HomeEditor's Pckപാഴൂർ പടുതോൾ : പടിപ്പുരയില്ലാത്ത മന

പാഴൂർ പടുതോൾ : പടിപ്പുരയില്ലാത്ത മന

തികഞ്ഞ ഗ്രാമപ്രദേശമായ പിറവത്തിനടുത്ത് മൂവാറ്റുപുഴയാറിന്റെ തീരത്താണ് ഈ വാസ്തുകലാ വിസ്മയമുള്ളത്. ഏതാണ്ട് 1500 വർഷമാണ് മനയുടെ പഴക്കം. ഏതൊരു നിർമ്മിതിയിലും അത് എത്ര പഴക്കമുള്ളതായാലും കാലാകാലങ്ങളായുള്ള കൂട്ടിച്ചേർക്കലുകളും നവീകരണങ്ങളും ഒക്കെ ഉണ്ടാവും. ഇവിടെയും അത്തരത്തിൽ ചിലതെല്ലാമുണ്ട്.ഗുപ്തൻ  നമ്പൂതിരിയും കുടുംബവുമാണ് ഇപ്പോൾ മനയിലെ താമസക്കാർ .മനയുടെ ഇന്നു കാണുന്ന  ഘടനയ്ക്ക്  500 വർഷത്തോളം പഴക്കമുണ്ട് എന്നാണ് താമസക്കാർ പറഞ്ഞത്.മറ്റു മനകളിലേതുപോലെ ഇവിടെ പടിപ്പുരയോ, ഗേറ്റോ, ചുറ്റുമതിലോ ഇല്ല എന്നുള്ളത് ശ്രദ്ധേയമാണ്.

വൈദ്യുതിയും സിമന്റും എത്തുന്നതിനുമുമ്പുള്ള കാലത്ത് പൂർണ്ണമായും തടിയിൽ നിർമ്മിച്ചിട്ടുള്ള ഇരുനിലയിലുള്ള  എട്ടുകെട്ട് .അറയും നിരയും നിലവറയും പത്തായവും തുളസിത്തറയും മുല്ലത്തറയും;കുടുംബപരദേവതാ ക്ഷേത്രം,കൊത്തുപണികൾ നിറഞ്ഞ മച്ച്, താമരപ്പൂവ്, ഒരേസമയം ഒരാൾക്ക് മാത്രം കയറിയിറങ്ങാൻ പാകത്തിനുള്ള ഇടുങ്ങിയ മരഗോവണികൾ ,ചുറ്റ് വരാന്ത, ഗൃഹവാസ്തുകലയിലെ തച്ചന്മാരുടെ മികവും തികവും പ്രകടമാക്കുന്ന, പരമ്പരാഗത ജീവിതരീതിയുടെ, പഴമയുടെ നേർക്കാഴ്ചകളാണ് ഓരോന്നും.

ഇന്ന് വൈദ്യുതിയും മെഷിനറിയും ഉപയോഗിച്ച്  നിർമ്മിക്കുന്ന ഫർണിച്ചറിൻറെ  ഡിസൈൻ മികവിനെ വെല്ലുന്നതായിരുന്നു അന്നത്തെ തച്ചന്മാരുടെ കരവിരുത്. അതും പൂർണമായും തടിയിൽ തീർത്ത കടഞ്ഞെടുത്ത കൈവേലകളുടെ വിസ്മയം. ഇൻബിൽറ്റായി നിർമ്മിച്ചിട്ടുള്ള  ചാരുപടിയോടുകൂടിയ നീളൻ ബഞ്ച്.അതിനു പിന്നിൽ, പൂർണമായും മരത്തിൽ നിർമ്മിച്ചിട്ടുള്ള വെന്റിലേഷനുകൾ ആവശ്യാനുസരണം വെളിച്ചക്രമീകരണം നടത്തുവാൻ കഴിയുന്നവയാണ് ഇന്നും അതിൻറെ തനിമ നഷ്ടമായിട്ടില്ല .ഈ ഡിസൈൻ മികവ് വീടിൻറെ പുറമേയുള്ള കാഴ്ചയിലും വിസ്മയം തീർക്കുന്നുണ്ട്.

മരത്തിൻറെ ഇരു പാളി  ജനാലകളിൽ ഓരോന്നിലും കാണുന്നത് ഓരോ തരം ഡിസൈനുകളാകുന്നു . ഇതൊക്കെ കൈയും ഉളിയും കൊട്ടുവടിയും പോലെയുള്ള നാടൻ പണിയായുധങ്ങളുപയോഗിച്ച്  തച്ചന്മാരുടെ പണിത്തികവിൽ വിരിഞ്ഞ കണക്കിന്റെ കണിശതയും കരവിരതുമാകുന്നു.  ഉള്ളിലെ തളത്തിന്റെ ചുമരിലെ അന:ന്തശയനം ഹനുമാൻ തുടങ്ങിയ ദൈവരൂപങ്ങളുടെയും മയിൽ തുടങ്ങിയ പക്ഷികളുടെയും ധാരാളം റിലീഫ് വർക്കുകൾ ഇന്നും പഴമചോരാതെ ചുമരലങ്കരിക്കുന്നുണ്ട്. കലക്കും ക്രാഫ്റ്റിനും അന്നും ഒരു കുറവുമുണ്ടായിരുന്നില്ല. ഫ്ലോറിങ് ടൈലുകളുടെ പൂർവ മാതൃക ഇവിടുത്തെ നിലത്ത് പലയിടങ്ങളിലും കാണുവാനാകും.

