plot : 75 cent
Total Area : 3824 sq ft
Location : Manjali,Paravur, Kerala
Photos &Video : Pradeep Kumar M, RADOSS , Pattambi
Read Another one click :https://archnest.in/2024/07/an-expats-dream-home/