കോൺക്രീറ്റിന്റെ കടന്നുവരവിന് ശേഷമുള്ള ചില കൂട്ടിച്ചേർക്കലുകളും. അതിൽ ഒന്നാണ് ഇന്നത്തെ അറ്റാച്ച്ഡ് ബാത്റൂമിന്റെ പൂർവ  മാതൃകയായ ‘ഓവറ’  ഇത് കോൺക്രീറ്റിൽ നിർമ്മിച്ചിരിക്കുന്നു. ഇതിന്റെ ഡ്രെയ്‌നേജ്  സംവിധാനം ഒരു ടവർ പോലെ മനയോടു ചേർന്ന് കാണാം .  അടുക്കളയിൽ നിന്നും വെള്ളംകോരാൻ പാകത്തിന്  പുറത്തേ കിണറിൽ മരത്തിൻറെ തുടിയും കയറും ഇന്നുമുണ്ട്.

സ്ത്രീകൾക്ക് അടുക്കളയുടെ ഭാഗത്തു നിന്നും  പുരുഷന്മാർക്ക് അല്പം മാറിയും  പ്രത്യേകം കുളിപ്പുരയോട് കൂടി പിന്നിലെ പുഴയിലേക്ക് കരിങ്കല്ലുകൊണ്ട് തീർത്തിരിക്കുന്ന പടവുകൾക്ക് ഇന്നും കേടുപാടുകളൊന്നുമില്ല. പുഴയിൽ നിന്നും മനയുടെ പിന്നിലുള്ള കുടുംബ ക്ഷേത്രത്തിലേക്കു പ്രവേശന മാർഗവും ഉണ്ട് .പടിക്കെട്ടുകളുടെ ഏറ്റവും താഴെ നിന്ന് മുകളിലേക്ക് നോക്കുമ്പോഴാണ് മനയിരിക്കുന്നത് എത്ര ഉയരത്തിലാണ് എന്ന് നമുക്ക് മനസ്സിലാവുക. മുന്നിൽ നിന്നും നീണ്ട ഒറ്റയടിപ്പാതയിലൂടെ നിരപ്പായ ഒരു സമതലത്തിലേക്ക് ആണ് ചെന്ന് കയറുന്നത് അതിൻറെ പിൻഭാഗത്തെ  പുഴയിലേക്ക് ഇത്ര  ആഴമുണ്ടെന്ന് മനസ്സിലാവുകയേയില്ല .

ട്രോപ്പിക്കൽ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ കേരളീയ തനത് വാസ്തു കലയുടെ പ്രതിരൂപമായ ഓടുപാകിയ ചരിഞ്ഞ മേൽക്കൂര, ചുറ്റുവരാന്ത അതിലെ  പടിക്കെട്ടുകൾ നൽകിയുള്ള ഒന്നിലധികം പ്രേവേശനമാർഗങ്ങൾ ഇവയൊക്കെ കാലാവസ്ഥയെ എത്ര മാനിച്ചായിരുന്നു അന്നത്തെ കാലത്ത് ഗൃഹനിമ്മാണം നടത്തിയിരുന്നത് എന്ന് വ്യക്തമാക്കുന്നു. ഒരർത്ഥത്തിൽ ഇതല്ലേ  ഇന്നു നാം പറയുന്ന സസ്റ്റൈനബിൾ ആർക്കിടെക്ചർ അഥവാ സുസ്ഥിരവാസ്തു കല.

500 വർഷങ്ങൾക്കിപ്പുറം ഇന്നും കാലത്തെ അതിജീവിച്ച് ഈ വിസ്മയം നിലനിൽക്കുന്നു. ആ പഴമയും പാരമ്പര്യത്തെയും പിന്തുടർന്നുകൊണ്ട് പോകുവാനും കാലാകാലങ്ങളായി ഈ വാസ്തു ശില്പത്തെ സംരക്ഷിക്കുവാനും ആ വീട്ടുകാർ കാണിക്കുന്ന മനസ്സും വലുത് തന്നെയാണ്. പവിത്രം,അഗ്നിസാക്ഷി , പൗരൻ, ഉള്ളം തുടങ്ങിയ സിനിമകൾ ഇവിടെയാണ് ഷൂട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ന് പാഴൂർ ഗൃഹസമുച്ചയം എന്നറിയപ്പെടുന്നത്പാഴൂരും മേൽപ്പാഴൂർ മനയും പടുതോൾ മനയും  ചേർന്നതാണ്. പാഴൂർ ഗ്രഹത്തിന്റെ ശാഖകളാണ് പടുതോളും മേൽപ്പാഴൂരും.ഇതിൽ മേൽപ്പാഴൂർ ഇന്ന്  ചിന്മയമിഷന്റെ ഉടമസ്ഥതയിലാണ്.ശ്രീ ശങ്കരാചാര്യരുടെ മാതൃഗ്രഹം കൂടിയാണ് മേൽപ്പാഴൂർ മന. ശാഖകളാണ് ഇവയൊക്കെയെങ്കിലും ഭരണപരമായ കാര്യങ്ങൾ പ്രേത്യേകമാകുന്നു.

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട് :ആരുണി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular